അഞ്ചുപേർക്കു ജീവൻ പകുത്തുനൽകി ലീലാമ്മ യാത്രയായി
അഞ്ചുപേർക്കു ജീവൻ പകുത്തുനൽകി ലീലാമ്മ യാത്രയായി
Friday, April 29, 2016 1:07 PM IST
കോലഞ്ചേരി: അഞ്ചുപേർക്ക് ജീവൻ പകത്തുനൽകി ലീലാമ്മ യാത്രയായി. അപകടത്തിൽ പരിക്കേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച മൂവാറ്റുപുഴ വാഴപ്പിള്ളി നടുമുറിയിൽ ലീലാമ്മ ഗോപാലന്റെ(52) അവയവങ്ങളാണ് അഞ്ചുപേർക്കു പുതുജീവൻ നൽകുന്നത്. ബൈക്ക് അപകടത്തിൽ പരിക്കേറ്റു കഴിഞ്ഞ 27നാണ് ലീലാമ്മയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി ഡോക്ടർമാർ ലീലാമ്മയുടെ മസ്തിഷ്ക മരണം സ്‌ഥിരീകരിച്ചു. തുടർന്നാണ് അവയവദാനത്തിനു ബന്ധുക്കൾ സന്നദ്ധത പ്രകടിപ്പിച്ചത്. ഗുരുതര രോഗം ബാധിച്ച മൂന്നുപേർക്കും അന്ധത ബാധിച്ച രണ്ടുപേർക്കുമാണ് ഇതോടെ പുതുജീവന്റെ പ്രത്യാശ ലഭിക്കുന്നത്. ലീലാമ്മയുടെ കണ്ണും കരളും വൃക്കകളുമാണ് ദാനം ചെയ്തത്.

എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ ചികത്സയിൽ കഴിയുന്ന വി. സജീവനാണു ലീലാമ്മയുടെ കരൾ ദാനം ചെയ്തത്. ആസ്റ്റർ മെഡ്സിറ്റിയലെ ഡോ.മാത്യൂസിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ശസ്ത്രക്രിയ നടത്തി സുരക്ഷിതമായി ലീലാമ്മയുടെ കരൾ എടുത്ത് ഉച്ചയ്ക്ക് 1.10ന് പ്രത്യേക ആംബുലൻസിൽ കോലഞ്ചേരിയിൽനിന്നു പുറപ്പെട്ടു. പോലീസ് അകമ്പടിയോടെയാണ് ആംബുലൻസ് പോയത്. അടിയന്തര ശസ്ത്രക്രിയയിലൂടെ കരൾ സജീവനിൽ തുന്നിച്ചേർത്തു.


വൃക്ക തകരാറിലായി എറണാകുളം ലൂർദ് ആശുപത്രിയിൽ കഴിയുന്ന വിഷ്ണു എം. പണിക്കർ, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഇരുപതുകാരനായ മുഹമ്മദ് എന്നിവർക്കാണ് ലീലാമ്മയുടെ വൃക്കകൾ ദാനംചെയ്തത്. അങ്കമാലി എൽഎഫ് ആശുപത്രിയിലേക്കാണു നേത്രപടലങ്ങൾ കൊണ്ടുപോയത്.

ലീലാമ്മയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. വൈകുന്നേരം വീട്ടുവളപ്പിൽ സംസ്കാരം നടത്തി. മക്കൾ: സൗമ്യ, സ്വപ്ന, ജിതിൻ. മരുമക്കൾ: രഞ്ജിത്, വിനു, രേണു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.