തെരഞ്ഞെടുപ്പിലെ ഗതി നിർണയിക്കുന്നത് അവസാന പത്തു ദിവസങ്ങൾ: സുധീരൻ
തെരഞ്ഞെടുപ്പിലെ ഗതി നിർണയിക്കുന്നത് അവസാന പത്തു ദിവസങ്ങൾ: സുധീരൻ
Thursday, April 28, 2016 12:49 PM IST
<ആ>സ്വന്തം ലേഖകൻ

തൃശൂർ: തെരഞ്ഞെടുപ്പിനുമുമ്പുള്ള അവസാനത്തെ പത്തു ദിവസത്തെ ചലനങ്ങളാണു ഗതി നിർണയിക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. സർവേയും മറ്റും നടത്തി ഫലം വന്നിട്ടുണ്ടെങ്കിലും അതിനു ശേഷമുണ്ടായ പ്രശ്നങ്ങളിൽ വീണ്ടും മാറ്റമുണ്ടായിരിക്കയാണ്. തൃശൂർ പ്രസ് ക്ലബ്ബിൽ പോരിന്റെ പൂരം പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുധീരൻ.

വി.എസിനെതിരെയുള്ള പ്രമേയം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന പിണറായി വിജയന്റെ പ്രസ്താവനയും അതിനു വി.എസിന്റെ മറുപടിയും വന്നതോടെ രാഷ്ട്രീയ ചർച്ചകളും വഴിമാറി. ഇതുപോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതിനനുസരിച്ചു തെരഞ്ഞെടുപ്പിന്റെ ഗതിനിർണയത്തിലും മാറ്റങ്ങൾ ഉണ്ടാകും.

മദ്യനയം, വികസനപ്രവർത്തനം എന്നിവയാണു തെരഞ്ഞെടുപ്പിലെ മുഖ്യ ചർച്ചാവിഷയം. യുഡിഎഫ് മദ്യനയം മൂലം കേരളത്തിൽ അഞ്ചുകോടി ലിറ്റർ വിദേശമദ്യ വില്പനയുടെ കുറവാണു വന്നിരിക്കുന്നത്. അതേസമയം, ബിയറിന്റെയും വൈനിന്റെയും വില്പന കൂടിയിട്ടുണ്ടെന്നതു സത്യമാണെന്നും സുധീരൻ സമ്മതിച്ചു.

യുഡിഎഫിന്റെ മദ്യനയത്തെ തുടക്കത്തിൽ പിണറായി വിജയനും പിന്തുണച്ചതാണ്. പിന്നീടു രാഷ്ട്രീയ കാരണങ്ങളാലും മദ്യലോബിയുടെ അഭിപ്രായത്തിനു വഴങ്ങിയുമാണ് അഭിപ്രായം മാറ്റിയത്.

ബാറുകൾ തുറക്കുന്ന വിഷയത്തിൽ സീതാറാം യെച്ചൂരിയുടെ വാക്കുകൾക്കു ബാറുടമകളുടെ വില പോലും കേരളത്തിലെ സിപിഎം നേതാക്കൾ കൽപ്പിക്കുന്നില്ല. എൽഡിഎഫ് വരും എല്ലാം ശരിയാകുമെന്നു പറയുന്നതു ബാറുകളുടെ കാര്യത്തിലുമുണ്ടെന്നു സുധീരൻ പറഞ്ഞു.

പാർട്ടി ഔദ്യോഗിക സ്‌ഥാനാർഥിയെ പ്രഖ്യാപിച്ചാൽ അവർക്കുവേണ്ടി പ്രവർത്തിക്കേണ്ടതു കെപിസിസി പ്രസിഡന്റിന്റെ കടമയാണ്. അടൂർ പ്രകാശിനുവേണ്ടി പ്രചാരണത്തിനു പോയതിനെകുറിച്ചു ചോദിച്ചപ്പോഴായിരുന്നു മറുപടി. സ്‌ഥാനാർഥിനിർണയം സംബന്ധിച്ചും മറ്റും പാർട്ടിയിൽ എന്താണു പറഞ്ഞതെന്ന് അറിയാത്തതുകൊണ്ടാണ് ഇത്തരത്തിൽ പ്രചാരണം നടക്കുന്നതെന്നും സുധീരൻ വ്യക്‌തമാക്കി. കടുത്ത മത്സരമാണു നടക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റ് യുഡിഎഫിനു കിട്ടും. അടുത്തഘട്ടത്തിൽ മാത്രമേ സീറ്റുകളുടെ എണ്ണം പറയാനാകുകയുള്ളൂ.


അഴിമതിക്കെതിരെ രാഷ്ട്രീയാടിസ്‌ഥാനത്തിൽ പ്രവർത്തിക്കുന്നതുകൊണ്ടാണ് അഴിമതി അവസാനിപ്പിക്കാനാകാത്തത്. അഴിമതിയുടെ പേരിൽ ജയിലിലടച്ച ബാലകൃഷ്ണപിള്ളയാണ് ഇപ്പോൾ എൽഡിഎഫിന്റെ പ്രചാരണത്തിനു മുന്നിൽ.

ഇത്തരത്തിൽ അഴിമതി രാഷ്ട്രീയാടിസ്‌ഥാനത്തിൽ കൈകാര്യംചെയ്യുന്ന മനോഭാവം മാറാതെ എങ്ങനെ അഴിമതി മാറ്റാനാകുമെന്നായിരുന്നു സുധീരന്റെ ചോദ്യം.

അഴിമതി ഇല്ലാതാക്കാൻ സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ വരണം. ജുഡീഷറിക്കു പ്രാതിനിധ്യമുള്ള നിഷ്പക്ഷരായവരും മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കർ, ചീഫ് ജസ്റ്റീസ് എന്നിവരുമടങ്ങുന്ന സമിതിയുണ്ടാകണമെന്നാണ് തന്റെ ആഗ്രഹം. അഴിമതിരഹിത സദ്ഭരണം ഉറപ്പുവരുത്തുകയാണു യുഡിഎഫിന്റെ ലക്ഷ്യം. ഇതിനാണ് തുടർഭരണം ആവശ്യപ്പെട്ടു ജനങ്ങളെ സമീപിച്ചിരിക്കുന്നതെന്നും സുധീരൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് എതിരേ മന്ത്രി ചെന്നിത്തല കത്തയച്ചുവെന്ന വി.എസിന്റെ ആരോപണത്തിനെതിരേ കേസ് നൽകേണ്ട എന്നാണ് അഭിപ്രായം. മുഖ്യമന്ത്രിക്ക് എന്തെങ്കിലും പരാതിയുള്ളതിനാലാകും കേസ് നൽകുമെന്നു പറഞ്ഞത്.

മുഖ്യമന്ത്രിക്ക് എതിരേ കത്തയച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രിയും കത്തു ലഭിച്ചിട്ടില്ലെന്ന് എഐസിസിയും പറയുന്നു. എങ്ങനെയാണ് വി.എസിന് ഇങ്ങനെ സംസാരിക്കാൻ കഴിയുന്നതെന്നറിയില്ല.

മേയ് ഒമ്പതിനു സോണിയാഗാന്ധി കേരളത്തിൽ പ്രചാരണത്തിന് എത്തുമെന്നാണ് അറിയിച്ചിട്ടുളളത്.

തൃശൂരും തിരുവനന്തപുരത്തും റാലികളിൽ അവർ സംസാരിക്കും. രാഹുൽ ഗാന്ധിയും രണ്ടു ദിവസത്തെ സന്ദർശനത്തിന് എത്തുമെന്നും സുധീരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.