ഞായറാഴ്ചയിലെ രാജ്യപുരസ്കാർ പരീക്ഷ മാറ്റിവയ്ക്കണം: ടീച്ചേഴ്സ് ഗിൽഡ്
Friday, April 29, 2016 1:02 PM IST
കൊച്ചി: സ്കൗട്സ് ആൻഡ് ഗൈഡ്സിന്റെ രാജ്യപുരസ്കാർ അവാർഡ് ടെസ്റ്റ് ഞായറാഴ്ച നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്നു കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് ആവശ്യപ്പെട്ടു. 41 വിദ്യാഭ്യാസ ജില്ലകളിലായി മുപ്പതിനായിരത്തിലേറെ വിദ്യാർഥികളും മൂവായിരത്തോളം അധ്യാപകരും പങ്കെടുക്കേണ്ട റെസിഡൻഷ്യൽ ക്യാമ്പ് മേയ് ഏഴു മുതൽ ഒൻപതു വരെ തീയതികളിലാണു നടത്തുന്നത്. എസ്എസ്എൽസി പരീക്ഷയിലും പ്ലസ് വൺ പ്രവേശനത്തിനും കുട്ടികൾക്കു ഗ്രേസ് മാർക്കിന് അർഹത ലഭിക്കുന്ന പ്രധാനപ്പെട്ട രാജ്യപുരസ്കാർ പരീക്ഷ പൊതുഅവധിദിനമായ ഞായറാഴ്ച നടത്താനുള്ള തീരുമാനം പ്രതിഷേധാർഹമാണ്. ഞായറാഴ്ചയിലെ മതപരമായ ചടങ്ങുകളിലും മറ്റും പങ്കെടുക്കേണ്ട വിദ്യാർഥികൾക്കും അധ്യാപകർക്കും ഇത് ഏറെ ബുദ്ധിമുട്ടുകൾക്കിടയാക്കും.


ഏപ്രിൽ 24 ഞായറാഴ്ച സംസ്‌ഥാന വിദ്യാഭ്യാസ വകുപ്പ് അധ്യാപകരുടെ അവധിക്കാല പരിശീലനം നടത്തിയതും പ്രതിഷേധത്തിനിടയാക്കിയിരുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ഞായറാഴ്ച പരീക്ഷ മാറ്റിവയ്ക്കണമെന്നും കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് യോഗം ആവശ്യപ്പെട്ടു. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്‌ഥാന പ്രസിഡന്റ് ജോഷി വടക്കൻ, ജനറൽ സെക്രട്ടറി സാലു പതാലിൽ എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.