യുഡിഎഫ് ഭരണകാലം സുവര്‍ണകാലഘട്ടം: കെ.എം. മാണി
യുഡിഎഫ് ഭരണകാലം സുവര്‍ണകാലഘട്ടം: കെ.എം. മാണി
Friday, February 12, 2016 11:45 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലം സുവര്‍ണകാലഘട്ടമാണെന്നു മുന്‍ ധനമന്ത്രി കെ.എം.മാണി. നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനു നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് ഭരണകാലം കേരളത്തിന്റെ ചരിത്രത്തിലെ ഇരുണ്ട കാലഘട്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വികസനരംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ച യുഡിഎഫ് സര്‍ക്കാരിന്റെ തിരിച്ചുവരവ് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കേസില്‍ നടന്ന ഗൂഢാലോചനയുടെ ശബ്ദരേഖ ഞെട്ടിക്കുന്നതായിരുന്നു. പൂട്ടിയ ബാറുകള്‍ തുറക്കാമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പുനല്‍കിയതു വ്യക്തമാക്കുന്ന ശബ്ദരേഖയാണ് ഈയിടെ പുറത്തുവന്നത്. മദ്യമുതലാളിമാരുമായി ഗൂഢാലോചന നടത്തുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. പ്രതിപക്ഷത്തിന്റെ ചുമതല നിര്‍വഹിക്കുന്നതിന് അവര്‍ക്കു സാധിക്കുന്നില്ല.

സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ബാറുകള്‍ അടച്ചപ്പോള്‍ ഖജനാവിന് 1000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. എന്നാല്‍, മദ്യം മൂലം തകര്‍ന്ന കുടുംബങ്ങളെ മാത്രമാണ് ഓര്‍മിച്ചത്. അതിനാലാണ് ബാറുകള്‍ തുറക്കേണ്ടതില്ലെന്നു തീരുമാനിച്ചത്. എല്‍ഡിഎഫ് ഭരണത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കും. എല്‍ഡിഎഫിനെ അധികാരത്തില്‍ എത്തിക്കുന്നതിന് കേരളത്തിലെ ജനങ്ങള്‍ ഇനി മുതിരില്ലെന്നും കെ.എം.മാണി പറഞ്ഞു.

സിപിഎം കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്നുവെന്നതിന് തെളിവാണ് ഷുക്കൂര്‍ വധം. ഷുക്കൂറിനെ വീട്ടില്‍നിന്നു വിളിച്ചിറക്കി വയലില്‍ കൊണ്ടുപോയി കുത്തിക്കൊല്ലുകയായിരുന്നു. കാരായി സഹോദരന്മാരെ സിപിഎം പൂവിട്ടു പൂജിക്കുകയാണെന്നും കെ.എം. മാണി പറഞ്ഞു.

146 ശതമാനം വരുമാന വര്‍ധന നേടുന്നതിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ യുഡിഎഫ് സര്‍ക്കാരിന് സാധിച്ചു. സര്‍ക്കാരിന്റെ മെഗാ പദ്ധതികള്‍ മുതല്‍ റോഡ് നിര്‍മാണം വരെയുള്ള പദ്ധതികള്‍ക്ക് പണം നല്‍കാന്‍ സാധിച്ചു. രാജിവച്ച ധനമന്ത്രി എന്ന നിലയില്‍ അഭിമാനമുണ്ട്. ട്രഷറി ഇപ്പോള്‍ പൂട്ടും, ഇപ്പോള്‍ പൂട്ടും എന്നു പ്രതിപക്ഷം ആവര്‍ത്തിച്ചെങ്കിലും ആ അവസ്ഥയിലേക്കു പോയില്ല. ലേകത്തിലെതന്നെ ഏറ്റവും വലിയ കാരുണ്യ പദ്ധതിയായ കാരുണ്യ പദ്ധതിയിലൂടെ 1200 കോടി രൂപ കേരളത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കാനായെന്നും കെ.എം. മാണി പറഞ്ഞു.

എല്ലാ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ സര്‍ക്കാരാണ് യുഡിഎഫ് സര്‍ക്കാരെന്നും കെ.എം. മാണി പറഞ്ഞു. ഇത്തരത്തില്‍ ഒരു സര്‍ക്കാര്‍ ഇന്ത്യയില്‍ ആദ്യമാണ്. വികസന പദ്ധതികളില്‍ സര്‍ക്കാര്‍ നേട്ടംകൈവരിച്ചു.

ലോട്ടറി വരുമാനം 6000 കോടി രൂപയായി വര്‍ധിപ്പിച്ചു. ലോട്ടറിവരുമാനം തട്ടിയെടുത്തിരുന്ന സാന്റിയാഗോ മാര്‍ട്ടിനെതിരേ യുഡിഎഫ് സര്‍ക്കാര്‍ കേസെടുത്തു. ഭൂട്ടാന്‍, സിക്കിം ലോട്ടറികള്‍ നിരോധിച്ചു. കര്‍ഷകത്തൊഴിലാളി പെന്‍ഷന്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടമാണെന്നും കെ.എം. മാണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.