അഖിലേന്ത്യാ മെഡിക്കൽ പ്രവേശന ഏകീകൃത പരീക്ഷ: കേരളത്തെ ഒഴിവാക്കാൻ സുപ്രീംകോടതിയെ സമീപിക്കും: മന്ത്രി വി.എസ്. ശിവകുമാർ
Thursday, April 28, 2016 11:41 AM IST
തിരുവനന്തപുരം: അഖിലേന്ത്യാ അടിസ്‌ഥാനത്തിൽ നടത്താൻ ഉത്തരവായ ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയിൽ നിന്ന് ഈ വർഷം കേരളത്തെ ഒഴിവാക്കണമെന്നഭ്യർഥിച്ച് സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാർ അറിയിച്ചു. കേരളത്തിൽ സംസ്‌ഥാന എൻട്രൻസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ, മെഡിക്കൽ പ്രവേശന പരീക്ഷ നടന്നു കഴിഞ്ഞ സാഹചര്യത്തിലാണ് ഇത്. ഈ പരീക്ഷയുടെ ഫലത്തിന്റെ അടിസ്‌ഥാനത്തിൽ പ്രവേശനം നടത്താൻ അനുവദിക്കണമെന്നു സുപ്രീം കോടതിയോട് അഭ്യർഥിക്കുമെന്നും വി.എസ്. ശിവകുമാർ പറഞ്ഞു.

<ആ>പരീക്ഷ എഴുതിയ വിദ്യാർഥികൾ ആശങ്കയിൽ

നന്നായി ബുദ്ധിമുട്ടി പഠിച്ച് എഴുതിയ പരീക്ഷ റദ്ദാക്കിയതിൽ വിഷമമുണ്ട്. ദൂരെയുള്ള കേന്ദ്രത്തിൽ പോയി എഴുതിയ പരീക്ഷയാണു റദ്ദാക്കിയത്. ഇനിയും മറ്റൊരു പരീക്ഷയ്ക്കായി ഒരുങ്ങുക എന്നത് ഏറെ പ്രയാസകരമാണ്. സാധാരണ രീതിയിൽ ജൂണിൽ പരീക്ഷയുടെ ഫലം വരുകയും അഡ്മിഷനും മറ്റുമായി തയാറെടുക്കുകയുമാണു പതിവ്. മേയിലും ജൂലൈയിലുമായി പരീക്ഷ എഴുതിയാൽ പരീക്ഷാഫലം വരാൻ വീണ്ടും കാത്തിരിക്കേണ്ടിവരും.

ആൻ സെബാസ്റ്റ്യൻ പറവൂർ

ജീവിതത്തിൽ ആദ്യത്തെ സംഭവമാണ് ഇത്. പരീക്ഷ യെഴുതി വീട്ടിൽ എത്തുന്നതിനു മുമ്പ് പരീക്ഷ റദ്ദ് ചെയ്തതായി അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ല. വളരെ കഷ്‌ടപ്പെട്ടാണു പരീക്ഷയ്ക്കായി തയാറെടുത്ത് എഴുതിയത്. പരീക്ഷ എഴുതാനായി വില്ലേജ് ഓഫീസിൽനിന്ന വരുമാന സർട്ടിഫിക്കറ്റ് ഉൾപ്പെടെ എല്ലാറ്റിനുമായി ഒത്തിരി ഓടി നടന്നു. പരീക്ഷ റദ്ദാക്കിയതിൽ വിഷമമുണ്ട്. പുതുക്കി നിശ്ചയിച്ച തീയതിയിൽ പരീക്ഷ എഴുതിയാൽ റിസൾട്ട് വരുന്നതു വൈകുമെന്നാണു തോന്നുന്നത്.


അലീന കലേഷ്, പറവൂർ

വളരെ കഷ്‌ടപ്പെട്ടാണ് പരീക്ഷ എഴുതിയത്. ഇനിയും എഴുതണം എന്നു പറയുന്നു. പുതിയ പരീക്ഷ എഴുതി റിസൽട്ട്വന്ന് അഡ്മിഷൻ കിട്ടുമ്പോഴേക്കും മാസങ്ങളോളം വെറുതെ ഇരിക്കേണ്ടി വരും. കഷ്‌ടപ്പാടെല്ലാം വെറുതെ ആയി എന്ന് ഓർക്കുമ്പോൾ സങ്കടമുണ്ട്.

പി.ജി. അപർണ, പറവൂർ


<ആ>സുപ്രീംകോടതി വിധി സ്വാഗതാർഹം: ക്രിസ്ത്യൻ മാനേജ്മെന്റ് അസോസിയേഷൻ


കൊച്ചി: ഏകീകൃത മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് (നീറ്റ്) അനുമതി നൽകിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നു ക്രിസ്ത്യൻ പ്രഫഷണൽ കോളജ് മാനേജ്മെന്റ് അസോസിയേഷൻ വക്‌താവ് ജോർജ് പോൾ പറഞ്ഞു. എന്നാൽ, ഈ വർഷം ഇതു നടപ്പാക്കുന്നതു പ്രായോഗികമാണോ എന്നു പരിശോധിക്കണം. പലേടത്തും പ്രവേശനപരീക്ഷ പൂർത്തിയായ സ്‌ഥിതിയാണ്.

ന്യൂനപക്ഷ മാനേജ്മെന്റുകളെ സംബന്ധിച്ച് ഇന്റർസേ മെറിറ്റ് അടിസ്‌ഥാനത്തിലുള്ള പ്രവേശനത്തിന് അനുമതി നൽകുന്ന വിധി നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.