പരവൂർ വെടിക്കെട്ട്: കമ്മിറ്റിക്കാർക്ക് ഉത്തരവാദിത്വമുന്നെു ഹൈക്കോടതി
Friday, April 29, 2016 1:18 PM IST
കൊച്ചി: പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ടു ദുരന്തത്തിൽ ക്ഷേത്ര ഭാരവാഹികൾക്ക് ഉത്തരവാദിത്വമുണ്ടെന്നും ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നും ഹൈക്കോടതി. ക്ഷേത്ര ഭാരവാഹികളായ ഏഴുപേർ നൽകിയ ജാമ്യാപേക്ഷ പരിഗണിക്കവെയാണു ജസ്റ്റീസ് കെ. ഏബ്രഹാം മാത്യുവിന്റെ ഉത്തരവ്. ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.

വെടിക്കെട്ടു ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്നു ക്ഷേത്ര ഭാരവാഹികൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്നു കോടതി പറഞ്ഞു. പോലീസിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ തലയിൽ ഉത്തരവാദിത്വം കെട്ടിവയ്ക്കാനാവില്ല.

നിരോധിത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നതുൾപ്പെടെ ആഴത്തിൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണു സർക്കാർ പറയുന്നത്. ഈ സാഹചര്യത്തിൽ ഹർജിക്കാർക്കു ജാമ്യം അനുവദിക്കാനാവില്ല. കരാറുകാരനായ കൃഷ്ണൻകുട്ടിക്കു ലൈസൻസ് ഉണ്ടായിരുന്നുവെന്നും മത്സരക്കമ്പമല്ല നടന്നതെന്നുമുള്ള ഹർജിക്കാരുടെ വാദം തള്ളിയാണു ഹൈക്കോടതിയുടെ ഉത്തരവ്.

പരവൂർ പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു മത്സരക്കമ്പം നടത്താൻ തീരുമാനിച്ചിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്‌ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എ. ഷാനവാസ് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. കരാറുകാരനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ അനാർക്കലിക്കും മറ്റൊരു കരാറുകാരനായ സുരേന്ദ്രന്റെ മകൻ ഉമേഷ് കുമാറിനും 15 കിലോ വീതം വെടിമരുന്ന് സൂക്ഷിക്കാൻ അനുമതി ലഭിച്ചിരുന്നു. ക്ഷേത്രം ഭാരവാഹികൾ 4.10 ലക്ഷം രൂപ വീതം വെടിക്കെട്ടിനായി നൽകി കാരാറിലേർപ്പെട്ടു. ജില്ലാ ഭരണകൂടവും ലോക്കൽ പോലീസും വെടിക്കെട്ടു നടത്തുന്നതിനെ എതിർത്തിരുന്നു. എന്നാൽ, മതാചാരപ്രകാരമുള്ള വെടിക്കെട്ടു ചടങ്ങുകൾ നടത്താൻ അനുമതി തേടി ക്ഷേത്രം ഭാരവാഹികൾ പിന്നീടു ചാത്തന്നൂർ അസിസ്റ്റന്റ്് പോലീസ് കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിൽ എസിപി കൊല്ലം കമ്മീഷണർക്കു റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിനെത്തുടർന്നു കർശന സുരക്ഷയിൽ മതാചാരപ്രകാരമുള്ള വെടിക്കെട്ടിനു കമ്മീഷണർ അനുമതി നൽകി. എന്നാൽ, ഈ വസ്തുത മറച്ചുവച്ച് എഡിഎമ്മിന്റെ അനുമതി ലഭിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ചാണു വെടിക്കെട്ടു നടത്തിയതെന്നും വെടിക്കെട്ട് മത്സരമാണു നടന്നതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

മത്സര വെടിക്കെട്ട് പുലർച്ചെ 3.30 വരെ തുടർന്നുവെന്നും കമ്പപ്പുരയിലേക്കു തീപ്പൊരി വീണു ദുരന്തമുണ്ടാവുകയായിരുന്നെന്നു പോലീസ് പറയുന്നു.

സംഭവത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്ക് ഉത്തരവാദിത്വമില്ലെന്നു പറയുന്നത് അംഗീകരിക്കാനാവില്ല. മത്സരത്തിനായി കരാർ ഉണ്ടാക്കിയതും കരാറുകാരെ നിശ്ചയിച്ചതും ഭാരവാഹികളാണ്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയുണ്ടെന്നു പറഞ്ഞു മത്സര വെടിക്കെട്ട് നടത്തിയെന്നതു സാക്ഷി മൊഴികളിലും തെളിവുകളിലുംനിന്നു വ്യക്‌തമാണ്.


സുരക്ഷ ഒരുക്കിയതിലെ വീഴ്ചയാണു ദുരന്തത്തിനു കാരണമെന്നും അന്വേഷണ സംഘം പറയുന്നു. കേസുമായി ബന്ധപ്പെട്ട് 34 പേരെ അറസ്റ്റ് ചെയ്തു. നിരോധിത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലം പറയുന്നു.

പുറ്റിംഗൽ ക്ഷേത്രത്തിന്റെ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് പി.എസ്. ജയലാൽ, സെക്രട്ടറി ജെ. കൃഷ്ണൻകുട്ടി, ജെ. പ്രസാദ്, വി. സുരേന്ദ്രൻപിള്ള, സി. രവീന്ദ്രൻപിള്ള, ജി.സോമസുന്ദരൻപിള്ള, ഡി. മുരുകേശ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. സംഭവത്തെത്തുടർന്ന് ഒളിവിലായിരുന്ന പ്രതികൾ പിന്നീട് അന്വേഷണ സംഘത്തിനു മുമ്പിൽ കീഴടങ്ങുകയായിരുന്നു.

<ആ>ഏഴുപേർകൂടി പിടിയിൽ

കൊല്ലം: പരവൂർ പുറ്റിംഗൽ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ഏഴുപേരെ കൂടി കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തു. ക്ഷേത്ര ഭരണസമിതിയംഗം സുധീർ ചെല്ലപ്പൻ, വെടിക്കെട്ട് നടന്ന സമയത്ത് ക്ഷേത്രാങ്കണത്തിൽ അനൗൺസ്മെന്റ് നടത്തിയ ടി.എസ്. ലൗലി (ജയ്കുമാർ), കരാറുകാരൻ കൃഷ്ണൻകുട്ടിയുടെ തൊഴിലാളികളായ മനോജ്, കുഞ്ഞുമോൻ, വേണു, സുനിൽ എന്നിവരാണ് അറസ്റ്റിലായത്.

ഇവരെ ഇന്നലെ പരവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ഏഴുപേരെയും മുനിസിഫ് മജിസ്ട്രേറ്റ് എം.സതീശൻ മേയ് 13വരെ റിമാൻഡ് ചെയ്തു.കരാറുകാരൻ കൃഷ്ണൻകുട്ടിയെ പടക്കനിർമാണത്തിനും പിന്നീട് പുറ്റിംഗൽ ക്ഷേത്രത്തിൽ വെടിക്കെട്ട് നടത്തുന്നതിനും സഹായിച്ചവരാണ് അറസ്റ്റിലായ തൊഴിലാളികൾ.

പരവൂർ നഗരസഭയുടെ മുൻ ചെയർമാനും ഇപ്പോൾ കൗൺസിലറുമായ സുധീർ ചെല്ലപ്പൻ അപകടത്തിനുശേഷം ഒളിവിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം കൊല്ലം ആശ്രാമത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങുകയായിരുന്നു.

അനൗൺസർ ലൗലിയെ ഏതാനും ദിവസം മുമ്പ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥർ പരവൂരിലെ ക്യാമ്പ് ഓഫീസിൽ വിളിച്ചുവരുത്തി വിശദമായി മൊഴിയെടുത്തിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു വീണ്ടും ക്യാമ്പ് ഓഫീസിൽ വിളിച്ചുവരുത്തിയ ശേഷം രാത്രി എട്ടോടെ കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിൽ കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.