പെരുന്ന ബസ് സ്റ്റാൻഡിലെ അപകടം; ബസിന്റെ അമിതവേഗം
Thursday, April 28, 2016 12:04 PM IST
ചങ്ങനാശേരി: പെരുന്ന രണ്ടാം നമ്പർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യബസ് നിയന്ത്രണംവിട്ടു വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറിയത് അമിതവേഗം മൂലമെന്നു പോലീസ്. സ്റ്റാൻഡിനുള്ളിൽ അഞ്ചു കിലോമീറ്റർ താഴെ വേഗത്തിലേ വാഹനം ഓടിക്കാവൂ എന്ന നിബന്ധന നിലനില്ക്കേ അപകടത്തിനിടയാക്കിയ ബസ് 40 കിലോമീറ്റർ വേഗത്തിലായിരുന്നുവെന്നു പോലീസ് പറഞ്ഞു.ബസ് പാഞ്ഞു വരുന്നതുകണ്ട് വെയിറ്റിംഗ് ഷെഡിലുണ്ടായിരുന്ന വിദ്യാർഥികളും യാത്രക്കാരും നാലുപാടും ചിതറിയോടിയെങ്കിലും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് മാറാൻ ലിസിക്കു കഴിഞ്ഞില്ല. ഇടിച്ചുകയറിയ ബസിന്റെ മുമ്പിലെ ബംമ്പർ ലിസിയുടെ കഴുത്തിനും നെഞ്ചിനുമിടയിലൂടെ തുളഞ്ഞു കയറി. ലിസിയുടെ ശരീരം ഇരുമ്പുകസേരക്കും കൂറ്റൺ കോൺക്രീറ്റ് തൂണിനുമിടിയിൽ ഞെരിഞ്ഞമരുകയും ചെയ്തു. സംഭവസ്‌ഥലത്തുവച്ചു തന്നെ ലിസി മരിച്ചു. കസേരയും തൂണിന്റെ ഒരുഭാഗവും അടർന്നു പോയി. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ലുകളും നെയിം ബോർഡും തകർന്നു.

അപകടം കണ്ടു പകച്ചുനിന്ന പലരും ലിസിയെ ആശുപത്രിയിലെത്തിക്കാൻ മടിച്ചപ്പോൾ സ്റ്റാൻഡിൽ ബസ് കാത്തു നിന്ന വിദ്യാർഥികളായ വെളിയനാട് മംഗലപ്പള്ളി ആദർശ് അനിയൻ, കിടങ്ങറ കിഴക്കേ മുറ്റത്ത് സച്ചിൻ, കിടങ്ങറ അരുണോദയം അരുൺജിത്ത് എന്നിവരാണ് ലിസിയേയും ഭർത്താവ് ജയരാജനേയും പെരുന്ന എൻഎസ്എസ് മെഡിക്കൽ മിഷൻ ആശുപത്രിയിലെത്തിച്ചത്.


അപകടത്തിനുശേഷം ഓടാൻ ശ്രമിച്ച ഡ്രൈവറെ യാത്രക്കാരും വിദ്യാർഥികളും ചേർന്നു പിടികൂടി പോലീസിനു കൈമാറി. ലിസിയുടെ സമീപത്തെ കസേരയിലിരുന്ന മറ്റൊരു സ്ത്രീയുടെ കാലിനും പരിക്കേറ്റിട്ടുണ്ട്. ചങ്ങനാശേരി സർക്കിൾ ഇൻസ്പെക്ടർ സക്കറിയ മാത്യു, എസ്ഐ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഫയർഫോഴ്സും അപകട സ്‌ഥലത്തെത്തി. മൃതദേഹം ഇൻക്വസ്റ്റ് നടത്തി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മൃതദേഹം ഇന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഡ്രൈവർക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തു കോടതിയിൽ ഹാജരാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.