കടുത്തചൂട് പക്ഷികളുടെ പ്രജനനത്തെയും ബാധിക്കുന്നു
കടുത്തചൂട് പക്ഷികളുടെ പ്രജനനത്തെയും ബാധിക്കുന്നു
Thursday, April 28, 2016 1:42 PM IST
തൃക്കരിപ്പൂർ: ചൂടിന്റെ കാഠിന്യം മണ്ണിൽ കൂടൊരുക്കുന്ന പക്ഷികളുടെ പ്രജനനത്തെ സാരമായി ബാധിക്കുന്നതായി നിരീക്ഷണം. സൊസൈറ്റി ഫോർ എൻവയോൺമെന്റൽ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ (സീക്ക്) തൃക്കരിപ്പൂരിലെ എടാട്ടുമ്മൽ–കൊയോങ്കര പാടശേഖരം, കുണിയൻ എന്നിവിടങ്ങളിൽ ചെങ്കണ്ണി തിത്തിരി പക്ഷികളിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്‌തമായത്. ജലാശയങ്ങൾക്കടുത്തുളള പാറക്കെട്ടുകൾ, തുറസായ പ്രദേശങ്ങൾ, വയലുകൾ എന്നിവിടങ്ങളാണു ചെങ്കണ്ണി തിത്തിരി പക്ഷിയുടെ വാസകേന്ദ്രങ്ങൾ.

ചെങ്കണ്ണികൾ ഒറ്റയായോ ഇണകളായോ അഞ്ചും ആറുമുള്ള ചെറുകൂട്ടങ്ങളായോ ആണ് കാണപ്പെടാറുളളത്. തറയിൽ മൺകട്ടയോ പാറക്കഷണങ്ങളോ കൂട്ടി വച്ചിടത്താണ് മുട്ടയിടുന്നത്. മാർച്ച് മുതൽ ഓഗസ്റ്റ് വരെയാണു പ്രജനന കാലം. നാലു മുട്ടകൾ വരെ ഇടാറുണ്ട്. മുട്ട വിരിയാൻ 28 മുതൽ 30 ദിവസം വരെയെടുക്കും.

അന്തരീക്ഷ താപനില വർധിച്ചതോടെ മുട്ടകൾ നേരത്തെ വിരിയുകയോ ഭ്രൂണം നശിച്ചുപോകുകയോ ചെയ്യുന്നു. ഇതുവഴി കുഞ്ഞുങ്ങൾ നിലനിൽക്കാനുള്ള സാധ്യത ഇല്ലാതാവുകയാണ്. അനുകൂല സാഹചര്യത്തിൽത്തന്നെ ഇവയുടെ മുട്ടകൾ വിരിയാനുള്ള സാധ്യത കേവലം 40 ശതമാനം മാത്രമാണ്.


താപനില ഏറുമ്പോൾ ചെങ്കണ്ണി തിത്തിരി ചിറകിൽ വെള്ളം നനച്ചു കൂട്ടിലെ ചൂടു നിയന്ത്രിക്കാറുണ്ട്. കൂടിന്റെ പരിസരത്ത് ഇരപിടിയന്മാർ എത്തുമ്പോൾ പരിക്കേറ്റ പോലെ തറയിൽ കിടന്നു ശ്രദ്ധ തിരിക്കുന്ന സ്വഭാവവും ഈ പക്ഷിയുടെ സവിശേഷതയാണ്. അടിയന്തര ഘട്ടത്തിൽ കുഞ്ഞുങ്ങൾ പോലും ഈ സ്വഭാവം കാണിക്കുന്നു. ഇവ തറയിൽ തന്നെയാണു ജീവിക്കുന്നത്. മരത്തിൽ ഇരിക്കാനുള്ള കഴിവില്ല. നന്നായി പറക്കാൻ കഴിവുള്ള ഇവ വേഗത്തിൽ ഓടുകയും ചെയ്യും. പകലും നിലാവുള്ള രാവുകളിലും ഇരതേടുന്നു.

ഇന്ത്യയിലെ ചില സംസ്‌ഥാനങ്ങളിൽ കാർഷിക കാലാവസ്‌ഥാ പ്രവചനത്തിനു വരെ തിത്തിരിയുടെ കൂട് ഉപയോഗിക്കുന്നു. താഴ്ന്ന സ്‌ഥലങ്ങളിൽ ഇവ കൂടുകൂട്ടുകയാണെങ്കിൽ മഴ കുറവായിരിക്കുമെന്നും ഉയർന്ന ഇടങ്ങളിൽ കൂടുകൂട്ടുകയാണെങ്കിൽ വെള്ളപ്പൊക്കത്തിനു സാധ്യത ഉണ്ടെന്നും കർഷകർ അനുമാനിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.