ജനപ്രിയ ബജറ്റ്: സുധീരന്‍
ജനപ്രിയ ബജറ്റ്: സുധീരന്‍
Saturday, February 13, 2016 12:59 AM IST
തിരുവനന്തപുരം: വികസനോന്മുഖവും ക്ഷേമപരിപാടികള്‍ക്ക് പ്രാമുഖ്യം നല്‍കിക്കൊണ്ടുള്ളതുമായ ജനപ്രിയ ബജറ്റാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ചതെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. ജനങ്ങള്‍ക്കുമേല്‍ ഭാരം അടിച്ചേല്‍പ്പിക്കാത്ത തികച്ചും ആശ്വാസകരമായ ഈ ബജറ്റ് എല്ലാ വിഭാഗം ജനങ്ങളും സ്വാഗതം ചെയ്യുമെന്നുറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.

അടിസ്ഥാനമേഖലയില്‍ കൂടുതല്‍ വികസനപദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ടും കാര്‍ഷികമേഖലയ്ക്കു പ്രത്യേകം ഊന്നല്‍ നല്‍കിക്കൊണ്ടും സമ്പദ്വ്യവസ്ഥയ്ക്ക് ആക്കം കൂട്ടാനുള്ള ദിശാബോധത്തോടെയുള്ള ശ്രമം ബജറ്റില്‍ കാണാം. ആരോഗ്യ- ഗ്രാമീണമേഖലയ്ക്കു പ്രാധാന്യം നല്‍കിയത് ആ മേഖലകള്‍ക്കു പുത്തനുണര്‍വ് പകരും.

പാവപ്പെട്ടവര്‍ക്ക് സൌജന്യമായി അരി നല്‍കുമെന്ന പ്രഖ്യാപനം വിപ്ളവകരമാണ്. പാവപ്പെട്ടവരുടെ പെന്‍ഷന്‍ തുക വര്‍ധിപ്പിച്ചത് അവര്‍ക്ക് അങ്ങേയറ്റം സഹായകമാകും. കാര്‍ഷികാദായ നികുതി ഒഴിവാക്കിയത് കര്‍ഷകലക്ഷങ്ങള്‍ക്ക് പ്രയോജനപ്പെടും. ഏലം കര്‍ഷകര്‍ക്ക് നികുതിയില്‍ വരുത്തിയ ഇളവും റബ്ബര്‍ വിലസ്ഥിരതാ ഫണ്ടിലേക്ക് 500 കോടി രൂപ നീക്കിവച്ചതും വിലത്തകര്‍ച്ച മൂലം പ്രതിസന്ധിയിലായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതാണ്. വിഷരഹിത പച്ചക്കറിക്കൃഷിക്കും തുക നീക്കി വച്ചിരിക്കുന്നു. നദീതട അതോറിറ്റി രൂപീകരിക്കാനുള്ള തീരുമാനവും ഉചിതമായി. ജീവന്‍രക്ഷാ മരുന്നുകളുടെ നികുതിയിളവ്, കേന്ദ്രനിലപാട് മൂലം വിലവര്‍ധനവുണ്ടാകുന്ന സാഹചര്യത്തില്‍ ആശ്വാസം പകരും.


പെട്രോള്‍-ഡീസല്‍ സെസില്‍ നിന്ന് ലഭിക്കുന്ന 50 ശതമാനം തുകയുപയോഗിച്ച് ലക്ഷം വീട് പദ്ധതിയിലെ വീടുകള്‍ പുനരുദ്ധരിക്കാനും അഞ്ചുവര്‍ഷത്തിലേറെയായി ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടു കഴിയുന്നവര്‍ക്ക് കൂടി വിധവാ പെന്‍ഷന്‍ നല്‍കാനുമുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്. വീടുകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍, കിടപ്പിലായവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, തീവ്രമാനസിക രോഗികള്‍ എന്നിവര്‍ക്ക് മരുന്ന്, ഭക്ഷണം, പരിചരണം എന്നിവ ലഭ്യമാക്കുന്നതിനുള്ള “കനിവ്’ എന്ന പദ്ധതി അവര്‍ക്ക് ആശ്വാസമരുളും. ഭരണത്തുടര്‍ച്ച ഉള്ളില്‍ കണ്ടുകൊണ്ട് പല ദീര്‍ഘകാല പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് സ്വാഗതാര്‍ഹമാണെന്ന് സുധീരന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.