പരവൂർ വെടിക്കെട്ട് അപകടം: ക്ഷേത്ര ഭാരവാഹികളുടെ അക്കൗണ്ട് മരവിപ്പിച്ചു, രണ്ടു പേർകൂടി കസ്റ്റഡിയിൽ
Thursday, April 28, 2016 1:31 PM IST
കൊല്ലം: പരവൂർ പുറ്റിംഗൽ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ടു ക്ഷേത്ര മാനേജിംഗ് കമ്മിറ്റി ഭാരവാഹികളുടെയും അംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥർ മരവിപ്പിച്ചു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ബാങ്കുകൾക്ക് അന്വേഷണ ഉദ്യോഗസ്‌ഥർ നോട്ടീസ് നൽകി.

ക്രൈംബ്രാഞ്ചിന്റെ അനുമതി ഇല്ലാതെ ക്ഷേത്രത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച നോട്ടീസ് ബന്ധപ്പെട്ടവർക്ക് നൽകുകയും ക്ഷേത്രമതിലിൽ പതിക്കുകയും ചെയ്തു.

അതേസമയം, കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. നഗരസഭാ കൗൺസിലറും മുൻ ചെയർമാനും ക്ഷേത്രഭരണ സമിതിയംഗവുമായ സുധീർ ചെല്ലപ്പൻ, വെടിക്കെട്ട് നടന്ന ദിവസം ക്ഷേത്രാങ്കണത്തിൽ അനൗൺസ്മെന്റ് നടത്തിയ പരവൂർ കോട്ടപ്പുറം സ്വദേശി ടി.എസ്. ലൗലി എന്നിവരെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തതായി അറിയുന്നത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്‌ഥർ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.

സുധീർ ചെല്ലപ്പനെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയെന്നും ലൗലിയെ പരവൂരിലെ ക്യാമ്പ് ഓഫീസിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നുവെന്നുമാണ് പ്രാഥമിക വിവരം. സുധീർ ചെല്ലപ്പൻ അഭിഭാഷകൻ മുഖാന്തിരം കൊല്ലം ആശ്രാമത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങുകയായിരുന്നെന്നും സൂചനയുണ്ട്. അറസ്റ്റ് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥർ വിസമ്മതിച്ചു. ഇവരുടെ അറസ്റ്റ് ഇന്ന് ഔദ്യോഗികമായി രേഖപ്പെടുത്തി യേക്കും.


നേരത്തേ അറസ്റ്റിലായ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് പി.എസ്. ജയലാൽ, സെക്രട്ടറി ജെ.കൃഷ്ണൻകുട്ടിപിള്ള എന്നിവരടക്കം ഏഴു പേരുടെ ജാമ്യാപേക്ഷ ഇന്നു ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരും. കരാറുകാരൻ വർക്കല കൃഷ്ണൻകുട്ടിയുടെ മകൾ ബിന്ദു നൽകിയ മുൻകൂർ ജാമ്യാപേക്ഷയും ഇന്നു ഹൈക്കോടതി പരിഗണിക്കും.

അന്വേഷണത്തിന്റെ ഭാഗമായി കൊല്ലം തഹസീൽദാർ എസ്.എൽ. സജികുമാർ, പരവൂർ എസ്ഐ ജസ്റ്റിൻ ജോൺ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രേഖപ്പെടുത്തി. പരവൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു മൊഴിയെടുപ്പ്. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുമായി അടുത്തബന്ധം പുലർത്തുന്ന രണ്ടു പേരെയും ഇന്നലെ ക്യാമ്പ് ഓഫീസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇരുവരുടേയും മൊഴി ഏതാനും ദിവസങ്ങൾക്ക് മുമ്പും അന്വേഷണസംഘം രേഖപ്പെടുത്തുകയുണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.