കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലത്തോടെ കോൺഗ്രസിന്റെ അന്ത്യം: സദാനന്ദ ഗൗഡ
Friday, April 29, 2016 1:07 PM IST
തിരുവനന്തപുരം: കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ രാജ്യത്തു കോൺഗ്രസ് രാഷ്ട്രീയത്തിന്റെ അന്ത്യമായിരിക്കുമെന്നു കേന്ദ്ര നിയമ മന്ത്രി സദാനന്ദ ഗൗഡ. കേസരി സ്മാരക ട്രസ്റ്റ് നടത്തിയ മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

408 സീറ്റുവരെ ലോക്സഭയിൽ നേടിയിട്ടുള്ള കോൺഗ്രസ് ഇപ്പോൾ പ്രതിപക്ഷനേതൃസ്‌ഥാനം സ്വന്തമാക്കാൻ പോലും വേണ്ടത്ര എംപിമാരില്ലാത്ത സ്‌ഥിതിയിലാണ്. 60 വർഷത്തിനുശേഷം സംസ്‌ഥാനത്ത് ഒരു പുതിയ രാഷ്ട്രീയ സ്‌ഥിതിവിശേഷമാണ് ഉടലെടുത്തിട്ടുള്ളത്. എൽഡിഎഫ്–യുഡിഎഫ് എന്നതിൽ മാറ്റമായി എൻഡിഎ കേരള രാഷ്ട്രീയത്തിൽ കൂടുതൽ ശക്‌തമായി. എൻഡിഎ മികച്ച വിജയം സംസ്‌ഥാനത്തു സ്വന്തമാക്കും.


രാജ്യത്ത് ഇടതുപക്ഷത്തിനു അടിത്തറ നഷ്‌ടമായിരിക്കയാണ്. രാജ്യത്തിന്റെ ഒരുഭാഗത്ത് കോൺഗ്രസും സിപിഎമ്മും കൈകോർക്കുകയും മറുഭാഗത്ത് ഇരുകക്ഷികളും ഏറ്റുമുട്ടുകയും ചെയ്യുന്ന സ്‌ഥിതിയാണ് കാണുന്നത്. ഇതു രാജ്യത്തെ ജനങ്ങൾ വ്യക്‌തമായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സംസ്‌ഥാനത്തെ രൂക്ഷമായ വരൾച്ച ലോക്സഭയിൽ ഉന്നയിക്കാനായി ഒരു എംപിയെ പോലും കേരളത്തിൽനിന്നു കാണാൻ സാധിക്കുന്നില്ല. കേരളത്തിന്റെ വരൾച്ചയെക്കാൾ പ്രാധാന്യം എംപിമാർക്ക് തെരഞ്ഞെടുപ്പ് പ്രചാരണമാണെന്നും സദാനന്ദ ഗൗഡ കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.