മുഖപ്രസംഗം: കാവ്യനിലാവ് അസ്തമിച്ചു
Sunday, February 14, 2016 12:01 AM IST
ചങ്ങമ്പുഴയ്ക്കുശേഷം മലയാളംകണ്ട ഏറ്റവും വലിയ ജനകീയ കാവ്യതേജസായ ഒഎന്‍വി കുറുപ്പ് താന്‍ സൃഷ്ടിച്ച സചേതന വാങ്മയങ്ങളില്‍ മാത്രമായി ഇനി ജീവിക്കും. മലയാളത്തിന്റെയും ഭാരതത്തിന്റെയും കവി എന്നതില്‍നിന്നു വിശ്വത്തിന്റെ കവി എന്നു വിശേഷിപ്പിക്കാവുന്ന മാനത്തിലേക്കു വളര്‍ന്ന ആ കാവ്യപ്രജ്ഞ അന്ത്യശ്വാസത്തോളം സര്‍ഗക്രിയാനിരതവും ദീപ്തവുമായിരുന്നു. കരിന്തിരി കത്താതെ, അല്ല, പ്രഭയ്ക്കൊരല്പം മങ്ങല്‍പോലുമേല്‍ക്കാതെ, കാലം ഊതിക്കെടുത്തിയ ആ പ്രതിഭാദീപം മലയാളത്തിനു നല്‍കിക്കഴിഞ്ഞ കാവ്യഹര്‍ഷം ഈ തലമുറയിലോ വരുംതലമുറയിലോ വറ്റിത്തീരാനുള്ളതല്ല. പാടുവാന്‍ വന്ന്, പാടിക്കൊണ്േട കടന്നുപോയ ആ മനുഷ്യസ്നേഹഗായകന്‍ ഭാരതത്തിനു ടാഗോറിനുശേഷം ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ്.

അനന്യസുന്ദരമായ കാവ്യങ്ങളിലൂടെയും അവിസ്മരണീയങ്ങളായ ഗാനങ്ങളിലൂടെയും സാധാരണക്കാരിലേക്കുപോലും എത്തുകയും അവരുടെ സ്നേഹാദരങ്ങള്‍ ആര്‍ജിക്കുകയും ചെയ്ത കവിയാണ് ഒഎന്‍വി. സാധാരണക്കാരില്‍നിന്ന് അകന്നുനില്‍ക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ കവിത. കവിയും അതുപോലെതന്നെ. മനുഷ്യസ്നേഹവും പ്രകൃതിസ്നേഹവും അദ്ദേഹത്തിന്റെ കവിതകളില്‍ മാത്രമല്ല ജീവിതത്തിലും നിറഞ്ഞുനിന്നു. ജ്ഞാനപീഠം നേടിയ ആ കവി പക്ഷേ സാധാരണക്കാര്‍ക്കിടയില്‍ സാധാരണ പീഠമിട്ടാണ് ഇരുന്നത്. ഒഎന്‍വിയുടെ ഒരുവരി കവിതയെങ്കിലും ചുണ്ടിലും ഹൃദയത്തിലും ഇല്ലാത്ത മലയാളികള്‍ വിരളമായിരിക്കും. അദ്ദേഹത്തിന്റെ പാട്ടുകള്‍ പതിയാത്ത കാതുകളോ ഹൃദയങ്ങളോ കേരളത്തില്‍ ഉണ്ടാവാനിടയില്ല. ആധുനിക മനുഷ്യന്റെ ജീവിതത്തെക്കുറിച്ചു മാത്രമല്ല, പ്രകൃതിയെക്കുറിച്ചും ഏറെ ഉത്കണ്ഠാകുലനായിരുന്നു ഒഎന്‍വി. ഭൂമിക്കൊരു ചരമഗീതം എന്ന അദ്ദേഹത്തിന്റെ കവിതാ സമാഹാരം മണ്ണിനോടും പ്രകൃതിയോടും മനുഷ്യന്‍ കാട്ടുന്ന ക്രൂരതയിലേക്കും അവന്‍ നടന്നുചെല്ലുന്ന അഗ്നിദിനങ്ങളിലേക്കും ശ്രദ്ധ ക്ഷണിക്കുകയും അതില്‍ തനിക്കുള്ള ധാര്‍മികരോഷവും ദുഃഖവും പ്രകടമാക്കുകയും ചെയ്യുന്നു.

പതിനഞ്ചാം വയസില്‍ ആദ്യ കവിത പ്രസിദ്ധികരിച്ച ഒഎന്‍വി യുടെ ആദ്യ കവിതാ സമാഹാരം പുറത്തുവന്നത് 1949 ലാണ്. അതിനുശേഷം അദ്ദേത്തിന്റെ തൂലിക എന്നെങ്കിലം വിശ്രമിച്ചിട്ടുണ്ടാവില്ല. കോളജ് അധ്യാപകന്‍ എന്നനിലയിലും അദ്ദേഹം അസാധാരണമായി ശോഭിച്ചു. തിരുവനന്തപുരം വിമന്‍സ് കോളജില്‍ മലയാളം വകുപ്പ് അധ്യക്ഷനായിരിക്കേ 1986ലാണു സര്‍വീസില്‍നിന്നു വിരമിക്കുന്നത്.

വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഇടതുപക്ഷ പ്രസ്ഥാനങ്ങളോടും ആശയങ്ങളോടും ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഒഎന്‍വിയുടെ ആദ്യ കാല കവിതകളും നാടകഗാനങ്ങളും പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വേദനകളിലുള്ള പങ്കുചേരലായി രുന്നു. വിപ്ളവത്തിന്റെ മാര്‍ഗത്തില്‍നിന്ന് അദ്ദേഹത്തിലെ കവി പിന്നീടു മാറി. തച്ചുടയ്ക്കലിന്‍ തത്ത്വശാസ്ത്രങ്ങള്‍ക്കപ്രാപ്യമായൊരു കൊച്ചു സ്വപ്നത്തിന്‍ പച്ചത്തുരുത്തിലണഞ്ഞു ഞാന്‍ എന്ന് അദ്ദേഹം എഴുതിയത് എഴുപതുകളുടെ ആരംഭത്തിലാണ്. ആ കൊച്ചുസ്വപ്നത്തിന്റെ തുരുത്ത് മനുഷ്യസ്നേഹത്തിന്റെ ശാദ്വലം കൂടിയായിരുന്നു. അദ്ദേഹത്തിന്റെ കാല്പനികതയുടെ അന്തര്‍ധാരകള്‍ സ്നേഹവും ദുഃഖവുമായിരുന്നു. ഇടയ്ക്കു രോഷം കൊളളുന്നുവെങ്കില്‍ അതും ദുഃഖത്തില്‍നിന്ന് ഉയിര്‍ക്കൊള്ളുന്നതായിരുന്നു. പരിസ്ഥിതി സന്തുലിതാവസ്ഥ തകര്‍ക്കുന്ന സാമൂഹിക സാഹചര്യങ്ങളെ അദ്ദേഹം അതിനിശിതമായി വിമര്‍ശിച്ചു. സര്‍വംസഹയായ ഭൂമിയുടെ ഹൃദയത്തിലേക്കു കാരിരുമ്പാണികള്‍ തുളച്ചുകയറ്റുന്നവരോട് അദ്ദേഹം കയര്‍ത്തു. രോഷം അദ്ദേഹം പ്രകടമാക്കിയതു കവിതയിലൂടെയും.


കവിതകളില്‍ മാത്രമല്ല, ഒഎന്‍വിയുടെ ഗാനങ്ങളില്‍പോലും പ്രകൃതിസ്നേഹവും മനുഷ്യസ്നേഹവും തുടിച്ചുനില്‍ക്കുന്നു. പ്രണയഗാനങ്ങള്‍പോലും ശോകച്ഛവിയുള്ളവയാണ്. ആത്മാവില്‍ തിരുമുറിവുള്ളൊരു പാഴ്മുള പാടുന്നു എന്ന വാക്കുകളിലൂടെ തന്റെ കവിതയുടെ ആത്മാവായ വേദനയിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടുന്നത്.

സംഗീതമയമാണ് അദ്ദേഹത്തിന്റെ കവിതകള്‍ എന്നതുകൊണ്ടുതന്നെ അവയ്ക്ക് ആസ്വാദ്യത ഏറി. എങ്കിലും കവിതയും ഗാനവും രണ്ടാണെന്ന് അദ്ദേഹം വിശ്വസിച്ചു. മാണിക്യവീണ എന്ന പുസ്തകത്തിന്റെ ആമുഖത്തില്‍ ഒഎന്‍വി ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. സന്തോഷത്തിന്റേതായാലും സന്താപത്തിന്റേതായാലും അശ്രുനീര്‍ വാറ്റി പരല്‍രൂപത്തില്‍ ഉരുവായിത്തീരുന്ന ഉപ്പാണു തനിക്കു കവിതയെന്നും, അതു പാകത്തിനു ചേര്‍ത്ത് സഹയാത്രികര്‍ക്കു നല്‍കുന്ന പാഥേയം മാത്രമാണു പാട്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഭാവനയുടെ ആകാശത്തിലെത്തുമ്പോഴും തന്റെ ചുവടുകള്‍ മണ്ണിലുറപ്പിച്ചു നിര്‍ത്തേണ്ടതാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ജനപ്രീതിയില്‍ മയങ്ങാതെ ചിന്തകളെയും ദര്‍ശനങ്ങളെയും യാഥാര്‍ഥ്യബോധത്താല്‍ പാകപ്പെടുത്തിയെടുത്തു.

ദീപികയുമായി ഏറെ അടുത്ത ബന്ധമായിരുന്നു ഒഎന്‍വിക്കുണ്ടായിരുന്നത്. ദീപിക വാര്‍ഷികപ്പതിപ്പിനുവേണ്ടിയും മറ്റും എത്ര തിരക്കുണ്ടായാലും അദ്ദേഹം രചനകള്‍ തന്നിരുന്നു. 2015ലെ വാര്‍ഷികപ്പതിപ്പിനുവേണ്ടി കഴിഞ്ഞ ജൂണ്‍ 27ന് അദ്ദേഹം അയച്ച ഒരു പ്രാര്‍ഥനാഗീതം എന്ന കവിതയായിരുന്നു പത്രത്തറവാട്ടിലെ ആദ്യജാതയ്ക്ക് ഒഎന്‍വിയുടെ അവസാനത്തെ കാവ്യോപഹാരം. എഴുതുമ്പോള്‍തന്നെ ചെറിയ അക്ഷരമായിപ്പോകുന്നു. കൈ വിറയ്ക്കുന്നു, ശരീരക്ളേശംമൂലം. ശ്രദ്ധിച്ചു വായിച്ച് പ്രൂഫ് തിരുത്താന്‍ ഏര്‍പ്പാടു ചെയ്യുമല്ലോ,പത്രാധിപര്‍ക്ക് അദ്ദേഹം എഴുതി. വടിവൊത്ത അക്ഷരത്തില്‍ കുറിച്ച ആ കവിത വാഴ്വിന്റെ പീഡനമേറെസ്സഹിച്ചൊരു കേവലന്‍ ഞാനിങ്ങശരണനായ് എന്നു തുടങ്ങി

നിന്‍ സ്നേഹദൂതുമായി പാറിപ്പറന്നുപോം
വെണ്‍പ്രാവായ്ത്തീരുവാനായിതെങ്കില്‍!
നിന്‍ ശാന്തിമന്ത്രത്തിന്‍ മര്‍മരം പെയ്യുന്ന
പൊന്നൊലിവാകുവാനായിതെങ്കില്‍ എന്നവസാനിക്കുന്നു. അതൊരു യാത്രാമൊഴിയായിരുന്നോ?

ഒഎന്‍വി പാടിത്തീര്‍ത്തിരിക്കുന്നു. പക്ഷേ ആ നാദം തുടര്‍ന്നുകൊണ്േടയിരിക്കും. തലമുറകള്‍ക്കുശേഷവും അതിന്റെ ധ്വനി മലയാളം കേള്‍ക്കും. ആ നാദത്തിനു മുന്നില്‍ ദീപികയുടെ പ്രണാമം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.