പി. ജയരാജനെ മഅദനിയാക്കാന്‍ നീക്കം: കോടിയേരി
പി. ജയരാജനെ മഅദനിയാക്കാന്‍ നീക്കം: കോടിയേരി
Sunday, February 14, 2016 12:47 AM IST
കോഴിക്കോട്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ മറ്റൊരു അബ്ദുള്‍നാസര്‍ മഅദനിയാക്കാന്‍ നീക്കമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോയമ്പത്തൂര്‍ കേസില്‍ മഅദനിയെ പന്ത്രണ്ടു വര്‍ഷം ജയിലിലിട്ടു. പിന്നീടു വെറുതെ വിട്ടു. പോലീസ് കാവലുള്ള സമയത്തു ബംഗളൂരുകേസിലും പ്രതിചേര്‍ത്തു ജയിലിലടച്ചു. ഇതേ സമീപനമാണ് ഇപ്പോള്‍ ജയരാജനോടും സ്വീകരിച്ചിരിക്കുന്നത്. ഒരാളെ ജയിലിലടച്ചതുകൊണ്േടാ വധിച്ചതുകൊണ്േടാ സിപിഎമ്മിനെ തകര്‍ക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട്ട് പാര്‍ട്ടി മേഖലാ റിപ്പോര്‍ട്ടിംഗിനെത്തിയ അദ്ദേഹം ഗവ.ഗസ്റ്ഹൌസില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു.

ആര്‍എസ്എസ് കേന്ദ്രനേതൃത്വം ഇടപെട്ട ശേഷമാണു മനോജ് വധക്കേസില്‍ ജയരാജനെ പ്രതി ചേര്‍ത്തത്. 502 ദിവസം ജയരാജന്‍ പ്രതിയല്ലെന്നാണു സിബിഐ പറഞ്ഞത്. 505-ാം ദിവസം പ്രതിചേര്‍ത്തു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ കൊച്ചി സന്ദര്‍ശനശേഷമായിരുന്നു ഇത്. യുഡിഎഫ് സര്‍ക്കാര്‍ ഇതിനാവശ്യമായ സഹായം ചെയ്തുകൊടുത്തു.

പി. ജയരാജനെ ഭീകരവാദിയും സിപിഎമ്മിനെ ഭീകരപ്രസ്ഥാനവുമായി ചിത്രീകരിക്കാനുള്ള ശ്രമമാണ്. അതിന്റെ ഭാഗമായാണു കേസില്‍ യുഎപി എ ചുമത്തിയതെന്നും അദ്ദേഹം പറഞ്ഞു.


സിബിഐയെയും യുഎപിഎയും കാപ്പയും കാട്ടി സിപിഎമ്മിനെ വിരട്ടാമെന്നു ധരിക്കേണ്ട. ഇക്കാര്യം മോദിയും ഉമ്മന്‍ ചാണ്ടിയുമെല്ലാം മനസിലാക്കുന്നതു നല്ലതെന്നും കോടിയേരി പറഞ്ഞു.

സിബിഐ നേരത്തെ തീരുമാനിച്ചതനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പ്രതിയെ ആദ്യം കണ്െടത്തുന്ന രീതിയാണവര്‍ പ്രയോഗിക്കുന്നത്. അതിവിടെയും ആവര്‍ത്തിച്ചു. ഉമ്മന്‍ ചാണ്ടി ഭരണത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് ഒരു നീതിയും ബിജെപിക്കാര്‍ക്കു മറ്റൊരു നീതിയുമാണ്. യുഎപിഎ ചുമത്തി സിപിഎം പ്രവര്‍ത്തകരെ വിചാരണചെയ്യാതെ ജയിലിലിടുന്നു. അതേസമയം, ബിജെപിക്കാര്‍ പ്രതികളായ കേസില്‍ എളുപ്പം ജാമ്യം കിട്ടാന്‍ സര്‍ക്കാര്‍ സഹായിക്കുന്നു. കാപ്പയും യുഎപിഎയുമെല്ലാം ദുരുപയോഗം ചെയ്യുന്നതു തുറന്നുകാട്ടാന്‍ ബഹുജനങ്ങളെ അണിനിരത്തി പ്രചാരണം സംഘടിപ്പിക്കും.

ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിനെക്കുറിച്ചു സിപിഎം ഇതേവരെ തീരുമാനമെടുത്തിട്ടില്ല. ഇക്കാര്യങ്ങളില്‍ പോളിറ്റ് ബ്യൂറോയും കേന്ദ്രക്കമ്മിറ്റിയുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കേണ്ട കാര്യം സിപിഎം അജന്‍ഡയിലില്ലെന്നും ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.