രമേശ് ചെന്നിത്തലയ്ക്കെതിരേ നികേഷിന്റെ വക്കീൽനോട്ടീസ്
രമേശ് ചെന്നിത്തലയ്ക്കെതിരേ നികേഷിന്റെ വക്കീൽനോട്ടീസ്
Thursday, April 28, 2016 1:42 PM IST
കണ്ണൂർ: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരേ അഴീക്കോട് മണ്ഡലം എൽഡിഎഫ് സ്‌ഥാനാർഥി എം.വി. നികേഷ്കുമാർ വക്കീൽ നോട്ടീസ് അയച്ചു. 52 ക്രിമിനൽ കേസുകളിലെ പ്രതിയാണു നികേഷ്കുമാർ എന്ന പരാമർശത്തിനെതിരേയാണു നോട്ടീസ്. പരാമർശിക്കപ്പെട്ട കേസുകളൊന്നും വ്യക്‌തിപരമായി നികേഷിനു ബാധ്യതയുള്ളവയല്ലെന്ന് അറിഞ്ഞിട്ടും ബോധപൂർവം അപമാനിക്കാനും വോട്ടർമാരെ അന്യായമായി സ്വാധീനിക്കാനും സ്വതന്ത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള ആക്ഷേപമാണു ചെന്നിത്തല നടത്തിയിരിക്കുന്നതെന്നു നോട്ടീസിൽ പറയുന്നു.


ഇന്തോ ഏഷ്യൻ ന്യൂസ് ചാനൽ പ്രൈവറ്റ് ലിമിറ്റഡ് എംഡി എന്ന നിലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമായി മാത്രമുണ്ടായ കേസുകളാണിവ. കമ്പനിനിയമപ്രകാരമുള്ള ഈ കേസുകൾ പിന്നീട് ഒത്തുതീർപ്പാക്കാൻ കഴിയുന്നവയുമാണ്. വ്യക്‌തിപരമായി നികേഷ് ആരെയും കബളിപ്പിച്ചിട്ടില്ലെന്നു കേസുകൾ പരിശോധിച്ചാൽ വ്യക്‌തമാകും. പതിനഞ്ച് ദിവസത്തിനകം പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനും കണ്ണൂർ ജില്ലാ പോലീസ് മേധാവിക്കും ഇതുസംബന്ധിച്ചു നികേഷ്കുമാർ പരാതി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.