കോട്ടയം മെഡിക്കൽ കോളജ് വീണ്ടും ചരിത്രനേട്ടത്തിനരികെ
Friday, April 29, 2016 1:11 PM IST
<ആ>രാജു കുടിലിൽ

ഏറ്റുമാനൂർ: ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രാജ്യത്തെ ഏക സംസ്‌ഥാന സർക്കാർ മെഡിക്കൽ കോളജ് മറ്റൊരു ചരിത്ര നേട്ടത്തിനരികെ. ഒരേ രോഗിയിൽ ഒരേ സമയം ഹൃദയവും ശ്വാസകോശവും മാറ്റിവയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി കാത്തിരിക്കുകയാണ് മെഡിക്കൽ കോളജിലെ കാർഡിയോ തൊറാസിക് വിഭാഗം.

രാജ്യത്തെ ഒരു സംസ്‌ഥാന മെഡിക്കൽ കോളജിലും ഈ സംവിധാനമില്ല. കേരളത്തിൽ ശ്വാസകോശം മാറ്റിവയ്ക്കുന്നതിന് സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ലൈസൻസുള്ള മറ്റൊരു ആശുപത്രിയുമില്ല.

ഇരു ശസ്ത്രക്രിയകളും ഒന്നിച്ചു നടത്തുന്നതിന് ആവശ്യമായ യന്ത്രസംവിധാനങ്ങൾ കാർഡിയോ തൊറാസിക് വിഭാഗം ഓപ്പറേഷൻ തിയറ്ററിൽ സജ്‌ജീകരിച്ചുകഴിഞ്ഞു. ടെക്നീഷ്യന്മാർ ഉൾപ്പെടെ ജീവനക്കാർക്ക് പരിശീലനവും നൽകി. മസ്തിഷ്കമരണം സംഭവിച്ച രോഗിയിൽനിന്നു ശേഖരിക്കുന്ന ശ്വാസകോശം കേടുകൂടാതെ കൊണ്ടുവരാൻ ആവശ്യമായ ഫെർഫെഡക്സ് എന്ന ലായനി എത്തേണ്ടതുണ്ട്. കേരളത്തിൽ ശ്വാസകോശം മാറ്റിവയ്ക്കൽ നടക്കുന്നില്ലാത്തതിനാൽ ഈ ലായനി ഇവിടെ ലഭ്യമല്ല.

മുംബൈയിലെ ഒരു കമ്പനിയിൽ ഓർഡർ ചെയ്തിരിക്കുന്ന ലായനി ഒരാഴ്ചയ്ക്കുള്ളിൽ എത്തുമെന്നാണ് കരുതുന്നത്.ഇതുകൂടി എത്തിയാൽ പിന്നെ ഒരേ വ്യക്‌തിയിൽനിന്നു അനുയോജ്യമായ ഹൃദയവും ശ്വാസകോശവും ലഭിക്കുന്ന ആദ്യ ദിവസം ചരിത്രം സൃഷ്‌ടിക്കുന്ന ആ ശസ്ത്രക്രിയ കോട്ടയം മെഡിക്കൽ കോളജിൽ നടക്കും. മൃതസഞ്ജീവനി പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്ത് ഈ ശസ്ത്രക്രിയയ്ക്കായി ഒരു രോഗി കാത്തിരിക്കുന്നുണ്ട്.

പ്രശസ്ത കാർഡിയോ തൊറാസിക് സർജൻ ഡോ.ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കാർഡിയോ തൊറാസിക് വിഭാഗം കോട്ടയം മെഡിക്കൽ കോളജിനെ രാജ്യത്തെ മുൻനിര ആശുപത്രികൾക്കൊപ്പം നിർത്തുന്ന അനവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. ഒരു വർഷം ഹൃദയം തുറന്നുള്ള ആയിരത്തിലേറെ ശസ്ത്രക്രിയകൾ നടത്തി. രാജ്യത്ത് ആദ്യമായി ഒരു സംസ്‌ഥാന സർക്കാർ മെഡിക്കൽ കോളജിൽ ഹൃദയം മാറ്റിവയ്ക്കൽ നടത്തി. ഏഴുമാസത്തിനുശേഷം മറ്റൊരു ഹൃദയം മാറ്റിവയ്ക്കൽ കൂടി വിജയകരമായി നടത്തിയപ്പോഴും രാജ്യത്തെ മറ്റൊരാശുപത്രിക്കും ഈ നിരയിലേക്ക് കടന്നുവരാനായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.