912 പേർ പത്രിക നല്കി; അവസാന ദിവസം ഇന്ന്
Thursday, April 28, 2016 1:31 PM IST
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രികാ സമർപ്പണത്തിനുള്ള അവസാന തീയതി ഇന്ന്. ഇതിനകം 912 പേർ പത്രിക സമർപ്പിച്ചു. ഇന്നലെ 283 പത്രികകൾ സമർപ്പിച്ചു. ഇന്നലെ ഏറ്റവും കൂടുതൽ പത്രിക ലഭിച്ചത് മലപ്പുറം ജില്ലയിലാണ്– 128 എണ്ണം.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അടക്കമുള്ള പ്രമുഖർ ഇന്നാണു പത്രിക നൽകുക. മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാലും ഇന്നു പത്രിക നൽകും. ഇന്നു വൈകുന്നേരം മൂന്നു വരെയാണു പത്രിക സമർപ്പിക്കാനുള്ള സമയം. നാളെ പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. മേയ് രണ്ടിനാണു പത്രികകൾ പിൻവലിക്കാനുള്ള അവസാന ദിവസം. അതോടെ തെരഞ്ഞെടുപ്പു ചിത്രം തെളിയും. തെരഞ്ഞെടുപ്പു ചെലവു കണക്ക് യഥാസമയം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിന് കമ്മീഷൻ മുൻപ് അയോഗ്യരാക്കിയവരുടെ പട്ടികയും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ കണക്കു നൽകാത്തവരും അനുവദനീയമായ തുകയിൽ കൂടുതൽ ചെലവഴിച്ചവരുമായ 101 പേരെയാണ് അയോഗ്യരാക്കിയത്. അതിൽ 27 പേരുടെ അയോഗ്യതാ കാലാവധി കഴിഞ്ഞ മാസം അവസാനിച്ചതിനാൽ അവർക്ക് മത്സരിക്കാൻ കഴിയും. ഇപ്പോൾ 74 പേരുടെ വിലക്കാണു പ്രാബല്യത്തിലുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.