ഒടുവില്‍ പ്രതിഷേധം പ്രതിപക്ഷ നേതാവിനു നേരെ
ഒടുവില്‍ പ്രതിഷേധം പ്രതിപക്ഷ നേതാവിനു നേരെ
Friday, February 12, 2016 12:29 AM IST
സാബു ജോണ്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആയിരുന്നു പ്രതിപക്ഷം ഈ ദിവസങ്ങളിലൊക്കെ ലക്ഷ്യംവച്ചത്. ഇന്നലെ ഭരണപക്ഷം തിരിച്ചടിച്ചത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെ കടന്നാക്രമിച്ചുകൊണ്ട്.

കെ. മുരളീധരനെതിരായ അച്യുതാനന്ദന്റെ വിമര്‍ശനങ്ങളാണ് വി.എസിനെതിരേ തിരിയാന്‍ ഭരണപക്ഷത്തെ പ്രേരിപ്പിച്ചത്. നാല്‍പതു മിനിറ്റിലേറെ സഭ നിര്‍ത്തിവയ്ക്കുന്നതിനും പിന്നെ പ്രതിപക്ഷം ബഹിഷ്കരിക്കുന്നതിലും വരെയെത്തി ഇതേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍.

ബുധനാഴ്ച നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രസംഗിച്ച കെ. മുരളീധരന്‍ വി.എസിനെ വിമര്‍ശിച്ചതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ പത്രസമ്മേളനത്തിനിടെ മുരളീധരനെ കിങ്ങിണിക്കുട്ടന്‍ എന്നു വിശേഷിപ്പിച്ച വി.എസ്, ഇന്നലെ വാക്കൌട്ട് പ്രസംഗത്തിലും മുരളീധരനെ കൈകാര്യം ചെയ്യാന്‍ തയാറെടുത്താണു വന്നത്.

ടൈറ്റാനിയം അഴിമതി സംബന്ധിച്ച വിഷയത്തിലായിരുന്നു അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയതെങ്കിലും എഴുതി തയാറാക്കി കൊണ്ടുവന്ന പ്രസംഗത്തില്‍ ഏറിയ പങ്കും 'മുരളീധരവധ'മായിരുന്നു. നീട്ടിയും കുറുക്കിയുമുള്ള വി.എസിന്റെ പ്രസംഗം മുന്നേറുന്നതിനിടയില്‍ പ്രതിഷേധവുമായി ആദ്യമെഴുന്നേറ്റത് വി.ഡി. സതീശനായിരുന്നു. വാക്കൌട്ട് പ്രസംഗത്തില്‍ എന്തും പറയാമോ എന്നു ചോദിച്ചായിരുന്നു സതീശന്റെ രോഷപ്രകടനം. പ്രതിപക്ഷ നേതാവിന് പ്രത്യേക അവകാശമൊന്നുമില്ലെന്നും സതീശന്‍ ഓര്‍മിപ്പിച്ചു.

ഇതോടെ ഭരണപക്ഷത്തെ മറ്റ് അംഗങ്ങളും ബഹളവുമായി എഴുന്നേറ്റു. സ്വന്തം മകനു ചേരുന്ന തൊപ്പി മറ്റുള്ളവരുടെ തലയില്‍ വയ്ക്കരുതെന്ന് ഇതിനിടയില്‍ കെ. മുരളീധരനും പറഞ്ഞു. കിങ്ങിണിക്കുട്ടന്‍ പ്രയോഗം ഉദ്ദേശിച്ചായിരുന്നു മുരളിയുടെ പരാമര്‍ശം. താന്‍ പറഞ്ഞതിനു മറുപടി പറയണമെങ്കില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പറയണമെന്നും മുരളീധരന്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലേക്കു കുതിച്ചു. ആകെ ബഹളം.

മുരളീധരനെതിരെ മ്ളേച്ഛമായ ഭാഷ ഉപയോഗിക്കുന്നതു തടയണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സ്പീക്കറോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന് എന്തും പറയാമെന്നു കരുതേണ്ട.- രമേശ് പറഞ്ഞു. കാര്യങ്ങള്‍ കൈവിട്ടു പോകുന്നു എന്നു കണ്ട സ്പീക്കര്‍ എന്‍. ശക്തന്‍ സഭ തത്കാലത്തേക്കു നിര്‍ത്തിവയ്ക്കുന്നതായി അറിയിച്ചു.

നാല്‍പതു മിനിറ്റിനു ശേഷം സഭ വീണ്ടും ചേര്‍ന്നപ്പോഴും ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്കു തയാറായിരുന്നില്ല. ഇരുഭാഗത്തുള്ളവരും കുറേക്കൂടി ആത്മസംയമനം പാലിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഷയത്തില്‍ ഒതുങ്ങി നിന്നു സംസാരിക്കാന്‍ ശ്രമിക്കണം.

വി.എസ് പ്രസംഗം തുടര്‍ന്നപ്പോഴും പഴയപടി തന്നെ. എഴുതി തയാറാക്കിയ പ്രസംഗം അദ്ദേഹം തുടര്‍ന്നും വായിച്ചു. കെ. മുരളീധരന്‍ ഉള്‍പ്പെടെ ഭരണപക്ഷാംഗങ്ങള്‍ വീണ്ടും പ്രതിഷേധവുമായി എഴുന്നേറ്റു. ഒരു സമയത്ത് ' ഇവന്‍ എന്താ പറയുന്നത്' എന്നു വരെ വി.എസ് ചോദിക്കുന്നതു കേട്ടു. ഏതായാലും വി.എസിന്റെ പ്രസംഗം അവസാനിച്ചതോടെ ബഹളവും കെട്ടടങ്ങി.

ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രിയെ ഉന്നംവച്ചായിരുന്നു നോട്ടീസ് അവതരിപ്പിച്ച എളമരം കരീം സംസാരിച്ചത്. മറുപടി പറഞ്ഞ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കേസിന്റെ കാര്യങ്ങളില്‍ വിശദീകരണം ഒതുക്കി. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങളിലേക്കു കടക്കുന്നില്ലെന്നും രമേശ് പറഞ്ഞു.

ഒരിക്കല്‍ വിശദമായി ചര്‍ച്ച ചെയ്ത കേസ് ആണിതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അടിയന്തരപ്രമേയം അനുവദിക്കുകയും ചര്‍ച്ച ദൃശ്യമാധ്യമങ്ങളിലൂടെ തല്‍സമയം സംപ്രേഷണം ചെയ്യുകയും ചെയ്തതാണ്. 2006 ല്‍ പരാതി വന്ന ടൈറ്റാനിയത്തിലെ മലിനീകരണ പ്ളാന്റ് 2010 ല്‍ ശിലാസ്ഥാപനം നടത്തിയത് എളമരം കരീം ആയിരുന്നു എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് കമ്പനിക്കാര്‍ക്കു പൈസ കൊടുത്തതും ആ സര്‍ക്കാര്‍ ആയിരുന്നു. ആരൊക്കെ എവിടെയൊക്കെ പോയി എന്നൊന്നും ഞാന്‍ പറയുന്നില്ല.- ചെറിയൊരു ഭീഷണിയുടെ ശബ്ദത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.


എല്ലാവരും വാക്കൌട്ട് പ്രസംഗം നടത്തി നിയമസഭയില്‍ നിന്നിറങ്ങിപ്പോയ ശേഷം മടങ്ങിയെത്തിയ ഉടന്‍ പ്രതിപക്ഷം സഭ ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചു സ്ഥലം വിട്ടു. അതോടെ സഭയില്‍ ഭരണപക്ഷം മാത്രമായി. എങ്കിലും ഭരണപക്ഷക്കാര്‍ പ്രസംഗിച്ചു. വി.എസിനെ പിടിച്ചായിരുന്നു മിക്കവാറും പ്രസംഗങ്ങള്‍.

മദ്യത്തെയും മദിരാക്ഷിയെയും കൂട്ടുപിടിച്ചു സര്‍ക്കാരിനെ താഴെയിറക്കാന്‍ നടക്കുന്നവരാണു പ്രതിപക്ഷമെന്നു സി.പി. മുഹമ്മദ് പരിഹസിച്ചു. മാര്‍ക്സിസ്റുകാര്‍ പത്തു കോടി മുടക്കി നടത്തുന്ന സ്മാര്‍ത്തവിചാരമാണിപ്പോള്‍ കേരളത്തില്‍ നടക്കുന്നതെന്നും മുഹമ്മദ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ വാക്കൌട്ട് പ്രസംഗങ്ങളെ പൂരപ്പാട്ട് എന്നാണു ജോസഫ് വാഴയ്ക്കന്‍ വിശേഷിപ്പിച്ചത്. കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് എന്നു മറ്റു ചിലര്‍ തിരുത്തു പറഞ്ഞു. വാഴയ്ക്കന്‍ അത് അംഗീകരിച്ചു. പാര്‍ട്ടി വിരുദ്ധന്‍ എന്നു പറഞ്ഞു പുറത്താക്കാന്‍ സ്വന്തം പാര്‍ട്ടിക്കാര്‍ പ്രമേയം പാസാക്കിയ നേതാവാണ് വി.എസ്. എന്നും വാഴയ്ക്കന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് എന്നും രാവിലെ പുലയാട്ടു നടത്തുന്നു എന്നായിരുന്നു കെ. ശിവദാസന്‍ നായര്‍ പറഞ്ഞത്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അഞ്ചു വര്‍ഷം ജനങ്ങള്‍ക്കു പ്രയോജനപ്പെടുന്ന ഏതെങ്കിലുമൊരു പദ്ധതി നടപ്പിലാക്കിയതായി പറയാന്‍ പറ്റുമോ എന്നും ശിവദാസന്‍ നായര്‍ ചോദിച്ചു. കണ്ണൂരില്‍ സിബിഐ കോടതിയുടെ പ്രത്യേക ബഞ്ച് സ്ഥാപിക്കേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷം പറയുന്നതിനു മറുപടി പറയാന്‍ ഇല്ലാത്തതിനാല്‍ പ്രതിപക്ഷം ഒളിച്ചോടുകയാണെന്ന് എന്‍. ഷംസുദ്ദീന്‍ പറഞ്ഞു.

ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ഭരണകാലം കേരളത്തിന്റെ സുവര്‍ണകാലമായി ചരിത്രത്തില്‍ ഇടംപിടിക്കുമെന്നു കെ.എം. മാണി അഭിപ്രായപ്പെട്ടു. അതിനു മുമ്പുള്ള കാലയളവ് ഇരുണ്ട കാലഘട്ടമായും എഴുതപ്പെടും. എല്ലാ വിഷയങ്ങളിലും എ പ്ളസ് വാങ്ങിയ സര്‍ക്കാരും മുഖ്യമന്ത്രിയുമാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ മാണി, യുഡിഎഫ് സര്‍ക്കാര്‍ മടങ്ങി വരുമെന്ന് ഉറപ്പാണെന്നും അഭിപ്രായപ്പെട്ടു.

കെ.എം. മാണിയുടെ ഭരണവൈഭവത്തെയും സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ അദ്ദേഹത്തിന്റെ പങ്കിനെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രത്യേകം അഭിനന്ദിച്ചു. മുഖ്യമന്ത്രിയുടെ എതിര്‍വശത്തുള്ള സീറ്റില്‍ ഇരിക്കാന്‍ ലജ്ജയാണെന്നു പറഞ്ഞ വി.എസ്. അച്യുതാനന്ദനു മുഖ്യമന്ത്രി മറുപടി നല്‍കി. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ എനിക്കു സന്തോഷവും അഭിമാനവുമുണ്ട്. കാരണം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതുകൊണ്ട് ഇനി ആരോടൊപ്പവും പ്രവര്‍ത്തി ക്കാം.

മൂന്നു ദിവസത്തെ നന്ദിപ്രമേയ ചര്‍ച്ച ഇന്നലെ പൂര്‍ത്തിയായി. ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിച്ചത് ആകെ ഏഴു പേര്‍ മാത്രം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടിയും പറഞ്ഞു. ഇന്നു ബജറ്റ് അവതരണം. പ്രതിപക്ഷം എന്തു തന്ത്രവുമായി എത്തും എന്നു കാത്തിരുന്നു കാണണം. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് ദിനം ആവര്‍ത്തിക്കില്ലെന്നു കരുതാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.