മാരാമണ്‍ കണ്‍വന്‍ഷന് ഇന്നു തുടക്കം
Sunday, February 14, 2016 12:41 AM IST
മാരാമണ്‍: പമ്പയുടെ തീരമൊരുങ്ങി. 121-ാം മാരാമണ്‍ കണ്‍വന്‍ഷന് ഇന്ന് ഉച്ചകഴിഞ്ഞു മണി മുഴങ്ങും. മാര്‍ത്തോമ്മാ സഭയുടെ സുവിശേഷ പ്രസംഗസംഘം നേതൃത്വം നല്‍കുന്ന കണ്‍വന്‍ഷന്റെ ഉദ്ഘാടനം ഉച്ചകഴിഞ്ഞ് 2.30ന് സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത നിര്‍വഹിക്കും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റം വലിയ മെത്രാപ്പോലീത്ത പ്രാരംഭ ആരാധനയ്ക്കു നേതൃത്വം നല്‍കും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് തോമസ് മാര്‍ തീമോത്തിയോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. റവ. മാല്‍ക്കം ടി.എച്ച്. ടാന്‍ (സിംഗപ്പൂര്‍) മുഖ്യസന്ദേശം നല്‍കും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കണ്‍വന്‍ഷനായി പമ്പാ മണല്‍പ്പുറത്ത് ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന ഓലപ്പന്തല്‍ ഒരുങ്ങിക്കഴിഞ്ഞു.

നാളെ മുതല്‍ ശനി വരെ എല്ലാദിവസവും രാവിലെ 10നും ഉച്ചകഴിഞ്ഞു രണ്ടിനും വൈകുന്നേരം 6.30നും പൊതുയോഗങ്ങള്‍ നടക്കും. ബൈബിള്‍ ക്ളാസുകള്‍, യുവജന സമ്മേളനങ്ങള്‍, കുട്ടികള്‍ക്കുള്ള യോഗങ്ങള്‍ എന്നിവയും മണല്‍പ്പുറത്തു നടക്കും. 21ന് ഉച്ചകഴിഞ്ഞ 2.30നുള്ള യോഗത്തോടെ കണ്‍വന്‍ഷന്‍ സമാപിക്കും. മാര്‍ത്തോമ്മാ സഭയിലെ ബിഷപ്പുമാരെ കൂടാതെ ബിഷപ് ദാനിയേല്‍ ത്യാഗരാജ (ശ്രീലങ്ക), റവ.മാല്‍ക്കം ടി.എച്ച്. ടാന്‍ (സിംഗപ്പൂര്‍), റവ.ഡോ.ഫ്രാന്‍സിസ് സുന്ദര്‍രാജ് (ചെന്നൈ), ഡോ.ലിയോണാര്‍ഡ് സ്വീറ്റ് (അമേരിക്ക) എന്നിവരാണ് ഇക്കൊല്ലത്തെ മുഖ്യപ്രസംഗകര്‍. 16നു രാവിലെ 10ന് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റം വലിയ മെത്രാപ്പോലീത്ത സന്ദേശം നല്‍കും. 17നു രാവിലെ എക്യുമെനിക്കല്‍ യോഗത്തില്‍ സിഎസ്ഐ ബിഷപ് ഡോ. രത്നാകര സദാനന്ദ മുഖ്യസന്ദേശം നല്‍കും. ഉച്ചകഴിഞ്ഞു സാമൂഹിക തിന്മകള്‍ക്കെതിരേയുള്ള യോഗത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബുപോള്‍ പ്രസംഗിക്കും.


കണ്‍വന്‍ഷന്റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി റവ.ജോര്‍ജ് വര്‍ഗീസ് അറിയിച്ചു. വിവിധ മാര്‍ത്തോമ്മാ ഇടവകകളുടെ സഹകരണത്തിലാണ് പന്തല്‍ പൂര്‍ത്തീകരിച്ചത്. തമിഴ്നാട്ടില തിരുനെല്‍വേലിയില്‍ നിന്നെത്തിച്ച മെടഞ്ഞ ഓലക്കീറുകള്‍ ഉപയോഗിച്ചാണ് പന്തല്‍ മേഞ്ഞത്. നൂറ്റാണ്ടിനപ്പുറം ആരംഭിച്ച പാരമ്പര്യം അതേപടി നിലനിര്‍ത്തുന്നതില്‍ മാരാമണ്‍ കണ്‍വന്‍ഷനു കഴിയുന്നുണ്ട്.

മണല്‍പ്പുറത്തേക്ക് മാരാമണ്‍ കരയില്‍ നിന്നുള്ള താത്കാലിക പാലങ്ങള്‍ പൂര്‍ത്തീകരിച്ചു. മണല്‍പ്പുറം പൂര്‍ണമായി പ്ളാസ്റിക്, ഫ്ളെക്സ് നിരോധിത മേഖലയാക്കിയിട്ടുണ്ട്. കെഎസ്ആര്‍ടിസി മാരാമണ്‍ സ്പെഷല്‍ സര്‍വീസുകള്‍ ഇന്നു മുതല്‍ ഉണ്ടാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.