ഒമാനിൽ കുത്തേറ്റു മരിച്ച മലയാളി നഴ്സിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുന്നു
Thursday, April 28, 2016 12:04 PM IST
ചങ്ങനാശേരി: ഒമാനിലെ സലാലയിൽ കുത്തേറ്റുമരിച്ച ചിക്കു റോബർട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ഒമാനിലെ ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെ അറിയിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി പത്രക്കുറിപ്പിൽ അറിയിച്ചു. ചിക്കു മരിച്ച സംഭവം അറിഞ്ഞതിനെത്തുടർന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ഒമാനിലെ ഇന്ത്യൻ അംബാസഡറിനും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനും നിവേദനം സമർപ്പിച്ചിരുന്നു.

ചിക്കുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇന്നലെ ഉച്ചകഴിഞ്ഞ് സലാലയിലെ ആശുപത്രിയിൽ എത്തിച്ചതായി അംബാസഡർ കൊടിക്കുന്നിൽ സുരേഷിനെ അറിയിച്ചിട്ടുണ്ട്. ചിക്കുവിന്റെ ലേബർ കാർഡ് കിട്ടിയാൽ മാത്രമേ പോസ്റ്റ്മാർട്ടം നടപടികൾ പൂർത്തിയാക്കാൻ സാധിക്കുകയുള്ളു. ചിക്കു കൊല്ലപ്പെട്ട മുറി ഒമാൻ പോലീസ് സീൽ ചെയ്തിരിക്കുന്നതിനാൽ ഈ മുറിയിലുള്ള ലേബർ കാർഡ് കണ്ടെത്താൻ സാധിക്കാത്ത അവസ്‌ഥയാണ്. കാർഡ് കണ്ടെത്തുന്നതിനായി ഇന്ത്യൻ എംബസി ഒമാൻ പോലീസിനോട് അഭ്യർഥിച്ചിട്ടുണ്ട്.

ലേബർകാർഡ് ആശുപത്രിയിൽ എത്തിക്കുന്ന മുറയ്ക്ക് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതശരീരം എംബാം ചെയ്ത് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ നടത്തുമെന്നും ഒമാൻ അംബാസഡർ അറിയിച്ചതായി കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു. ഒമാനിലെ മലയാളികളെയാകെ ഞെട്ടിച്ച ചിക്കു റോബർട്ടിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകൾ ഉന്ന തതല അന്വേഷണത്തിലൂടെ വെളിച്ചത്തു കൊണ്ടുവരണമെന്നും ഒമാനിലെ അംബാസഡറോട് കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടിട്ടുണ്ട്. ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുന്നതിൽ ബന്ധുക്കൾ മനോവിഷമത്തിലാണ്. മാടപ്പള്ളി ആഞ്ഞിലിപ്പറമ്പിൽ ലിൻസൺ തോമസിന്റെ ഭാര്യയാണ് കുത്തേറ്റു മരിച്ച ചിക്കു.


കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഒമാൻ പോലീസ് കസ്റ്റഡിയിൽ വച്ചിരിക്കുന്ന ചിക്കുവിന്റെ ഭർത്താവ് ലിൻസണെ വിട്ടുകിട്ടുന്നതിനു നടപടി സ്വീകരിക്കണമെന്നു കഴിഞ്ഞ ദിവസം എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നൽകിയ നിവേദനത്തിൽ ലിൻസന്റെയും ചിക്കുവിന്റെയും മാതാപിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ചിക്കുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് എല്ലാ സഹായവും സംസ്‌ഥാന സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി ഇവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ ലിൻസണ് ബന്ധമില്ലെന്ന് ഒമാൻ പോലീസ് അറിയിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നതിനാലാണ് ലിൻസണെ നാട്ടിലേക്കയക്കാൻ തടസമുണ്ടാകുന്നതെന്നും മുഖ്യമന്ത്രി ബന്ധുക്കളേടു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.