മുഖ്യമന്ത്രിക്കെതിരേ കേസില്ലെന്നു ലോകായുക്‌ത
Thursday, April 28, 2016 1:31 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മന്ത്രിമാർക്കുമെതിരേ ലോകായുക്‌തയിലോ ഉപലോകായുക്‌തയിലോ ഒരു കേസും നിലവിലില്ലെന്ന് ലോകായുക്‌ത.

രാജു വാഴക്കാല എന്നയാൾക്ക് വിവരാവകാശനിയമപ്രകാരം നൽകിയ മറുപടിയിൽ മുഖ്യമന്ത്രിക്കും 18 മന്ത്രിമാർക്കുമെതിരേ 45 കേസുകളുണ്ടെന്ന് സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസർ മറുപടി നൽകിയിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സമർപ്പിച്ച പരാതിയിലാണ് ലോകായുക്‌തയുടെ ഉത്തരവ്. സിവിലായോ ക്രിമിനലായോ കേസെടുക്കാൻ കോടതിയല്ലെന്ന് ലോകായുക്‌ത വ്യക്‌തമാക്കി.

സ്റ്റേറ്റ് ഇൻഫർമേഷൻ ഓഫീസറുടെ മറുപടി ദുരുപയോഗം ചെയ്യുന്നുവെന്നും അതിനാൽ ഇക്കാര്യത്തിൽ വ്യക്‌തത വരുത്തണമെന്നും സർക്കാരിനുവേണ്ടി സ്പെഷൽ ഗവൺമെന്റ് പ്ലീഡർ ആവശ്യപ്പെട്ടു. ലോകായുക്‌തയിൽ നിലവിലുള്ള കേസുകളിൽ ഒന്നിൽപ്പോലും സെക്ഷൻ 14 പ്രകാരം ഡിക്ലറേഷൻ സമർപ്പിക്കുകയോ, സെക്ഷൻ 15 പ്രകാരം വിചാരണയ്ക്ക് ഉത്തരവിടുകയോ ചെയ്തിട്ടില്ല. എതിർകക്ഷികളെ ഒരുവിധത്തിലും കളങ്കിതരായി കണക്കാക്കാനാവില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ചില പരാതികളിൽ വകുപ്പു മേധാവി എന്ന നിലയിലും ചിലവയിൽ സംസ്‌ഥാനത്തിന്റെ പ്രതിനിധി എന്ന നിലയിലും മന്ത്രിമാർ കക്ഷിചേർക്കപ്പെടും. ഇങ്ങനെയുള്ള വേർതിരിവില്ലാതെയാണ് വിവരാവകാശപ്രകാരമുള്ള മറുപടി നൽകിയതെന്നും ലോകായുക്‌ത നിരീക്ഷിച്ചു. ക്രിമിനൽ കുറ്റം ചെയ്ത് വിചാരണ നടത്തി ശിക്ഷിക്കപ്പെടുന്നവർ മാത്രമേ നിയമമനുസരിച്ച് അയോഗ്യരാകുന്നുള്ളൂവെന്നും ലോകായുക്‌തയ്ക്ക് മുന്നിൽ വരുന്ന കേസുകൾ ഈ സ്വഭാവമുള്ളവയല്ലെന്നും ലോകായുക്‌ത ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.