പുതിയ വൃക്കയും പുതുജീവിതവുമായി എത്യോപ്യന്‍ യുവാവ് മടങ്ങി
പുതിയ വൃക്കയും പുതുജീവിതവുമായി  എത്യോപ്യന്‍ യുവാവ് മടങ്ങി
Saturday, February 13, 2016 12:49 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: സ്നേഹത്തോടും സന്തോഷത്തോടും കൂടി കൈകളടിച്ചവര്‍ക്കു നടുവില്‍നിന്നു മധുരം പങ്കുവയ്ക്കുമ്പോള്‍ തായേ മാമോ ഡിസാസ (34)യുടെ കണ്ണുകള്‍ ഈറനണിഞ്ഞു. പുതിയ ജീവിതത്തിലേക്കു തന്നെ കൈപിടിച്ചു കയറ്റിയവരോടുള്ള കടപ്പാടിന്റെയും സ്നേഹത്തിന്റെയും ആനന്ദക്കണ്ണീരായിരുന്നു അത്.

എറണാകുളം ലിസി ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായ ഡിസാസയെ ജന്മനാട്ടിലേക്കു യാത്രയാക്കാന്‍ ആശുപത്രി ആധികൃതരും ഡോക്ടര്‍മാരുമെല്ലാം ഇന്നലെ ഒത്തുകൂടി. ഒമ്പതു മാസത്തോളം ആശുപത്രിയില്‍ താമസിച്ച്, പുതിയ വൃക്ക സ്വീകരിച്ച് ആരോഗ്യവാനായി നാട്ടിലേക്കു മടങ്ങുന്ന തായേയ്ക്ക് സ്നേഹനിര്‍ഭരമായ യാത്രയയപ്പാണ് ആശുപത്രി അധികൃതര്‍ നല്‍കിയത്. സഹോദരന്‍ ഗെറ്റാച്ചോയാണ് ഡിസാസയ്ക്കു വൃക്ക നല്‍കിയത്.

എത്യോപ്യയിലെ വൊല്ലേഗ പ്രവിശ്യയില്‍ കമ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്യുകയായിരുന്നു തായേ മാമോ. രോഗലക്ഷണം കണ്ടതിനെത്തുടര്‍ന്നു നട ത്തിയ വിദഗ്ധ പരിശോധനയിലാണു വൃക്കകള്‍ രണ്ടും പ്രവര്‍ത്തനക്ഷമമല്ലെന്നു കണ്െടത്തിയത്. വിദേശത്തു പോയി വൃക്ക മാറ്റിവയ്ക്കുക മാത്രമാണ് പോംവഴി എന്ന് അവിടത്തെ മെഡിക്കല്‍ ബോര്‍ഡ് വിധിച്ചതു ഞെട്ടലോടെയാണ് ഡിസാസ കേട്ടത്. തുടര്‍ന്നാണു സ്ഥലത്തെ ബിഷപ് വഴി ലിസി ആശുപത്രി ഡയറക്ടര്‍ ഫാ.തോമസ് വൈക്കത്തുപറമ്പിലിനെ ബന്ധപ്പെട്ടത്. നിറഞ്ഞ മനസോടെ ഡിസാസ യെയും വൃക്കദാതാവായ സഹോദരന്‍ ഗെറ്റാച്ചോയെയും ഡയറക്ടര്‍ സ്വാഗതംചെയ്തു. 2015 ഏപ്രില്‍ 27ന് ഇരുവരെയും ലിസിയില്‍ പ്രവേശിപ്പിച്ചു.

രണ്ടു മാസത്തെ കാലാവധി മാത്രമാണ് ഇരുവരുടെയും വീസയ്ക്കുണ്ടായിരുന്നത്. വീസ കാലാവധി നീട്ടാന്‍ ആശുപത്രി അധികൃതരും സഹായിച്ചു. രണ്ട് എത്യോപ്യക്കാരെ നിയമാനുസൃതമായ രീതിയില്‍ വൃക്കദാതാവും സ്വീകര്‍ത്താവുമാക്കി മാറ്റാനുള്ള നിയമതടസങ്ങളും ഏറെയുണ്ടായിരുന്നു. എത്യോപ്യയില്‍നിന്നുള്ള നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, സഹോദരരാണെന്നു തെളിയിക്കുന്ന ബ്ളഡ് റിലേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയൊക്കെ ശരിയാക്കുന്നതു ശ്രമകരമായിരുന്നു. ഒടുവില്‍ ഒക്ടോബര്‍ 26ന് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി. കൃത്യമായ തുടര്‍പരിശോധനകള്‍ വേണമെന്നതിനാലും പല മരുന്നുകളും എത്യോപ്യയില്‍ ലഭ്യമല്ല എന്നതിനാലും മടക്കയാത്ര നീണ്ടു.


കരുണയുടെ വര്‍ഷാചരണത്തിന്റെയും ലിസി ആശുപത്രിയുടെ വജ്രജൂബിലി ആഘോഷത്തിന്റെയും പശ്ചാത്തലത്തില്‍ രണ്ടു പേരുടെയും ശസ്ത്രക്രിയയും തുടര്‍ ചികിത്സകളും താമസവും ഭക്ഷണവുമെല്ലാം സൌജന്യമായാണ് ആശുപത്രി നടത്തിയതെന്നു ഡയറക്ടര്‍ ഫാ.തോമസ് വൈക്കത്തുപറമ്പില്‍ പറഞ്ഞു. മൂന്നു മാസത്തെ തുടര്‍പരിശോധനകളെല്ലാം തൃപ്തികരമാണെന്നും ഡിസാസ പൂര്‍ണ ആരോഗ്യത്തോടെയാണ് മടങ്ങുന്നതെന്നും ചികിത്സയ്ക്കു നേതൃത്വം നല്‍കിയ മെഡിക്കല്‍ സൂപ്രണ്ടും നെഫ്രോളജി വിഭാഗം മേധാവിയുമായ ഡോ. ബാബു ഫ്രാന്‍സിസ് പറഞ്ഞു. നെഫ്രോളജിസ്റ് ഡോ.ജോസ് പി. പോള്‍, യൂറോളജി വിഭാഗം മേധാവി ഡോ. ദാമോദരന്‍ നമ്പ്യാര്‍, യൂറോളജിസ്റുമാരായ ഡോ.വിജു ജോര്‍ജ്, ഡോ. രോഹന്‍ രാജേന്ദ്രന്‍, ഡോ. തരുണ്‍ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണു ചികിത്സയ്ക്കു നേതൃത്വം നല്‍കിയത്.

ഭാര്യയുടെയും രണ്ടു വയസുള്ള കുഞ്ഞിന്റെയും സ്നേഹവായ്പിലേക്കു മടങ്ങാന്‍ കൊതിക്കുമ്പോഴും ലിസി ആശുപത്രിക്കും ഇവിടെയുള്ള ഓരോരുത്തര്‍ക്കും വേണ്ടി താന്‍ എന്നും പ്രാര്‍ഥിക്കുമെന്നും ഡിസാസ പറഞ്ഞു. കേ ക്ക് മുറിച്ച് എല്ലാവര്‍ക്കും പങ്കുവയ്ക്കാനും എത്യോപ്യന്‍ സഹോദരങ്ങള്‍ മറന്നില്ല.

ഡോ.ദാമോദരന്‍ നമ്പ്യാര്‍, അസിസ്റന്റ് ഡയറക്ടര്‍ ഫാ. വര്‍ഗീസ് പാലാട്ടി, മെഡിക്കല്‍ സോ ഷ്യല്‍ വര്‍ക്ക് വിഭാഗം കോ-ഓര്‍ഡിനേറ്റര്‍ ഡോ കെ.എം. ജേക്കബ് എന്നിവര്‍ യാത്രയയപ്പു ചട ങ്ങില്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.