ജിജി തോംസന്റെ കാലാവധി നീട്ടല്‍: മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും
ജിജി തോംസന്റെ കാലാവധി നീട്ടല്‍:  മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും
Sunday, February 14, 2016 12:13 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ചീഫ് സെക്രട്ടറി ജിജി തോംസന്റെ ഔദ്യോഗിക കാലാവധി നീട്ടുന്നതു സംബന്ധിച്ചു നാളെ ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ചര്‍ച്ചചെയ്യും.

ഇക്കാര്യത്തില്‍ മന്ത്രിമാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ വിശദമായി ചര്‍ച്ചചെയ്ത ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ.

ഈ മാസം 29നു സര്‍വീസില്‍നിന്നു വിരമിക്കേണ്ട ചീഫ് സെക്രട്ടറിയുടെ കാലാവധി മൂന്നു മാസത്തേക്കു നീട്ടണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് ഇക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്. ജിജി തോംസന്റെ കാലാവധി നീട്ടിയില്ലെങ്കില്‍ സംസ്ഥാന സര്‍വീസിലുള്ള അടുത്ത സീനിയറായ പി.കെ. മൊഹന്തി ചീഫ് സെക്രട്ടറി പദവിയിലെത്തും. മൊഹന്തിക്കും രണ്ടു മാസത്തെ സര്‍വീസ് മാത്രമാണുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പു പടിവാതില്‍ക്കല്‍ എത്തി നില്‍ക്കേ പരിചയസമ്പന്നനായ ചീഫ് സെക്രട്ടറിയുടെ സേവനം നീട്ടണമെന്ന അഭിപ്രായമാണു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ക്കുള്ളതത്രേ. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഏതാനും മാസം മുന്‍പു നിയമിതനായ ഇ.കെ. മാജിയുടെ പ്രായോഗിക പരിചയക്കുറവും ചീഫ് സെക്രട്ടറിയുടെ കാലാവധി നീട്ടേണ്ടതിലെ ആവശ്യകതയായി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇതു മൂലം ചീഫ് സെക്രട്ടറി പദവിയിലെത്താതെ പി.കെ. മൊഹന്തിക്കു വിരമിക്കേണ്ടി വരുമെന്ന അഭിപ്രായം മറ്റു ചില മന്ത്രിമാരും പങ്കുവയ്ക്കുന്നു.


അവശ്യ ഘട്ടങ്ങളില്‍ അഖിലേന്ത്യാ സര്‍വീസിലെ ഉദ്യോഗസ്ഥരുടെ സര്‍വീസ് പദവിയിലുള്ള കാലാവധി മൂന്നു മാസം വരെ നീട്ടി നല്‍കാന്‍ കേന്ദ്രത്തിനു കഴിയും. സംസ്ഥാന മന്ത്രിസഭയുടെ തീരുമാനത്തില്‍ കേന്ദ്ര പഴ്സണേല്‍ മന്ത്രാലയമാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്.

ബജറ്റിലെ പ്രഖ്യാപനങ്ങള്‍ നടപ്പാക്കുന്നതിനുള്ള സാധ്യതകളും പ്രത്യേക മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും. ഏപ്രില്‍ ഒന്നു മുതലാണ് ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കേണ്ടത്.

ഇതിനായുള്ള നടപടിക്രമം നേരത്തെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളും പ്രത്യേക മന്ത്രിസഭായോഗത്തിന്റെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും അടക്കമുള്ള കാര്യങ്ങളും പ്രത്യേക മന്ത്രിസഭാ യോഗം ചര്‍ച്ചചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.