ഓര്‍മകള്‍ കൈവള ചാര്‍ത്തി...
ഓര്‍മകള്‍ കൈവള ചാര്‍ത്തി...
Sunday, February 14, 2016 12:01 AM IST
കവിത ജനിച്ചതു ചവറയിലെ ചെറിയ വീട്ടുമുറ്റത്ത്

കൊല്ലത്തെ സമ്പന്നതയുടെ, സുരക്ഷിതത്വത്തിന്റെ മടിത്തട്ടിലായിരുന്നു അപ്പു എന്ന കുട്ടി ഏഴു വയസുവരെ വളര്‍ന്നത്. സംസ്കൃത പണ്ഡിതനും ആയുര്‍വേദ വൈദ്യനുമായിരുന്ന അച്ഛന്‍ ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റെ സ്നേഹവാത്സല്യം ആവോളം അനുഭവിച്ച കാലം. അച്ഛനാണ് അക്ഷരലോകത്തേക്ക് ഹരിശ്രീ കുറിച്ചു നടത്തിയ ആദ്യഗുരുവും. എന്നാല്‍, വളരെ പെട്ടെന്നാണ് അപ്പുവിന്റെ കൊച്ചുജീവിതം ആകെ തകിടം മറിഞ്ഞത്. അച്ഛനു മഹോദരം പിടിപെട്ടു. നാട്ടുചികിത്സയൊന്നും ഫലിക്കാതെയായി. ഒടുവില്‍ ആരൊക്കെയോ ചേര്‍ന്നു മദ്രാസിലേക്കു ട്രെയിന്‍ കയറ്റിവിട്ടു. തന്റെ ഏറ്റവും പ്രിയപ്പെട്ട അച്ഛന്‍ ട്രെയിനിലിരുന്നു കൈവീശി കാണിച്ചപ്പോള്‍ അപ്പുവും തൊണ്ടയിലൂടെ കിനിഞ്ഞിറങ്ങുന്ന വേദന കടിച്ചമര്‍ത്തി കൈവീശി യാത്രയയച്ചു. ഇനിയൊരിക്കലും തന്റെ അച്ഛന്‍ മടങ്ങിവരില്ല എന്ന് അപ്പു അറിഞ്ഞില്ല. സമ്പന്നമായ, സുരക്ഷിതമായ കൊല്ലത്തെ തറവാട്ടില്‍നിന്നു ചവറയിലെ ചെറിയ വീട്ടിലേക്ക്. കടുത്ത ഏകാന്തത, പുതിയ സ്ഥലത്തു കളിക്കാന്‍ കൂട്ടുകാരില്ല. മുറ്റത്തെ ചെത്തിയെയും മന്ദാരത്തെയും നോക്കി കുട്ടി പുഞ്ചിരിച്ചു. കുട്ടിയുടെ ഹൃദയം അലൌകികമായ ഏതോ ആനന്ദത്തില്‍ അലിയുവാന്‍ തുടങ്ങി. ഒഎന്‍വിയിലെ കവി ജനിക്കുന്നത് ആ വീട്ടുമുറ്റത്തുനിന്നായിരുന്നു...

പറിച്ചുനടല്‍

അച്ഛന്റെ വിയോഗത്തോടൊപ്പം കൊല്ലത്തുനിന്നു ചവറയിലെ കുഗ്രാമത്തിലേക്കുള്ള പറിച്ചുനടല്‍ അപ്പുവിനെ ഏറെ വേദനിപ്പിച്ചു.

ഏകാന്തതയിലേക്കു തന്റെ ലോകം വിവര്‍ത്തനം ചെയ്യപ്പെട്ടതോര്‍ത്ത് ആ കുട്ടി കണ്ണീരൊഴുക്കി, എത്തിച്ചേര്‍ന്നു ഗ്രാമത്തെ പഴിച്ചു. എന്നാല്‍, പിന്നീട് ചവറയിലെ കായലിനെയും കരിമണലിനെയും സ്നേഹിച്ചുതുടങ്ങിയ ഒ.എന്‍.വിയുടെ ഹൃദയത്തിലേക്കു ഗ്രാമഭംഗികള്‍ കുടിയേറി. ഇവിടത്തെ താഴമ്പൂവിന്റെ മണവും തൊണ്ടു ചീയലിന്റെ ദുര്‍ഗന്ധവും കടലുപ്പും എല്ലാം ജീവിതത്തിന്റെ ഭിന്ന പ്രകൃതികള്‍ കവിയെ പഠിപ്പിച്ചു. ഇന്ത്യയുടെ പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം വാങ്ങുമ്പോഴും കവി ഗൃഹാതുരതയോടെ ഓര്‍മിച്ചത് തന്റെ ഗ്രാമത്തെക്കുറിച്ചാണ്.

അന്യദുഃഖങ്ങളപാര
സമുദ്രങ്ങള്‍
നിന്റെ ദുഃഖങ്ങള്‍ വെറും
കടല്‍ ശംഖുകള്‍

എന്ന തത്ത്വത്തില്‍ കവിയെ ചേര്‍ത്തുവച്ചതും തന്റെ ഗ്രാമത്തില്‍ കണ്ട പണിയാളന്മാരുടെ കണ്ണീരുപ്പാണ്. പൈതൃകമായി ലഭിച്ച കാവ്യസിദ്ധിയും കുട്ടിക്കാലം മുതലേ തുടങ്ങിയ വായനയില്‍നിന്ന് ആര്‍ജിച്ചെടുത്ത അപാരമായ അറിവും ജ്ഞാനവും പിന്നെ വൈവിധ്യങ്ങളായ അനുഭവങ്ങളും എല്ലാം ചേര്‍ന്ന് ഒ.എന്‍.വിയിലെ കവിയെ പാകപ്പെടുത്തി.

വേദനയുടെ മുന്നില്‍

ചവറയിലെ കൊച്ചുവീട്ടില്‍ മണ്ണെണ്ണവിളക്കിന്റെ വെട്ടത്തിലിരുന്നു വായിച്ച രാമായണത്തിന്റെ ഭാഷയും ദര്‍ശനങ്ങളും മുതല്‍ തുടങ്ങുന്നു ഈ പരിപക്വപ്പെടുത്തല്‍. ഒഴിഞ്ഞ വയറുമായി പാടത്ത്, പൊരിവെയിലത്തു പണിയെടുക്കുന്ന കൃഷിക്കാരന്റെ കരളലിയിക്കുന്ന വേദന കുട്ടിയായിരിക്കുമ്പോള്‍തന്നെ കണ്ടു(വയല്‍ ഉഴുതുമറിക്കുന്ന നുകത്തിന്റെ ഒരറ്റത്ത് പോത്തിനെയും മറ്റേ അറ്റത്ത് മനുഷ്യനെയും പൂട്ടുന്ന കാലം). ചവറയിലെ മണല്‍ഫാക്ടറിയിലെ പണി കഴിഞ്ഞു വരുന്ന തൊഴിലാളിയുടെ ശരീരം മുഴുവന്‍ ഒരു ലോഹകുപ്പായം പോലെ പൊതിഞ്ഞിരിക്കുന്ന കരിമണല്‍ കണ്ടു.

ജാതി-മത-വര്‍ണങ്ങളുടെ പേരില്‍ മനുഷ്യന്‍ മനുഷ്യനെ അടിമയാക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥിതി അപ്പു എന്ന കുട്ടിയെ നടുക്കിയിരുന്നു. മീശ മുളച്ചുതുടങ്ങിയപ്പോള്‍ പാവപ്പെട്ടവന്റെ രക്ഷയ്ക്കായി ചവറയിലെ സഖാക്കള്‍ കൈയിലേന്തിയ തീപ്പന്തം ഏറ്റുവാങ്ങി അപ്പുവും നടന്നു. ഒഎന്‍വി എന്ന കവിയുടെ സൃഷ്ടിയിലേക്കുള്ള മഹായാനം.

പോരാട്ടക്കവിതകള്‍

ബ്രിട്ടീഷ് ഭരണവും സ്വാതന്ത്യ്രസമരവും അടിച്ചമര്‍ത്തലും നിറഞ്ഞ ഇന്ത്യയില്‍ പുന്നപ്ര- വയലാര്‍ ചോര ചിന്തിയ കേരളത്തില്‍ യുവകവിയുടെ കവിതകള്‍ വിപ്ളവശംഖൊലിയായതില്‍ അത്ഭുതപ്പെടാനില്ല. 1950കളില്‍ നാട്ടിന്‍പുറത്തെ ചായക്കടകളിലും ഉത്സവപ്പറമ്പുകളിലും വള്ളക്കടവുകളിലും വായനശാലകളിലും ജനങ്ങള്‍ ഒഎന്‍വിയുടെ വിപ്ളവകവിതകള്‍ ചര്‍ച്ച ചെയ്തിരുന്നു. അധികാരവര്‍ഗത്തിന്റെ ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങിയ സഖാക്കള്‍ക്ക് ഒഎന്‍വിയുടെ പോരാട്ടക്കവിതകള്‍ ഉണര്‍ത്തുപാട്ടായി. ചെങ്കൊടി ഏന്തിയ കവികൂടിയായിരുന്നതുകൊണ്ടുതന്നെ അധികാരവും സര്‍ഗാത്മകതയും തമ്മിലുള്ള സംഘര്‍ഷങ്ങളും കവി അറിഞ്ഞു. ഇവയുടെ ചോരനാമ്പുകള്‍ പുതിയ കവിതകളുടെ ചെന്തീപ്പൂക്കളായി.

25-ാം വയസില്‍ കാവ്യസമാഹാരം

ചവറയിലെ ബാല്യത്തിന്റെ ഏകാന്തതയില്‍നിന്നു കാവ്യസപര്യയുടെ സഞ്ചാരവഴികളിലേക്ക് ഒ.എന്‍.വിയെ പ്രകൃതിയും അവിടത്തെ മനുഷ്യരും ചേര്‍ന്നു കൂട്ടിക്കൊണ്ടുപോവുകയായിരുന്നെന്നു പറയാം. ദാഹിക്കുന്ന പാനപാത്രം എന്ന കാവ്യ സമാഹാരം പുറത്തിറക്കുമ്പോള്‍ ഒ.എന്‍.വി. കുറുപ്പിന്റെ പ്രായം വെറും 25 വയസ്. പക്ഷേ ഒരായുസിന്റെ ജോലി തീര്‍ത്തിരിപ്പാണദ്ദേഹം - മറ്റൊരായുസിന്റെ പണിക്ക് തയാറെടുത്തുകൊണ്ട്... കേവലം 25 വയസില്‍ തന്നെ ഒരു പുരുഷായുസിന്റെ രചനകള്‍ നടത്തിക്കഴിഞ്ഞുവെന്ന് മുണ്ടശേരിയെപ്പോലൊരു നിരൂപകന്‍ അഭിപ്രായപ്പെട്ടിരുന്നു. ആ കൈയൊപ്പും പേറിനടന്നു തുടങ്ങിയ കവി എണ്‍പതു പിറന്നാളുകള്‍ പിന്നിട്ടപ്പോള്‍, കാവ്യരചനയുടെ ആറ് നീണ്ട പതിറ്റാണ്ടുകള്‍ പിന്നിട്ടപ്പോള്‍ ആസ്വാദകരെയും വിമര്‍ശകരെയും ഗവേഷകരെയും ഒരുപോലെ വിസ്മയിപ്പിക്കുന്ന വൈപുല്യവും വൈവിധ്യവും നിറഞ്ഞ രചനകളുടെ ഉടമയായി. ഇരുപതിലേറെ കാവ്യസമാഹാരങ്ങള്‍, രണ്ടായിരത്തിലേറെ സിനിമ - നാടക - ലളിതഗാനങ്ങള്‍, പത്തോളം ഗദ്യ കൃതികള്‍.

ഏറിവന്ന തിളക്കം

മുന്നോട്ട് എന്ന കവിതയുമായി മലയാളത്തിന്റെ കാവ്യമുറ്റത്ത് എത്തിയ കവി 84-ാം വയസില്‍ സ്വന്തമാക്കിയത് അക്ഷര മഹാകാശത്തെ തന്നെയായിരുന്നു. മുന്നോട്ട് എന്ന കവിതാശീര്‍ഷകം കവിക്ക് ഉത്തമരാശിയായി. പ്രശസ്ത നിരൂപകന്‍ പ്രഫ. എസ്. ഗുപ്തന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞു, കാവ്യസപര്യയില്‍ ഒരു ക്ഷയവും സംഭവിക്കാതെ മുന്നോട്ടുപോയ ഒരു കവിയാണ് ഒ.എന്‍.വി എന്ന്. അത് അക്ഷരാര്‍ഥത്തില്‍ സത്യമാണ്.

കാലം പായുമ്പോഴും പ്രായമേറുമ്പോഴും കവി പ്രതിഭയുടെ തിളക്കം ഏറിവന്നു. ആരംഭകാലം, മധ്യം, സമാപ്തിഘട്ടം എന്നിങ്ങനെ ഒ.എന്‍.വിയുടെ കാവ്യജീവിതത്തെ തരംതിരിച്ചു പഠിക്കുന്നവരും വിലയിരുത്തുന്നവരും കവിയുടെ അനുഭവങ്ങളുടെയും ദര്‍ശനങ്ങളുടെയും സഞ്ചാരവും ധ്യാനവും കണ്െടത്തുന്നവരാണ്. കൌമാരത്തില്‍ എഴുതിത്തുടങ്ങിയപ്പോള്‍, യൌവനസ്പന്ദനങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍... താന്‍ കണ്ട പ്രകൃതി, പച്ചപ്പ്, ഗ്രാമസൌന്ദര്യം എല്ലാം ആഘോഷിച്ച കവി, പിന്നെ നീണ്ട പതിറ്റാണ്ടുകളിലൂടെ നേടിയും നേടാതെയും യാത്ര തുടര്‍ന്നപ്പോള്‍ കണ്ട ഞെട്ടിക്കുന്ന കാഴ്ചകളും ആവിഷ്കരിച്ചു. കാവ്യസപര്യയുടെ ആരംഭകാലത്ത് പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോളെ... എന്നു പാടിയ കവി ഒടുവില്‍ സ്വപ്നം തകര്‍ന്ന് ഫ്ളാറ്റുകള്‍ തഴച്ചുവളരുന്ന കേരള മണ്ണില്‍ നിന്നു പാടിയത്.

കോതി നിര്‍ത്തിയൊരലങ്കാല
ച്ചെടികള്‍ക്കായ്
ആരോ നട്ടൊരു കാട്ടുചെടിതന്‍ തൈ പോലെ ഞാന്‍
വേറിട്ടു നില്‍പ്പൂ

വാടി വീഴുമോ വേരോടുമോ... കവി സംശയിച്ചുവെങ്കിലും, കവി പക്ഷേ ഇടയില്‍ വാടി വീണില്ല.

മലയാളഭാഷയ്ക്കുമേല്‍ മണ്ണിനടിയില്‍ ആഴ്ന്നുപോയ മലയാള സംസ്കാരത്തിനുമേല്‍ കവി കാവ്യതീര്‍ഥജലം തളിച്ചുകൊണ്ടിരുന്നു. അതിശക്തനായ സമരഭടനെപോലെ തലയുയര്‍ത്തി നിന്ന് അവസാനംവരെ സ്വന്തം മാതൃഭാഷയുടെ മാനം കാത്തു. മലയാളത്തിന്റെ യശസ് വാനോളം ഉയര്‍ത്തിയ അക്ഷരങ്ങളിലൂടെയും പുരസ്കാരങ്ങളിലൂടെയും ഒരു ജനതയുടെ സ്നേഹംകൊണ്ടും ആദരിക്കപ്പെട്ടു.

ആദ്യസമ്മാനം

1949ലെ പുരോഗമന സാഹിത്യ സമ്മേളനത്തില്‍ വച്ചാണ് ഒ.എന്‍.വി. കുറുപ്പിനെ ആദ്യമായി അക്ഷരകേരളം ആദരിക്കുന്നത്. പുരോഗമനസംഘം നടത്തിയ കാവ്യരചനാ മത്സരത്തില്‍ ഒഎന്‍വി ഒന്നാംസ്ഥാനത്ത് എത്തിയിരുന്നു. അരിവാളും രാക്കുയിലും എന്ന കവിതയാണ് അന്ന് സമ്മാനാര്‍ഹമായത്. പില്‍ക്കാലത്ത് ഒ.എന്‍.വി തന്നെ പല പ്രസംഗവേദികളിലും സൂചിപ്പിച്ചിട്ടുള്ളതുപോലെ പറഞ്ഞറിയിക്കാന്‍ കഴിയാത്ത ആഹ്ളാദത്തോടെ പിടയ്ക്കുന്ന ഹൃദയത്തോടെയാണ് സമ്മാനം സ്വീകരിക്കാന്‍ അന്ന് ഒ.എന്‍.വി വേദിയുടെ പടികള്‍ കയറിയത്. പതിനെട്ട് വയസായിരുന്നു അന്നു കവിയുടെ പ്രായം. സ്വര്‍ണമെഡല്‍ സമ്മാനമായി നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും സംഘാടകരുടെ സാമ്പത്തികാവസ്ഥ മൂലം സമ്മാനം അന്നു കവിക്കു ലഭിച്ചില്ല. എന്നാല്‍, ചങ്ങമ്പുഴയുടെ പേരില്‍ ലഭിച്ച ആദ്യ പുരസ്കാരം ഒ.എന്‍.വിയുടെ ഭാഗ്യജാതകം തന്നെകുറിച്ചു. ജ്ഞാനപീഠം വരെ നീണ്ട സമ്മാനപ്പെരുമഴയായി ആ അനുഗ്രഹം നിറഞ്ഞു. മലയാള സാഹിത്യലോകത്ത് ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ ലഭിച്ച ഒരു കവിയായി ഒ.എന്‍.വി. സാഹിത്യ ചരിത്രത്തില്‍ തന്നെ റിക്കാര്‍ഡ് കുറിച്ച പുരസ്കാര ലബ്ധി. ആദ്യം കാത്തിരുന്ന സമ്മാനത്തുക കിട്ടിയില്ല. എന്നാല്‍, അവസാന കാലത്ത് ഒ.എന്‍.വി തനിക്കു ലഭിച്ച പല സമ്മാനത്തുകയും സംഘാടകര്‍ക്കു തന്നെ മടക്കിനല്‍കുന്ന കാഴ്ചയും കാണാമായിരുന്നു.

കര്‍ശനക്കാരന്‍

തന്റെ ആത്മാവിന്റെ നാദമായി തന്നെയാണ് ഒ.എന്‍.വി സ്വന്തം കവിതയെ കണ്ടത്. ബാല്യകാലത്തെ തന്റെ ഏകാന്തതയില്‍ കിട്ടിയ ജീവിതാമൃതമായത് കൊണ്ടാവാം കവിത എന്നും കവിക്ക് ഏറ്റവും വിലപ്പെട്ടതായി. അക്ഷരതപസിനൊടുവിലെ വരപ്രസാദമായി ലഭിച്ച കവിതയെക്കുറിച്ച് എത്ര എഴുതിയാലും എത്ര വ്യാഖ്യാനിച്ചാലും കവിക്ക് തൃപ്തി വന്നില്ല. കവിതയോടുള്ള ഈ അതിരുകടന്ന ബന്ധം കവിയെ കണിശക്കാരനുമാക്കി.

കവിതയുടെ കാര്യത്തില്‍ ആരോടും ഒരു വിട്ടുവീഴ്ചയും പ്രകടിപ്പിച്ചില്ല. കവിത നിരന്തരം ആവശ്യപ്പെടുന്ന പത്രാധിപരോട് അദ്ദേഹം ചിലപ്പോള്‍ ദേഷ്യപ്പെടും. പല വേദികളിലും ഒ.എന്‍.വി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു. ഉടനെ ഒരു കവിത വേണം എന്നു പറയുമ്പോള്‍ എനിക്ക് എഴുതാന്‍ കഴിയില്ല. അങ്ങനെ ആവശ്യാനുസരണം രചിക്കാന്‍ പറ്റുന്നതല്ല കവിത.

കാവ്യ വ്യക്തിത്വത്തില്‍ ധാരാളം സവിശേഷതകളുണ്ടായിരുന്ന ഒ.എന്‍.വിയെക്കുറിച്ച് വിഖ്യാത ഒറിയ കവിയും ജ്ഞാനപീഠ ജേതാവുമായ സീതാകാന്ത് മഹാപാത്ര പറഞ്ഞത് ഇങ്ങനെയായിരുന്നു, ഹിമാലയതുല്യം ഉയര്‍ന്നുനില്‍ക്കുന്ന ഭാരതത്തിന്റെ മഹാസംസ്കൃതി ഹൃദയത്തില്‍ ആവാഹിക്കുമ്പോഴും സാധാരണ മനുഷ്യരുടെ വേദനകളുമായി അലിഞ്ഞുചേരാന്‍ കഴിയുന്നൊരു കവിഹൃദയത്തിനുടമയായിരുന്നു ഒ.എന്‍.വി. നിസ്വവര്‍ഗത്തോട് ഒ.എന്‍.വിയുടെ കരള്‍ ചേര്‍ന്നിരിക്കുന്നതിനുള്ള കാരണം അദ്ദേഹത്തിന്റെ ഇടതുപക്ഷ ചിന്താഗതിയാണെന്നും സീതാകാന്ത് വിലയിരുത്തി.

കവിയുടെ സത്യവാങ്മൂലത്തില്‍ ഒ.എന്‍.വി തന്നെ പറയുന്നു; കവിത തീവ്രമായൊരു അഭിലാഷമാവാം, നന്മയും ശാന്തിയും പകരുന്ന പ്രാര്‍ഥനയാകാം, ഹൃദയങ്ങളെ ഇണക്കിച്ചേര്‍ക്കുന്നൊരു മന്ത്രമാകാം, ആസന്നമായ കൊടുങ്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പാകാം, ചുടുനിശ്വാസമാകാം, നിണമൊലിക്കുന്ന മുറിവിലൊരു സാന്ത്വന സ്പര്‍ശമാവാം... ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് ഒരു കാലഘട്ടത്തിന്റെ കാവ്യപ്രപഞ്ചത്തിന്റെ മലയാളത്തിന്റെ പ്രിയകവി പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞുപോകുമ്പോള്‍ എന്റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോകുന്നു. അതാണെന്റെ കവിത.


ചുവന്ന ദശകത്തിലെ കവി

ഡോ. പുതുശേരി രാമചന്ദ്രന്‍

ഒ.എന്‍.വിയുമായി നീണ്ട 67 വര്‍ഷത്തെ ആത്മബന്ധമുണ്ട് എനിക്ക്. മലയാള കവിതാ ചരിത്രത്തിന്റെ, സാഹിത്യ ചരിത്രത്തിന്റെ കേരള നാടിന്റെ ചരിത്രത്തിന്റെ പ്രധാനപ്പെട്ട അറുപത്തേഴ് വര്‍ഷമാണു ഞങ്ങള്‍ പങ്കാളികളായി ജീവിച്ചത്. ഇപ്പോള്‍ ആലോചിക്കുമ്പോള്‍ അതൊരു ചരിത്രനിയോഗം പോലെ തോന്നുന്നു. ഞങ്ങള്‍ ആദ്യം ഒന്നിക്കുന്നത് കൊല്ലം എസ്എന്‍ കോളജില്‍വച്ചാണ്; 1949-51 കാലയളവില്‍.

എന്നേക്കാള്‍ പ്രായത്തില്‍ ഇളപ്പമാണ് ഒഎന്‍വി എന്നാല്‍, ആറു വര്‍ഷം സംസ്കൃത പഠനം കഴിഞ്ഞാണ് ഞാന്‍ കൊല്ലം എസ്എന്‍ കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേരുന്നത്. അന്ന് ഒഎന്‍വി അവിടെ ബിഎയ്ക്കു പഠിക്കുന്നു. ഞങ്ങള്‍ അന്നു രണ്ടു സംഘടനയ്ക്കുവേണ്ടിയാണു പ്രവര്‍ത്തിച്ചിരുന്നത്. ശ്രീകണ്ഠന്‍ നായരുടെ സോഷ്യലിസ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയില്‍ അംഗമായിരുന്നു ഒഎന്‍വി. ഞാനാകട്ടെ വിദ്യാര്‍ഥി ഫെഡറേഷന്‍ പ്രവര്‍ത്തകനും.

ഒഎന്‍വി അന്നു കോളജ് ഇലക്ഷനില്‍ മത്സരിക്കുകയും ചെയ്തിരുന്നു. അടുത്ത വര്‍ഷം ഒഎന്‍വിയും വിദ്യാര്‍ഥി ഫെഡറേഷനില്‍ അംഗമായി. അന്നു ഞങ്ങള്‍ ഒന്നിച്ചു കടപ്പുറത്തൊരു ലോഡ്ജില്‍ താമസിച്ചിരുന്നു. പിന്നീടു തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജില്‍ എംഎയ്ക്കു ഞാന്‍ ചേരുമ്പോള്‍ ഒഎന്‍വി എന്റെ ഒരു വര്‍ഷം സീനിയറായി അവിടെ ഉണ്ടായിരുന്നു. ഒഎന്‍വി വിജയിച്ചതു പോലെ എനിക്കും എംഎ ഒന്നാം ക്ളാസ്, ഒന്നാം റാങ്കോടെ വിജയിക്കാന്‍ സാധിച്ചു. ഞങ്ങള്‍ ഒന്നിച്ച് പിഎസ്സി ഇന്റര്‍വ്യൂവിനും പോയി. ഞാന്‍ പിന്നീട് കൊല്ലം എസ്എന്‍ കോളജ് അധ്യാപകനായി. ഒ.എന്‍.വിക്കു പിഎസ്സി വഴി നിയമനം ലഭിച്ചു.

തൊഴിലാളിവര്‍ഗത്തിന്റെ ഉയര്‍ച്ച, സമത്വം, അവരുടെ നേതൃത്വത്തിലുള്ള ഭരണം. ഈ ലക്ഷ്യങ്ങള്‍ ഹൃദയത്തില്‍ വച്ചു കവിത എഴുതിത്തുടങ്ങിയവരാണ് ഞങ്ങള്‍. പി. ഭാസ്കരന്‍, വയലാര്‍, ഒ.എന്‍.വി, തിരുനല്ലൂര്‍ കരുണാകരന്‍, പുനലൂര്‍ ബാലന്‍, ഞാന്‍-അങ്ങനെ കുറേ കവികള്‍. ചുവന്ന ദശകത്തിലെ കവികള്‍ എന്നു ഞങ്ങള്‍ വിശേഷിപ്പിക്കപ്പെട്ടു.

കേരളത്തിന്റെ വിദ്യാഭ്യാസ-സാഹിത്യ-സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഞാനും ഒ.എന്‍.വിയും ഒന്നിച്ചു പ്രവര്‍ത്തിച്ചു. ഒരേ വിശ്വാസത്തില്‍ ഹൃദയം അര്‍പ്പിച്ചു മുന്നോട്ടു നീങ്ങിയവരാണു ഞങ്ങള്‍. കേരളത്തിന്റെ നേട്ടങ്ങളില്‍ മാത്രമല്ല, വേദനകളിലും ഞങ്ങള്‍ ഒന്നിച്ചു. 1964ല്‍ പാര്‍ട്ടി പിളരുമ്പോള്‍ ഞങ്ങള്‍ തീവ്രമായി ദുഃഖിച്ചു. പാര്‍ട്ടി ഞങ്ങളുടെ പ്രാണനായിരുന്നു.

കര്‍ഷകത്തൊഴിലാളികളില്‍ തുടങ്ങി ഏറ്റവുമൊടുവില്‍ ശ്രേഷ്ഠഭാഷാ പദവിക്കു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ വരെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ കാണുവാന്‍ ഒ.എന്‍.വിയും സുഗതയും (സുഗതകുമാരി) ഞാനും ഡല്‍ഹിയില്‍ പോയിരുന്നു. എ.കെ. ആന്റണി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാരെ ഇതിനായി കണ്ടു. അന്നു എം.എ. ബേബിയായിരുന്നു സാംസ്കാരിക മന്ത്രി. ഉമ്മന്‍ ചാണ്ടിയുടെ ഭരണകാലത്തും ഞങ്ങള്‍ ശ്രേഷ്ഠഭാഷയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു. വിജയിച്ചു. പോരാട്ടങ്ങള്‍ക്കിടയ്ക്കെങ്ങോ ഒ.എന്‍.വി യാത്രയായിരിക്കുന്നു.


ഒരുവട്ടംകൂടിയെന്നോര്‍മകള്‍ മേയുന്ന...

ടി.പി. ശാസ്തമംഗലം


തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ ഒ.എന്‍.വി കുറുപ്പിനെ എന്നാണ് ഞാന്‍ ആദ്യമായി നേരില്‍ കണ്ടതും പരിചയപ്പെടുന്നതും? എത്ര ആലോചിച്ചിട്ടും കാര്യമായ ഓര്‍മ വരുന്നില്ല. എന്നാല്‍, അതിനു നീണ്ട വര്‍ഷങ്ങളുടെ പഴക്കമുണ്െടന്നു തീര്‍ച്ച. അധ്യാപകനായിരുന്നെങ്കിലും അദ്ദേഹം എന്നെ പഠിപ്പിച്ചിട്ടില്ല. പക്ഷേ, അധ്യാപക-ശിഷ്യ ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍. ഞാന്‍ പിറക്കുന്നതിനു മുമ്പേ കാവ്യരംഗത്തും ഗാനരംഗത്തും പ്രതിഷ്ഠ നേടിയ ഒരാളെ ഗുരുസ്ഥാനീയനായല്ലാതെ കാണുന്നതെങ്ങനെ?

നിരവധി തവണ ഞാന്‍ അദ്ദേഹത്തിന്റെ വീടു സന്ദര്‍ശിച്ചിട്ടുണ്ട്. കവിതയും ഗാനവുമൊക്കെയായിരുന്നു അപ്പോഴെല്ലാം ഞങ്ങളുടെ ചര്‍ച്ചാവിഷയം. ഗാനരംഗത്തു വന്നുപെട്ട ചില അനുഭവങ്ങളുടെ ഏടുകള്‍ അദ്ദേഹം എന്റെ മുമ്പില്‍ തുറന്നു കാട്ടിയിട്ടുണ്ട്. മടങ്ങിപ്പോരാന്‍ നേരം മിക്കപ്പോഴും അദ്ദേഹത്തിന്റെ ഏതെങ്കിലുമൊരു പുസ്തകം കൈയൊപ്പിട്ട് എനിക്കു തരും. അവയെല്ലാം നിറം മങ്ങാതെ എന്റെ സ്വകാര്യ ഗ്രന്ഥശാലയിലെ അലമാരയില്‍ വിശ്രമിക്കുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ക്കു ശക്തിയേറുകയാണ്.

ഒരിക്കല്‍ സംഭാഷണമധ്യേ വയലാറിന്റെ സന്യാസിനീ എന്ന ഗാനം പരാമര്‍ശ വിഷയമായപ്പോള്‍ അദ്ദേഹം എന്നോടു ചോദിച്ചു:

രാത്രി പകലിനോടെന്നപോലെ യാത്ര ചോദിപ്പൂ ഞാന്‍...! എന്ന വരികള്‍ ശ്രദ്ധിച്ചിട്ടില്ലേ? ഒരു പൂച്ചെണ്ട് നിങ്ങളുടെ കൈയില്‍ തന്നിട്ട് ആര്‍ക്കെങ്കിലും ഒരാള്‍ക്കു കൊടുക്കാന്‍ പറഞ്ഞാല്‍ ഇതെഴുതിയ വയലാറിനായിരിക്കുമോ ചിട്ടപ്പെടുത്തിയ ദേവരാജനായിരിക്കുമോ പാടി അനശ്വരമാക്കിയ യേശുദാസിനായിരിക്കുമോ കൊടുക്കുക? ഞാന്‍ തരിച്ചിരുന്നുപോയ അവസരമാണ് അത്. തീരെ പ്രതീക്ഷിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ ഈ ചോദ്യം. ഞാന്‍ തെല്ല് ആലോചിച്ച ശേഷം സാറിനോടു പറഞ്ഞു: ചോദിക്കുന്നത് അവിവേകമാണെങ്കില്‍ ക്ഷമിക്കണം. സാറാണെങ്കില്‍ പൂച്ചെണ്ട് ആര്‍ക്കു കൊടുക്കും? സാര്‍ ഒന്നു ചിരിച്ചിട്ട് ഇപ്രകാരം എന്നെ അറിയിച്ചു: ഞാനാണെങ്കില്‍ പൂച്ചെണ്ട് മൂന്നു പേര്‍ക്കും കൊടുക്കുകയില്ല കാരണം അതിനു മൂന്നു പേരും തുല്യ അര്‍ഹരാണ്.

എത്ര ശരിയായ നിരീക്ഷണം എന്നു നോക്കുക. മറ്റൊരാളിന്റെ സൃഷ്ടിയെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത് എന്നോര്‍ക്കുമ്പോള്‍ കൂടുതല്‍ ബഹുമാനം തോന്നുന്നു. വെറും കവി മാത്രമല്ല അദ്ദേഹം. ഒരേ സമയം കവിയും ഗാനരചയിതാവും ഗദ്യകാരനും പ്രഭാഷകനും അധ്യാപകനും ഒക്കെയാണ്. അതുകൊണ്ടാണ് ഒ.എന്‍.വിക്കു തുല്യം ഒ.എന്‍.വി മാത്രം എന്നു പറയുന്നത്.

അദ്ദേഹം സന്നിഹിതനായ വേദിയില്‍ നിന്നുകൊണ്ട് പലപ്പോഴും ഒ.എന്‍.വി ഗാനങ്ങളെക്കുറിച്ചു ഞാന്‍ സംസാരിച്ചിട്ടുണ്ട്. ഒരിക്കല്‍ മീറ്റിംഗ് തീര്‍ന്നു കഴിഞ്ഞ് അദ്ദേഹം എന്നെ അരികില്‍ വിളിച്ചു പറഞ്ഞു: ശാസ്തമംഗലം വിശകലനം ചെയ്തപ്പോഴാണ് എന്റെ പാട്ടിന് ഇത്രയൊക്കെ അര്‍ഥതലങ്ങളുണ്െടന്നു മനസിലായത്.

101 ഗാനങ്ങളുടെ പഠനം ഉള്‍പ്പെടുത്തി കാവ്യഗീതിക എന്ന എന്റെ കന്നി പുസ്തകം തയാറായപ്പോള്‍ അതിന്റെ പ്രകാശനം ഒ.എന്‍.വി സാറിനെക്കൊണ്ട് നിര്‍വഹിക്കണമെന്നാണ് ഞാനാഗ്രഹിച്ചത്. എന്റെ ആഗ്രഹം ഞാന്‍ സാറിനോടുതന്നെ നേരില്‍ പോയി പറഞ്ഞു. ആരോഗ്യം അനുവദിക്കാത്തതിനാല്‍ ദൂരെ വരാനുള്ള ബുദ്ധിമുട്ട് ഖേദത്തോടെ അദ്ദേഹം എന്നെ അറിയിച്ചു. അദ്ദേഹത്തിന്റെ വീട്ടില്‍ മതിയെങ്കില്‍ ആലോചിക്കാമെന്നു പറഞ്ഞു തീരുന്നതിനു മുമ്പു തന്നെ അദ്ദേഹം ഇത്രയും കൂട്ടിച്ചേര്‍ത്തു; ഓ, അതിനു നിങ്ങള്‍ക്കു പബ്ളിസിറ്റി കിട്ടുകയില്ല. അതുകൊണ്ട് അതു വേണ്ട; ആരാണ് പുസ്തകം ഏറ്റുവാങ്ങുന്നതെന്ന് എന്നോടു ചോദിച്ചു. പി. ഭാസ്കരന്‍ മാസ്ററുടെ സഹധര്‍മിണി എന്നു ഞാന്‍ പറഞ്ഞതും സാറ് ഇടയ്ക്കു കയറി പറഞ്ഞു; എങ്കില്‍ ഇവള്‍ വരും. പുസ്തകം ഇവരിലൊരാള്‍ പ്രകാശനം ചെയ്യും. മറ്റേയാള്‍ ഏറ്റുവാങ്ങും. (സ്വന്തം ഭാര്യയെ നോക്കിയാണ് സാറു ഇതു പറഞ്ഞത്). എനിക്കു സന്തോഷമായി. അതിന്‍പ്രകാരം ഞാന്‍ ക്ഷണക്കത്ത് അച്ചടിക്കുകയും ചെയ്തു.

ദൌര്‍ഭാഗ്യമെന്നു പറയട്ടെ, ഒ.എന്‍.വി സാറിനു പുസ്തക പ്രകാശനത്തിനു നിശ്ചയിച്ചിരുന്ന തീയതിക്കു മുമ്പ് ആശുപത്രിയിലായി. സഹധര്‍മിണിയുടെ സാന്നിധ്യം ആവശ്യമായതിനാല്‍ അവര്‍ക്കു വരാന്‍ കഴിഞ്ഞില്ല. ഭാസ്കരന്‍ മാസ്ററുടെ ശ്രീമതി പുസ്തകം പ്രകാശനം ചെയ്യുകയും ഒ.എന്‍.വി സാറിന്റെ മകന്‍ രാജീവ് ഒ.എന്‍.വി അത് ഏറ്റുവാങ്ങുകയും ചെയ്തു. ചടങ്ങില്‍ പി. ഭാസ്കരന്റെയും വയലാര്‍ രാമവര്‍മയുടെയും ഒ.എന്‍.വിയുടെയും ഓരോ പാട്ടാണ് ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചത്. അപര്‍ണ രാജീവ് (ഒ.എന്‍.വി സാറിന്റെ കൊച്ചുമകള്‍) വന്ന് ഒരുവട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന... എന്ന ഗാനം പാടി ചടങ്ങിനെ ധന്യമാക്കുകയും ചെയ്തു.

ഓര്‍മകള്‍ മനസില്‍ തിരയിളക്കുകയാണ്. പക്ഷേ, അക്ഷരങ്ങളും വാക്കുകളും ഇടയ്ക്കു മുറിഞ്ഞു പോകുന്നു. വേണ്ടപ്പെട്ടവരെക്കുറിച്ച് ഓര്‍മക്കുറിപ്പ് എഴുതുമ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം അങ്ങനെയാണ്. ഒ.എന്‍.വി സാറിന്റെ തിരോധാനത്തോടെ പഴയ തമലുറയിലെ അവസാന കണ്ണിയും ഇല്ലാതാവുകയാണ്.




ഒരു പ്രാര്‍ഥനാഗീതം


വാഴ്വിന്റെ പീഡനമേറെസഹിച്ചൊരു
കേവലന്‍ ഞാനിങ്ങശരണനായ്
ആലയം കാണാതലയും കുഞ്ഞാടിനെ-
പ്പോലെ നിന്‍മേടയിലെത്തിടുന്നു
പ്രാര്‍ഥനാശുശ്രൂഷയെല്ലാം കഴിയവേ,
ആര്‍ദ്രമാം രാവും നിശബ്ദമാകെ,
നിന്റെ പരിസരം വാസനിച്ചീടുവാന്‍
കുന്തിരിക്കം ഞാന്‍ പുകച്ചിടുന്നു
നീ തൊട്ടുവോ? എന്റെ കണ്ണുനീരും പനി-
നീരായ്! അതെങ്ങും കുടഞ്ഞിടുന്നേന്‍
നിന്റെ തിരുമുറിവോരോന്നും വാടാത്ത
ചെമ്പനീര്‍പ്പൂവായ് കാണ്‍മൂ ഞാന്‍
അപ്പൂവിതള്‍ത്തുമ്പില്‍നിന്നുമൂറുന്നത്
രക്തകണമല്ല, ശോണതീര്‍ഥം!
അങ്ങനെ വാസനാവാസിതമാകുമീ
അങ്കണവായു ശ്വസിക്കുംനേരം,
നിന്‍മൌനം പൊട്ടിവിടരും സുവിശേഷ-
ബന്ധുരസ്പന്ദനം കേള്‍ക്കുന്നൂ ഞാന്‍
ആയതില്‍ ജ്ഞാനസ്നാനം ചെയ്തു മറ്റൊരാ-
ളാകുവാനാശിച്ചു നിന്നിടുന്നു
ഏതു ഗോല്‍ഗോത്തയിലേക്കാകിലും നിന്റെ
കൂടെ നടക്കുവാനാശിക്കുന്നു!
ദാഹനീരിനായ് നീ കേഴുമ്പോളാച്ചുണ്ടില്‍-ദാഹജലമാകാനായിതെങ്കില്‍!
നിന്റെ യാശീര്‍വാദമായെന്റെ ശീര്‍ഷവും
നിന്‍പദരേണുവണിഞ്ഞിതെങ്കില്‍!
നിന്റെ മേലങ്കിതന്‍ തുമ്പത്തുതൊട്ടൊന്നു
നിര്‍വൃതികൊള്ളുവാനീതെങ്കില്‍!
നിന്‍ സ്നേഹദൂതുമായ് പാറിപ്പറന്നുപോം
വെണ്‍പ്രാവായ്ത്തീരുവാനായിതെങ്കില്‍!
നിന്‍ ശാന്തിമന്ത്രത്തിന്‍ മര്‍മ്മരം പെയ്യുന്ന
പൊന്നൊലീവാകുവാനായിതെങ്കില്‍!

(ദീപികയുടെ കഴിഞ്ഞ വാര്‍ഷികപ്പതിപ്പിനായി ഒ.എന്‍.വി നല്‍കിയ കവിത)


ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്ത് ഇനി വരില്ല അദ്ദേഹം

വര്‍ഗീസ് എം. കൊച്ചുപറമ്പില്‍

ചവറ: ഒരുവട്ടംകൂടിയെന്നോര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം എന്ന് തന്റെ വിദ്യാലയ ജീവിതത്തെക്കുറിച്ചു പാടിയ പ്രിയ കവി ഒ.എന്‍.വി. കുറുപ്പ് ഇനി ഒരിക്കലും താന്‍ പഠിച്ച വിദ്യാലയമുറ്റത്തേക്കു വരില്ലെന്നറിഞ്ഞ് ചവറ ഗ്രാമം ദുഃഖത്തിന്റെ ഇരുളിലലിഞ്ഞു. ചവറയിലെ പ്രിയവിദ്യാലയമായ ഇപ്പോഴത്തെ ചവറ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അഞ്ചാം ക്ളാസ് മുതലായിരുന്നു അദ്ദേഹത്തിന്റെ പഠനം. അന്നു സ്കൂളില്‍ ഉണ്ടായിരുന്ന നെല്ലിമരം, കിണര്‍ എന്നിവയെക്കുറിച്ച് കവിത എഴുതിയി അദ്ദേഹം.

വിദ്യാലയ മുറ്റത്തെത്തുമ്പോള്‍ ആദ്യം നോക്കുന്നത് കിണറും സ്കൂള്‍വളപ്പിലെ നെല്ലിമരവുമാണ്. കാലങ്ങള്‍ക്കു ശേഷം നെല്ലിമരം നശിച്ചപ്പോള്‍ വീണ്ടും സ്കൂള്‍ മുറ്റത്തു കിണറിനോടു ചേര്‍ന്നു സ്കൂളിലെ ശതാബ്ദിയോടനുബന്ധിച്ചു കവി നെല്ലിമരം നട്ടു.

ചവറ ഗ്രാമത്തെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ച കാവ്യസൂര്യനായിരുന്നു ഒഎന്‍വി. തന്റെ നാടിനെക്കുറിച്ചും പഠിച്ച വിദ്യാലയത്തെക്കുറിച്ചും അദ്ദേഹം എഴുതിയിട്ടുണ്ട്.

തിരുവനന്തപുരത്തു താമസിച്ചു വരുമ്പോഴും ചവറ എന്ന ഗ്രാമവും നമ്പ്യാടിക്കല്‍ തറവാടും കവിയുടെ മനസ് നിറച്ചിരുന്നു. പതിന്നാലാമത്തെ വയസില്‍ മുന്നോട്ട് എന്ന കവിത ചവറ ഒ.എന്‍.വി. കുറുപ്പ് എന്ന പേരില്‍ സ്വരാജ്യം വാരികയില്‍ പ്രസിദ്ധീകരിച്ചു. 1955ല്‍ ബാലമുരളീ എന്ന പേരില്‍ ഗാനരചനയ്ക്കു തുടക്കം കുറിച്ചു.

രണ്ടു വര്‍ഷം മുമ്പ് ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ചവറയില്‍ ഒ.എന്‍.വി എത്തിയത്. ചവറയില്‍ വരുമ്പോള്‍ കുടുംബ വീടിനോടു ചേര്‍ന്നുളള ചാവടിയില്‍ ഇരുന്നാണ് എഴുതാറ്.


ആരെയും ഭാവഗായകനാക്കിയ കവി

എസ്. മഞ്ജുളാദേവി

കാലം മലയാളത്തിനു സമര്‍പ്പിച്ച കാവ്യഗന്ധര്‍വനായിരുന്നു ഒ.എന്‍.വി. ഹരിതമൃദു കഞ്ചുകം ചാര്‍ത്തിയ ഈ ഭൂമിയുടെ സ്വര്‍ഗീയ സൌന്ദര്യത്തില്‍ മതിമറന്നുപാടിയ ആ ഗന്ധര്‍വനു പക്ഷേ ജീവിത യാഥാര്‍ഥ്യങ്ങളുടെ കൂരമ്പുകളേറ്റു പിടഞ്ഞ ഒരു ഹൃദയവുമുണ്ടായിരുന്നു. മുക്കുറ്റിപ്പൂവിന്റെയും ഇലഞ്ഞിപ്പൂക്കളുടെയും കണ്ണാന്തളിയുടെയും സൌന്ദര്യത്തില്‍ ആമഗ്നനായ കവിക്കു തന്നെ ഇനിയും മരിക്കാത്ത ഭൂമി,

നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി.... എന്നു ഹൃദയം നുറുങ്ങി പാടേണ്ടി വന്നു.

ചങ്ങമ്പുഴയുടെ കാവ്യപ്രവാഹത്തിന്റെ മാസ്മരികതയില്‍ വല്ലാതെ ഭ്രമിച്ചുപോയ ഒരു കൌമാര - യൌവനകാലത്തിലൂടെയാണു കവിക്കു കടന്നുപോകേണ്ടി വന്നത്. ചങ്ങമ്പുഴയെപ്പോലെ കാല്പനികതയുടെ, സൌന്ദര്യത്തിന്റെ തീവ്ര ഉപാസകനായിരുന്നു ഒ.എന്‍.വിയും. എന്നാല്‍, ജീവിത നേരിന്റെ ഉപ്പ് ബാല്യകൌമാരങ്ങളില്‍ ആവോളം രുചിച്ച ഒ.എന്‍.വിയുടെ കവിതകളില്‍ മനുഷ്യവേദനയുടെ ചെങ്കനലുകള്‍ ചിതറിക്കിടപ്പുണ്ടായിരുന്നു.

വ്യക്തിജീവിതത്തിലെ വേദനകളും അനാഥത്വവും മാത്രമല്ല, ജന്മനാടായ ചവറയിലെ തൊഴിലാളികളുടെ കൊടിയ ദുരിതങ്ങളും ഒ.എന്‍.വിയിലെ കവിയെ ഉണര്‍ത്തി, വിപ്ളവകാരിയെ ഉണര്‍ത്തി, മനുഷ്യസ്നേഹിയെ ഉണര്‍ത്തി. ബാല്യകാലത്തു ചവറയിലെ കരിമണല്‍ ഫാക്ടറികളില്‍ പണി ചെയ്തിരുന്ന കറുത്തുണങ്ങിയ പട്ടിണിപ്പാവങ്ങളുടെ ശരീരത്തിലെ കരിമണല്‍ തന്റെ ഇളം മനസിനെ കുത്തിവേദനിപ്പിച്ചിരുന്നുവെന്നു കവി പല വേദികളിലും പറഞ്ഞിരുന്നു. അതുപോലെ ജന്മിത്ത വ്യവസ്ഥ നിലനിന്നിരുന്ന ഗ്രാമപ്രദേശത്തിലെ കര്‍ഷകന്റെ ദീനതയും കുട്ടിക്കാലത്ത് കവിയുടെ തീരാനൊമ്പരമായിരുന്നു.

യാഥാസ്ഥിതിക നായര്‍ തറവാട്ടിലാണ് ജനിച്ചതെങ്കിലും വിധിവൈപരീത്യത്താല്‍ ബാല്യകാലത്തു തന്നെ കവിക്ക് നേരിടേണ്ടിവന്ന അനാഥത്വവും ദാരിദ്യ്രവും ഒരുപക്ഷേ പാവപ്പെട്ട മനുഷ്യരുമായി താദാത്മ്യം പ്രാപിക്കുവാന്‍ കവിയെ പ്രേരിപ്പിക്കുകയോ അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയിട്ടോ ഉണ്ടാകാം. നിങ്ങളെന്നെ കമ്യൂണിസ്റാക്കി എന്ന നാടകത്തിനുവേണ്ടി അദ്ദേഹം എഴുതിയ നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ... എന്ന ഗാനത്തില്‍ നമ്മള്‍ കാണുന്നത് അവര്‍ണരെന്നു മുദ്രകുത്തപ്പെട്ട മനുഷ്യരുടെ ആകാശത്തോളം അനന്തമായ സ്വപ്നങ്ങള്‍ അടയാളപ്പെടുത്തുകയായിരുന്നു. സവര്‍ണനായി, പേരുകേട്ട കുടുംബത്തില്‍ ജനിച്ച ഒ.എന്‍.വിയെ മനുഷ്യകഥാനു ഗായകനാക്കുന്നതും ചെറുപ്പകാലത്തെ ജീവിതദുഃഖങ്ങളും നിലനില്പിന്റെ സമരങ്ങളും തന്നെയാണ്. നിസ്വവര്‍ഗത്തോടുള്ള സ്നേഹം, സഹതാപം, ജീവിതത്തോടുള്ള അടങ്ങാത്ത സ്നേഹം, നന്മയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പ്, മനുഷ്യത്വം മരവിക്കുന്ന ലോകത്തോടുള്ള അമര്‍ഷം എല്ലാം കവിയെക്കൊണ്ട് നിരന്തരം പാടിച്ചു:

വാഴ്വിനെ സ്നേഹിപ്പൂ ഞാന്‍
അതിനാല്‍ ദുഃഖിപ്പൂ ഞാന്‍
ആവില്ല മറ്റൊന്നുമേ
അതിനാല്‍ പാടുന്നു ഞാന്‍...

ചവറയിലെ ഒറ്റപ്പെട്ട ബാല്യകാല ജീവിതം, അമ്മയുടെ വൈധവ്യത്തിന്റെ കണ്ണുനീര്‍, കളിക്കൂട്ടുകാരില്ലാതെ, കളിചിരിയില്ലാതെ കടന്നുപോയ കുട്ടിക്കാലം.

ഇവയെല്ലാം ഒ.എന്‍.വിയെ ജീവിതത്തിന്റെ ഉത്സവങ്ങളില്‍ നിന്നകറ്റി, ബഹളങ്ങളില്‍ നിന്നകറ്റി, ഒരൊറ്റ നേര്‍രേഖയിലൂടെ മാത്രം നടക്കുവാന്‍ കവിയെ പ്രേരിപ്പിച്ചു. എന്നാല്‍, വ്യക്തിത്വത്തിലെ ഈ ന്യൂനതകളെല്ലാം കവിതകളിലൂടെ കവി അറിയാതെ നികത്തിപ്പോന്നു.

മനുഷ്യസ്നേഹവും ആര്‍ദ്രതയും ഇത്രയേറെ തുടിക്കുന്ന കവിതകള്‍ കുറിച്ച മറ്റൊരു കവി അടുത്തകാലങ്ങളില്‍ ഉണ്ടായിരുന്നില്ല. മാനവികതയായിരുന്നു ഒ.എന്‍.വി കവിതകളുടെ മായാമുദ്ര എന്നുതന്നെ പറയാം. മാനവികതയുടെ ശുഭ്രാകാശത്ത് ഉയര്‍ന്നുപറക്കുമ്പോഴും പ്രപഞ്ചവുമായുള്ള ഒരനന്തലയം കവിക്കുണ്ടായിരുന്നു. പ്രപഞ്ചത്തിന്റെ ആത്മസൌന്ദര്യം ദര്‍ശിച്ച കവി, പ്രകൃതിയുടെ സൌന്ദര്യചൈതന്യവും കണ്ടു. പ്രപഞ്ചം തന്നിലും താന്‍ പ്രപഞ്ചത്തിലും എന്ന അനുഭൂതിയില്‍ സ്വയം വിസ്മൃതിയില്‍ പാടി. കവിയുടെ ഈ ആധ്യാത്മ പരിസ്ഥിതി ദര്‍ശനത്തില്‍നിന്നാണ് പ്രകൃതിയോടുള്ള സ്നേഹവും പ്രണയവും പ്രകൃതിയുടെ നോവിലുള്ള വേദനയുമെല്ലാം ഉണര്‍ന്നുവന്നത്.

കവിതകളില്‍ മാത്രമല്ല, ഗാനങ്ങളിലും വയല്‍പ്പൂവിനെയും മുക്കുറ്റിയെയും പ്രതിഷ്ഠിച്ച കവി പ്രകൃതിയെയും മരക്കൊമ്പുകളില്‍ ഇരുന്ന് കിന്നാരം പറയുന്ന കുയിലിനെയും പനംതത്തകളെയും സ്നേഹിച്ചിരുന്നു. പ്രകൃതിസ്നേഹം വഴിഞ്ഞൊഴുകുന്ന നിരവധി കവിതകള്‍ ഒ.എന്‍.വി എഴുതി. കവിക്ക് ചിലപ്പോള്‍ പ്രകൃതി അമ്മയായി, മറ്റു ചിലപ്പോള്‍ പ്രാണപ്രേയസിയും. നഖക്ഷതങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനത്തിലൂടെ ആരെയും ഭാവ ഗായകനാക്കും ആത്മസൌന്ദര്യമാണു നീ... എന്നാണ് ഒ.എന്‍.വി പറഞ്ഞുപോകുന്നത്. പ്രകൃതിക്ക് എന്നെങ്കിലും ഒരു താളപ്പിഴ വരുമ്പോള്‍ ഒരു ആറാമിന്ദ്രിയംകൊണ്ട് കവി അറിയും. ദിനാന്തം എന്ന കവിതയില്‍ അദ്ദേഹം കുറിച്ചിട്ടതിങ്ങനെയാണ്...

... ഭൂമിയെ സ്നേഹാര്‍ദ്ര-
മാം ലാളനങ്ങളാല്‍
കോള്‍മയിര്‍ക്കൊള്ളിക്ക-
യെന്നുമാപാണികള്‍!
എന്തേയെന്‍ പ്രാര്‍ഥനിഷ്ഫലമായിതോ?
എന്തേ പനിച്ചു
വിറയ്ക്കുന്നുവോ ഭൂമി

ഭൂമിക്കൊരു ചരമഗീതം എന്ന കവിതയെഴുതാന്‍ ഒ.എന്‍.വിയെ പ്രേരിപ്പിച്ചതും ഈ സ്നേഹവും കരുതലുമാണ്. ഭൂമിയെ വീണ്െടടുക്കാനുള്ള അവസാന മോഹമാണ് കവിയെ നയിച്ചത്. ഒപ്പം മനുഷ്യവേദനകളില്‍ കരള്‍പിടഞ്ഞപ്പോള്‍ ഇവിടെയീ വീടിന്റെയിറയത്തിരിക്കേ എവിടെയോ തീകത്തിയാളുന്നതറിയുന്നു.. എന്നെഴുതിയ കവിക്കു മനുഷ്യന്റെ വേദന തന്നെയായിരുന്നു എക്കാലത്തും കാവ്യസപര്യക്കുള്ള ഊര്‍ജം പകര്‍ന്നത്.

ഇവിടെ എനിക്കൊരു വീടുണ്ട്, എന്ന് ആദ്യം പാടിയ കവി പിന്നെ എവിടെയും എനിക്കൊരു വീടുണ്ട് എന്ന മഹാദര്‍ശനത്തിലേക്കു പടര്‍ന്നുപന്തലിക്കുന്നു. ഞാന്‍ എന്നതില്‍ നിന്നും എന്റെ ദുഃഖം, എന്റെ ലോകം എന്ന ചെറിയ വൃത്തത്തില്‍നിന്നും മനുഷ്യദുഃഖത്തിന്റെ സമസ്തതയിലേക്കും കവി പടര്‍ന്നു. ഒടുവില്‍, ദിനാന്തത്തില്‍ തന്നെ നിശബ്ദരാക്കപ്പെട്ട മനുഷ്യരുടെ ശബ്ദം കവി കേട്ടതിങ്ങനെയാണ്;

നമ്മള്‍ ജയിക്കും,
ജയിക്കുമൊരു ദിനം!
നമ്മളൊറ്റയ്ക്കല്ല!
നമ്മളാണീ ഭൂമി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.