വെയിറ്റിംഗ് ഷെഡിൽ ബസ് ഇടിച്ചുകയറി വീട്ടമ്മ മരിച്ചു
വെയിറ്റിംഗ് ഷെഡിൽ  ബസ് ഇടിച്ചുകയറി വീട്ടമ്മ മരിച്ചു
Thursday, April 28, 2016 1:42 PM IST
ചങ്ങനാശേരി: പെരുന്ന രണ്ടാം നമ്പർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സ്വകാര്യബസ് നിയന്ത്രണംവിട്ടു വെയിറ്റിംഗ് ഷെഡിലേക്ക് പാഞ്ഞുകയറി വീട്ടമ്മ മരിച്ചു. ഭർത്താവിനു ഗുരുതരമായി പരിക്കേറ്റു. തിരുവല്ല ചുമത്ര ചേലമൂലയിൽ ജയരാജന്റെ ഭാര്യ ലിസി ജയരാജൻ(50) ആണ് മരിച്ചത്. ഇവരോടൊപ്പം തൊട്ടടുത്ത സീറ്റിൽ ഇരുന്ന ജയരാജനു പരിക്കേറ്റു. ഇന്നലെവൈകുന്നേരം 3.45 നായിരുന്നു അപകടം.

വാകത്താനം മലേചന്തയിലുള്ള ലിസിയുടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം തിരികെ ചുമത്രയിലെ വീട്ടിലേക്കു പോകുന്നതിനായാണ് ഇവർ പെരുന്ന ബസ് സ്റ്റാൻഡിലെത്തിയത്. പായിപ്പാട്–കവിയൂർ–തോട്ടഭാഗം റൂട്ടിൽ സർവീസ് നടത്തുന്ന സെന്റ് മേരീസ് ബസാണ് അപകടമുണ്ടാക്കിയത്.


യാത്രക്കാരെ ഇറക്കിയശേഷം സ്റ്റാൻഡ് പിടിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് ഡ്രൈവർ ചെങ്ങരൂർ പുതുശേരി വിഷ്ണുഭവൻ വിഷ്ണുവിനെ (23)അറസ്റ്റ് ചെയ്തു. കണ്ടക്ടറേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ലിസിയുടെ സംസ്കാരം പിന്നീട്. മക്കൾ: ലിജോ, ജിജോ (ഇരുവരും വിദ്യാർഥികൾ).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.