സുധീഷിന്റെ മൃതദേഹം ഇന്ന് നാട്ടില്‍ എത്തിച്ചേക്കും
Sunday, February 14, 2016 12:14 AM IST
കുണ്ടറ: സിയാച്ചിനില്‍ മഞ്ഞുമല ഇടിഞ്ഞു മരിച്ച മണ്‍റോതുരുത്ത് സ്വദേശി സൈനികന്‍ സുധീഷിന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ചേക്കും.

സിയാച്ചിനില്‍ പ്രതികൂല കാലാവസ്ഥ തുടരുമ്പോഴും അവിടത്തെ ബേസ് ക്യാമ്പില്‍നിന്നു ന്യൂഡല്‍ഹിയിലെ മിലിട്ടറി ആശുപത്രിയിലേക്കു മൃതദേഹം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയിച്ചതായാണ് ഏറ്റവും ഒടുവില്‍ ലഭിച്ച വിവരം. സുധീഷിന്റെ മദര്‍ റജിമെന്റായ ഊട്ടിയില്‍ നിന്നുള്ള സൈനിക ഉദ്യോഗസ്ഥരായ സുബേദാര്‍ സാംകുട്ടി ജോര്‍ജ്, ലാന്‍സ് നായിക് രാജേഷ് എന്നിവര്‍ രണ്ടുദിവസം മുമ്പേ മണ്‍റോതുരുത്തില്‍ എത്തിയിട്ടുണ്ട്. ഇവര്‍ സൈനിക അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടു വരുകയാണ്.


തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം പാങ്ങോട് സൈനിക ക്യാമ്പിലെ സൈനിക മേധാവികള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് വിലാപയാത്രയായി നാട്ടിലേക്കു കൊണ്ടുവരും.

സുധീഷ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയ മണ്‍റോതുരുത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍ മൈതാനിയിലാണ് പൊതുദര്‍ശനത്തിനു സൌകര്യം ഒരുക്കിയിരിക്കുന്നത്. വര്‍ക്കല ശിവഗിരി മഠത്തിലെ സന്യാസിമാര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.