സ്പെഷൽ ട്രെയിൻ: റിസർവേഷൻ ആരംഭിച്ചു
Friday, April 29, 2016 1:02 PM IST
തിരുവനന്തപുരം: വേനലവധി കണക്കിലെടുത്ത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കുന്നതിനായി സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ട്രെയിനുകൾക്ക് പ്രത്യേക നിരക്കായിരിക്കും ഈടാക്കുക. തിരുനെൽവേലി–ഗാന്ധിധാം, എറണാകുളം–വേളാങ്കണ്ണി, എറണാകുളം–മുംബൈ എന്നീ റൂട്ടുകളിലാണ് ട്രെയിനുകൾ സർവീസ് നടത്തുക. ട്രെയിനുകളിലേക്കുള്ള സീറ്റ് റിസർവേഷൻ ആരംഭിച്ചതായി റെയിൽവേ പത്രക്കുറിപ്പിൽ അറിയിച്ചു.

തിരുനെൽവേലി–ഗാന്ധിധാം സ്പെഷൽ ട്രെയിൻ മേയ് 26 ന് രാവിലെ 7.55 ന് തിരുനെൽവേലിയിൽ നിന്നു പുറപ്പെട്ട് 28 പുലർച്ചെ 4.50 ന് ഗാന്ധിധാമിൽ എത്തും. നെയ്യാറ്റിൻകര, തിരുവനന്തപുരം, കൊല്ലം, കായംകുളം, ആലപ്പുഴ, എറണാകുളം, ആലുവ, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ്, മാംഗളൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടായിരിക്കും.


എറണാകുളം–വേളാങ്കണ്ണി ട്രെയിൻ മേയ് 12, 19 രാത്രി 8.10 ന് എറണാകുളത്തു നിന്നു പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 9.30 ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. ആലുവ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. എറണാകുളം–മുംബൈ സിഎസ്ടി: മേയ് 20, 27, ജൂൺ മൂന്ന് (വെള്ളിയാഴ്ചകളിൽ) തീയതികളിൽ രാത്രി 11.30 ന് എറണാകുളത്തു നിന്നു പുറപ്പെട്ട് ഞായറാഴ്ച പുലർച്ചെ 1.20 ന് മുംബൈയിൽ എത്തിച്ചേരും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.