അയ്യമ്പുഴയിൽ കനാലിൽ വീണ് രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു
അയ്യമ്പുഴയിൽ കനാലിൽ വീണ് രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു
Thursday, April 28, 2016 11:12 AM IST
കാലടി: കൂട്ടുകാരുമൊത്ത് ഇടമലയാർ ജലസേചന കനാലിൽ കുളിക്കാനെത്തിയ രണ്ട് പ്ലസ് ടു വിദ്യാർഥികൾ അയ്യമ്പുഴ കടുകുളങ്ങരയിൽ ചാത്തക്കുളത്തിനു സമീപം മുങ്ങിമരിച്ചു. അയ്യമ്പുഴ പാണ്ടുപാറ കാച്ചപ്പിളളി വർഗീസിന്റെ മകൻ ഡോൺ (17), മൂക്കന്നൂർ ആഴകം കൊല്ലാട്ട് സജീവന്റെ മകൻ ജിഷ്ണു(17) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്.

എട്ടു യുവാക്കളാണ് ചാത്തക്കുളം അക്വാഡക്റ്റിനു സമീപം കുളിക്കാനെത്തിയത്. പടവുകളില്ലാത്ത ഭാഗത്തു പത്തടിയോളം ആഴമുള്ള കനാലിലേക്ക് ഊർന്നിറങ്ങിയപ്പോൾ ജിഷ്ണു കാൽ വഴുതി വെള്ളത്തിൽ വീഴുകയായിരുന്നു. കനാലിന്റെ മുകൾഭാഗം കോൺക്രീറ്റ് ചെയ്ത 200 മീറ്ററോളം വരുന്ന അക്വാഡക്റ്റിനടുത്തു ശക്‌തമായ അടിയൊഴുക്കിൽ പെട്ടു മുങ്ങിയ ജിഷ്ണുവിനെ രക്ഷിക്കാൻ ചാടിയ ഡോണും ഒഴുക്കിൽപ്പെട്ടു. രണ്ടുപേർ കൂടി ഉടൻ വെള്ളത്തിലിറങ്ങി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അവരും അപകടത്തിൽപെടുമെന്നായപ്പോൾ മറ്റുളളവർ മുണ്ട് എറിഞ്ഞുകൊടുത്ത് അവരെ രക്ഷിക്കുകയായിരുന്നു.

സമീപവാസികളും വിവരം അറിഞ്ഞെത്തിയ പോലീസും ഫയർഫോഴ്സും ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. ഇറിഗേഷൻ വിഭാഗത്തെ വിവരമറിയിച്ചതിനെത്തുടർന്നു മലയാറ്റൂർ മണപ്പാട്ടുചിറയിലേക്കും കടുകുളങ്ങരയിലെ അക്വാഡക്റ്റ് വഴി ചെറിയ കനാലിലേക്കും വെളളം തിരിച്ചുവിട്ടു പ്രധാന കനാലിലേക്കുള്ള വെള്ളത്തിന്റെ അളവു കുറച്ചു. നാട്ടുകാരുടെ സഹായത്തോടെ രണ്ടു മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിൽ കുട്ടികൾ കുളിക്കാനിറങ്ങിയിടത്തുനിന്ന് ഒരു കിലോമീറ്ററോളം അകലെ കടുകുളങ്ങര അക്വാഡക്റ്റിനു സമീപം മൃതദേഹങ്ങൾ കണ്ടെത്തി. കരയ്ക്കെത്തിച്ച ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോയി.


അങ്കമാലി നിർമൽ ജ്യോതി വിദ്യാർഥികളാണു മരിച്ച സുഹൃത്തുക്കൾ. ഡോണിന്റെ മാതാവ്: മേരിക്കുഞ്ഞ്. സഹോദരി: ഡോണ. ജിഷ്ണുവിന്റെ മാതാവ്: ഓമന (അംഗനവാടി അധ്യാപിക). സഹോദരൻ: വിഷ്ണു.

ഇടമലയാർ ജലവൈദ്യുത പദ്ധതിയോടനുബന്ധിച്ച് ഭൂതത്താൻകെട്ടിൽനിന്ന് മലയാറ്റൂർ വഴിയുള്ള ജലസേചന കനാലിലാണ് അപകടമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.