പിണറായിക്കെതിരേ പിബിക്കു നൽകിയ കത്തിൽ വിഎസ് ഉറച്ചുനിൽക്കുമോയെന്നു ചെന്നിത്തല
Thursday, April 28, 2016 1:08 PM IST
പത്തനംതിട്ട: പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്റെ കത്തുകൊണ്ടു ള്ള ആക്രമണത്തെ കത്തുകൊണ്ട് പ്രതിരോധിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ മന്ത്രി രമേശ് ചെന്നിത്തല കോൺഗ്രസ് ഹൈക്കമാൻഡിന് രമേശ് അയച്ചതെന്ന പേരിൽ വി.എസ്. അച്യുതാനന്ദൻ കഴിഞ്ഞദിവസം പ്രചാരണയോഗത്തിൽ അവതരിപ്പിച്ച കത്തിനാണ് മറ്റൊരു കത്തിലൂടെ രമേശ് മറുപടി നൽകിയത്.

പത്തനംതിട്ട പ്രസ്ക്ലബിൽ ജനഹിതം 2016 തെരഞ്ഞെടുപ്പു സംവാദ പരിപാടിയിൽ പങ്കെടുത്തുകൊണ്ടാണു രമേശ് കത്തുമായെത്തിയത്. താൻ ഹൈക്കമാൻഡിന് ഒരു കത്തും അയച്ചിട്ടില്ലെന്നു മുമ്പേതന്നെ വ്യക്‌തമാക്കിയതാണെന്നു രമേശ് പറഞ്ഞു. ഹൈക്കമാൻഡും ഇതു തന്നെയാണ് പറഞ്ഞത്. കോൺഗ്രസിലെ പ്രശ്നങ്ങൾ തുറന്ന മനസോടെ ചർച്ച ചെയ്തു പരിഹരിച്ചുവരികയാണ്. ഇതേവരെയുള്ള എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്തു പരിഹരിച്ചുതന്നെയാണു മുമ്പോട്ടു പോകുന്നത്. സിപിഎമ്മിൽ ഐക്യം പോസ്റ്ററുകളിൽ മാത്രമാണ്. വിഎസും പിണറായിയും യോജിച്ചു പാർട്ടിയെ നയിക്കാനാകില്ല. പാർട്ടിയെ ഒന്നിച്ചുകൊണ്ടുപോകാനാകാത്തവർ കേരളത്തെ എങ്ങനെ നയിക്കുമെന്നും രമേശ് ആരാഞ്ഞു.

സിപിഎം സംസ്‌ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെതിരേ വി.എസ്. അച്യുതാനന്ദൻ കഴിഞ്ഞ സിപിഎം സമ്മേളനത്തിനു മുമ്പായി പോളിറ്റ് ബ്യൂറോയ്ക്ക് അയച്ചതായി പറയുന്ന കത്ത് ഉയർത്തിക്കാട്ടിയാണു സിപിഎമ്മിലെ വിഭാഗീയതയെ സംബന്ധിച്ച് രമേശ് ചെന്നിത്തല ആഞ്ഞടിച്ചത്. വിഎസിന്റെ കത്ത് സംസ്‌ഥാന കമ്മിറ്റിയിൽ ചർച്ചയ്ക്കു വരികയും അപ്രസക്‌തമാണെന്നു പറഞ്ഞു തള്ളിയതുമാണ്. പോളിറ്റ്ബ്യൂറോ ഇതു ചർച്ച ചെയ്തതുമില്ല. കത്തിൽ വിഎസ് പറഞ്ഞിരിക്കുന്ന വിഷയങ്ങളിലെ നിലവിലെ അഭിപ്രായം രമേശ് ആരാഞ്ഞു. കത്തിന്റെ അടിസ്‌ഥാനത്തിൽ അഞ്ച് ചോദ്യങ്ങളാണ് രമേശ് വിഎസിനോട് ഉന്നയിച്ചത്. വിഎസ് മുമ്പ് അയച്ച കത്തിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്നതാണ് രമേശിന്റെ ആദ്യ ചോദ്യം. കൂടാതെ പിബി കമ്മീഷൻ ഇപ്പോഴും ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ടോ. പിണറായിക്ക് വലതു പക്ഷ വ്യതിയാനമെന്ന നിലപാട് തന്നെയാണോ ഇപ്പോഴും.

ടിപി കേസിൽ പ്രതികളെ സംരക്ഷിക്കുന്നതിന് പാർട്ടി എന്തിനെയാണ് ഭയക്കുന്നത്. ഇപ്പോൾ പിണറായിയുമായി കാണപ്പെടുന്ന ഐക്യത്തിന് പകരം എന്തു വാഗ്ദാനമാണ് വിഎസിനു ലഭിച്ചിട്ടുള്ളത് എന്നീ ചോദ്യങ്ങളാണ് രമേശ് ചെന്നിത്തല വിഎസിനോട് ഉന്നയിച്ചിരിക്കുന്നത്. ബിജെപിക്കെതിരേ മതേതര കക്ഷികളുടെ ഐക്യം രാജ്യത്ത് ഉണ്ടാകേണ്ടതുണ്ട്. എന്നാൽ ബംഗാൾ മോഡൽ ഐക്യത്തിന് കേരളത്തിൽ ഇപ്പോൾ പ്രസക്‌തിയില്ലെന്നും രമേശ് പറഞ്ഞു. എൻഡിഎയ്ക്കു കേരളത്തിൽ അക്കൗണ്ട് തുറക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അഴീക്കോട്ടെ എൽഡിഎഫ് സ്‌ഥാനാർഥി നികേഷ് കുമാറിനെതിരേ വഞ്ചനാക്കുറ്റം ചുമത്തി ഡിജിപിക്കു നൽകിയ പരാതിയിൽ നടപടിയെടുത്തിട്ടുണ്ട്. കേസിൽ നികേഷ് തൊടുപുഴ കോടതിയിൽ ഹാജരായി ജാമ്യമെടുത്തതാണ്. പരവൂർ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നിലവിൽ മൂന്ന് അന്വേഷണങ്ങൾ നടന്നുവരികയാണെന്നും കേന്ദ്ര ഏജൻസി കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടിട്ടില്ലെന്നും രമേശ് പറഞ്ഞു.


ടിപി ചന്ദ്രശേഖരൻ വധവും ആർഎസ്പിയും വീരേന്ദ്രകുമാറിന്റെ ജനതാദളും എൽഡിഎഫ് വിട്ടതും പരാമർശിച്ച് പിണറായിക്കെതിരേ പോളിറ്റ് ബ്യൂറോയ്ക്ക് അയച്ച കത്തിൽ വിഎസ് ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് അറിയണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


<ആ>വിഎസിന്റെ കത്തിലെ പ്രധാന ഭാഗങ്ങളായി ചെന്നിത്തല ഉയർത്തിക്കാട്ടിയത് ഇവയാണ്:


1. ടിപി ചന്ദ്രശേഖരന്റെ നിഷ്ഠുരമായ കൊലയും തുടർന്നുള്ള കോടതി വിധിയുമാണ് കഴിഞ്ഞ സമ്മേളനത്തിനു ശേഷം പാർട്ടിയെ ഉലച്ചത്. പാർട്ടിയുടെ തെറ്റായ സമീപനത്തെ എതിർത്തതിനാണ് ടിപി പുറത്താക്കപ്പെട്ടത്. ഇതേ തുടർന്ന് ഒഞ്ചിയം, അഴമല ഭാഗങ്ങളിൽ കുറേ സഖാക്കൾ പാർട്ടി വിട്ടു. അവരെ മടക്കിക്കൊണ്ടു വരണമെന്ന് സഖാവ് വിജയൻ തന്നെ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാൻ ഒഞ്ചിയത്തു പോയി അവരോട് പാർട്ടിയിലേക്കു മടങ്ങാൻ അഭ്യർഥിച്ചത്. മടങ്ങിവരാൻ അവർ സന്നദ്ധത അറിയിച്ച ഘട്ടത്തിലാണ് ‘പിണറായി വിജയൻ അവരെ കുലംകുത്തികളെന്നു വിശേഷിപ്പിച്ചത്. അവർ പാർട്ടിയിലേക്കു മടങ്ങാമെന്നും ഇടം നേടാമെന്നും കരുതേണ്ട” എന്ന് സംസ്‌ഥാന സെക്രട്ടറി തന്നെ പ്രസ്താവന നടത്തിയത്. ഇവിടെ സെക്രട്ടറിയുടെ മനസിലുണ്ടായിരുന്നത് പാർട്ടിയുടെ താത്പര്യമല്ല, തരംതാഴ്ന്ന വ്യക്‌തിവൈരാഗ്യമാണ്.

2. ടി.പി കേസിൽ ഏഴു വാടക കൊലയാളികൾക്കൊപ്പം നമ്മുടെ പാർട്ടി അംഗങ്ങളായ മൂന്നു പേർക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചു. പാർട്ടിക്കു പങ്കില്ലെന്നു നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. ഗൂഢാലോചനയിലെ മുഖ്യ സൂത്രധാരൻ കുഞ്ഞനന്തനെ പാർട്ടി സെക്രട്ടറി ന്യായീകരിച്ചു. പാർട്ടിയെ ദുഷിപ്പിക്കുകയും തീവ്ര വലതു രീതിയിലുള്ള ഉന്മൂലനത്തിൽ ഏർപ്പെട്ടവരെ പുറത്താക്കി പാർട്ടിയെ സംരക്ഷിക്കുന്നതിനു പകരം ഇവറ്റകളെ സംരക്ഷിക്കാനാണ് നേതൃത്വം അകമഴിഞ്ഞ് ശ്രമിച്ചത്.

3. കേരളത്തിലെ പാർട്ടി നേതൃത്വവും അവരുടെ അഹങ്കാരവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിഘടിപ്പിക്കുകയാണ്. 2004 ലോക് സഭാ തെരഞ്ഞെടുപ്പിൽ നമുക്ക് ഇരുപതിൽ 18 സീറ്റു ലഭിച്ചിരുന്നു. 2009ൽ നമ്മുടെ സീറ്റ് ഇരുപതിൽ നാലായി കുറഞ്ഞു. സംസ്‌ഥാന നേതൃത്വത്തിന്റെ അഹങ്കാരമാണ് ഇതിനു കാരണം. തൽഫലമായാണ് ആർഎസ്പിയും ജനതാദളും എൽഡിഎഫ് വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.