ബജറ്റ് ബഹിഷ്കരിച്ചു പ്രതിപക്ഷം
ബജറ്റ് ബഹിഷ്കരിച്ചു പ്രതിപക്ഷം
Saturday, February 13, 2016 12:35 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് പ്രതിപക്ഷം ബഹിഷ്കരിച്ചു. ബജറ്റ് വിവരങ്ങള്‍ ചോര്‍ന്നുവെന്നാരോപിച്ചും അഴിമതി മന്ത്രിസഭ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിപക്ഷം ബജറ്റ് അവതരണം ബഹിഷ്കരിച്ചത്.

ഇന്നലെ രാവിലെ എട്ടരയോടെതന്നെ പ്രതിപക്ഷാംഗങ്ങള്‍ നിയമസഭയില്‍ എത്തിത്തുടങ്ങിയിരുന്നു. സോളാര്‍ അഴിമതി- മുഖ്യമന്ത്രി രാജിവയ്ക്കുക, കോഴ വാങ്ങിയ മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കുക, കോഴ വാങ്ങിയ മന്ത്രി ബാബുവിനെ പുറത്താക്കുക തുടങ്ങിയ പ്ളക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം എത്തിയത്. രാവിലെ 8.54ന് നിയമസഭയില്‍ ആദ്യബെല്‍ മുഴങ്ങിയപ്പോള്‍ത്തന്നെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.

ബജറ്റ് അവതരിപ്പിക്കാനായി ഒന്‍പതു മണിയോടെ സ്പീക്കര്‍ എന്‍. ശക്തന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചപ്പോഴേക്കും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങള്‍ സീറ്റില്‍നിന്ന് എഴുന്നേറ്റുനിന്ന് മുദ്രാവാക്യം വിളിച്ചു. കെ.ബി. ഗണേഷ്കുമാറും പ്രതിപക്ഷത്തോടൊപ്പം മുന്‍നിരയില്‍ നിലകൊണ്ടു. മുഖ്യമന്ത്രി ബജറ്റ് വായന ആരംഭിച്ച് 10 മിനിറ്റ് കഴിഞ്ഞപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ സീറ്റില്‍നിന്നു മുന്‍നിരയിലേക്കു നീങ്ങി.


തുടര്‍ന്ന് 9.15 ഓടെ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലേക്ക് ഇറങ്ങി. മുന്‍നിരയിലിരുന്ന മന്ത്രിമാര്‍ക്കു ബജറ്റിന്റെ പുറത്തുവന്നതെന്നു പ്രതിപക്ഷം ആരോപിച്ച പേജിന്റെ കോപ്പി പ്രതിപക്ഷ എംഎല്‍എ വി.ശിവന്‍കുട്ടി വിതരണം ചെയ്തു.

വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തില്‍ മുദ്രാവാക്യം വിളിച്ചുകൊണ്ട് 9.20-ഓടെ പ്രതിപക്ഷം ബജറ്റ് ബഹിഷ്കരിച്ച് സ്പീക്കര്‍ക്ക് അഭിമുഖമായുള്ള കവാടത്തിലൂടെ സഭയില്‍ നിന്നിറങ്ങിപ്പോയി. നിയമസഭയുടെ പ്രധാന കവാടത്തിലൂടെ നിയമസഭയുടെ ഗേറ്റിനു പുറത്തെത്തിയ പ്രതിപക്ഷാംഗങ്ങള്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ചോര്‍ന്ന ബജറ്റാണു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ അവതരിപ്പിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. 1.90 ലക്ഷം കോടി രൂപയുടെ അഴിമതിയാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. എല്ലാ മന്ത്രിമാരും അഴിമതിക്കാരാണ്. ബാര്‍കോഴ അഴിമതി, സോളര്‍ അഴിമതി, ടൈറ്റാനിയം അഴിമതി, പാറ്റൂര്‍ അഴിമതി തുടങ്ങി അഴിമതികളുടെ ഒരു പരമ്പര തന്നെ ഈ സര്‍ക്കാരിനുണ്ട്. കോഴകളുടെ അയ്യരുകളിയാണെന്നും വി.എസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.