നികുതി വരുമാനം കുറഞ്ഞത് സാമൂഹ്യ പ്രതിബദ്ധതയുള്ള തീരുമാനങ്ങള്‍ എടുത്തതു കൊണ്ട്: മുഖ്യമന്ത്രി
നികുതി വരുമാനം കുറഞ്ഞത് സാമൂഹ്യ പ്രതിബദ്ധതയുള്ള തീരുമാനങ്ങള്‍ എടുത്തതു കൊണ്ട്: മുഖ്യമന്ത്രി
Saturday, February 13, 2016 12:38 AM IST
തിരുവനന്തപുരം: മദ്യലഭ്യത കുറയ്ക്കുന്നതു പോലെയുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള തീരുമാനങ്ങള്‍ എടുത്തതു കൊണ്ടാണ് സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ കുറവുണ്ടായതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ബജറ്റിനെ സംബന്ധിച്ച് പ്രതിപക്ഷമുയര്‍ത്തിയ ആരോപണങ്ങള്‍ക്കു പത്രസമ്മേളനത്തില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം.

റബറിന്റെ വിലയിടിവും ഏലത്തിന് ഏര്‍പ്പെടുത്തിയിരുന്ന നികുതി ഒഴിവാക്കിയതുമെല്ലാം നികുതി വരുമാനം കുറയാനിടവരുത്തിയിട്ടുണ്ട്. നികുതി വരുമാനം കുറഞ്ഞു എന്നു വിമര്‍ശനം ഉന്നയിക്കുന്നവര്‍ അതിന്റെ സാഹചര്യം കൂടി മനസിലാക്കേണ്ടതുണ്ട്. വരുമാനം കുറഞ്ഞാലും കര്‍ഷകരെ സംരക്ഷിക്കുക, സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിക്കുക തുടങ്ങിയ നിലപാടുകളാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ കെ.എം. മാണി അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ച മാത്രമാണ് ഈ വര്‍ഷത്തെ ബജറ്റെ ന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ സാമ്പത്തികനില തികച്ചും തൃപ്തികരമാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം 6.59 ലക്ഷം കോടി രൂപയാണ്. ഇതിന്റെ 31.34 ശതമാനം വരെ വായ്പ എടുക്കാം. എന്നാല്‍, സംസ്ഥാനം ഇതുവരെ 26.54 ശതമാനം മാത്രമേ വായ്പ എടുത്തിട്ടുള്ളു. പണമില്ലാത്തതിന്റെ പേരില്‍ വന്‍കിട വികസന പദ്ധതികള്‍ ഒരു ദിവസം പോലും നീണ്ടുപോയിട്ടില്ല. ജീവനക്കാര്‍ ശമ്പളം നല്‍കുന്നതുപോലെ കൃത്യമായി സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഗുണഭോക്താക്കള്‍ക്കു ലഭ്യമാക്കുക എന്ന വലിയ വെല്ലുവിളി ഇത്തവണ സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ്.


ബിപിഎല്‍ വിഭാഗക്കാര്‍ക്ക് സൌജന്യമായി അരി വിതരണം ചെയ്യുന്നതിന് ഒരു രൂപയ്ക്ക് അരി നല്‍കുന്നതിനു ചെലവാകുന്നതിനേക്കാള്‍ 52 കോടി രൂപ അധികമായി വേണ്ടിവരും.

സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം ഇരട്ടിയിലധികമായി വര്‍ധിച്ചു. പാലിന്റെ കാര്യവും വ്യത്യസ്തമല്ല. ഇങ്ങനെ പോയാല്‍ രണ്ടു വര്‍ഷംകൊണ്ട് പച്ചക്കറിയുടെ കാര്യത്തിലും ഒരു വര്‍ഷം കൊണ്ട് പാലിന്റെ കാര്യത്തിലും കേരളത്തിനും സ്വയംപര്യാപ്തത നേടാനാകും. തൊഴിലുറപ്പു പദ്ധതിയില്‍ ജോലി നല്‍കുന്നതില്‍ കേരളം മുന്നിലാണെങ്കിലും ആസ്തിവികസനത്തിന്റെ കാര്യത്തില്‍ പിന്നിലാണ്.

പുതിയ നികുതി സമ്പ്രദായം വരുന്നതോടെ വരുമാനം വളരെയധികം വര്‍ധിക്കും. ഇതുകൂടി കണക്കിലെടുത്താണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. മുന്‍ ധനമന്ത്രി തോമസ് ഐസക് ഇതുമായി ബന്ധപ്പെടുത്തി ഉന്നയിച്ച വിമര്‍ശനങ്ങള്‍, കാര്യങ്ങള്‍ അറിഞ്ഞുകൊണ്ട് അറിയില്ല എന്നു നടിക്കുന്നതു പോലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.