കരൾ നിറയെ സ്നേഹവുമായി കുഞ്ഞ് അലിയ ആശുപത്രി വിട്ടു
കരൾ നിറയെ സ്നേഹവുമായി കുഞ്ഞ് അലിയ ആശുപത്രി വിട്ടു
Wednesday, April 27, 2016 1:59 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനൊന്ന് മാസം പ്രായമുള്ള അലിയ ഫാത്തിമയുടെ ശസ്ത്രക്രിയ വിജയകരം. പൂർണ ആരോഗ്യവതിയായ കുഞ്ഞ് അലിയ ഇന്നലെ ആശുപത്രി വിട്ടതായി ഡോക്ടർമാർ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഗുരുതരമായ കരൾ രോഗം ബാധിച്ച അലിയ ഫാത്തിമയ്ക്കു പുതുജീവിതം കൈവന്നത് കോടതിയുടെ ഇടപെടലോടെയായിരുന്നു. ഗുരുതര രോഗബാധിതയായ തന്റെ മകളെ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയും ഭാര്യാ പിതാവും അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലെത്തിക്കുന്നില്ലെന്നാരോപിച്ചു പിതാവ് ബഷീർ നൽകിയ ഹേബിയസ് കോർപസ് ഹർജിയിൽ ഇടപെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് നടപടി സ്വീകരിക്കാൻ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും കിംസ് ആശുപത്രിക്കും നിർദേശം നൽകിയിരുന്നു.

അലിയയ്ക്ക് കരൾ പകുത്തു നൽകാൻ തയാറായത് കരമന സ്വദേശിയും ആശാവർക്കറുമായ ശ്രീരഞ്ജിനിയാണ്. കരൾ ദാനം ചെയ്യാൻ ശ്രീരഞ്ജിനി തയാറാവുകയും ഇവരുടെ കരൾ കുട്ടിയ്ക്കു ചേരുന്നതാണെന്നു പരിശോധനയിൽ തെളിയുകയും ചെയ്തു. എന്നാൽ, ശ്രീരഞ്ജിനിയുടെ ഭർത്താവ് ശസ്ത്രക്രിയയ്ക്ക് അനുമതി നൽകാൻ തയാറായില്ല. ആശുപത്രി അധികൃതർ ഇതു കോടതിയെ അറിയിച്ചു. തുടർന്ന്, അവയവദാനത്തിന് അവയവം ദാനം ചെയ്യുന്ന ആളുടെ സമ്മതം മാത്രം മതിയെന്നും ജീവിതപങ്കാളിയുടെ അനുമതി ആവശ്യമില്ലെന്നും ഡിവിഷൻ ബഞ്ച് വ്യക്‌തമാക്കി. ഇതോടെയാണ് ശസ്ത്രക്രിയയ്ക്കുണ്ടായ തടസം നീങ്ങിയത്.


തുടർന്ന് നിയമനടപടികൾക്കൊടുവിൽ ഈ മാസം ആറിനാണ് ശസ്ത്രക്രിയയ്ക്കായി കുട്ടിയെ കിംസ് ആശുപത്രിയിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ശ്രീരഞ്ജിനി തന്നെ കുട്ടിക്കു കരൾ പകുത്തു നൽകി. ശസ്ത്രക്രിയ പൂർത്തിയാക്കാൻ 18 മണിക്കൂർ വേണ്ടി വന്നു.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുഞ്ഞിന്റെ ചികിത്സയ്ക്കായി 10 ലക്ഷം രൂപ കേരള സർക്കാർ ധനസഹായം നൽകുകയും ബാക്കി 10 ലക്ഷം രൂപ കിംസ് ആശുപത്രി വഹിക്കുകയും ചെയ്തു.

ചികിത്സയ്ക്കു മുൻപും അതിനുശേഷവുമുള്ള ഓരോ ഘട്ടവും ഹൈക്കോടതിയുടെ നിരീക്ഷണത്തിലായിരുന്നു എന്ന അപൂർവ സാഹചര്യവും ഇക്കാര്യത്തിൽ ഉണ്ടായിരുന്നു. ഈ കേസിൽ വാദം കേട്ട ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.കെ അബ്ദുൾ റഹീം ഭാര്യാസമേതനായി, അലിയയെ സന്ദർശിക്കാൻ ഇന്നലെ ആശുപത്രിയിൽ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.