ഷാജിക്കും കെ.പി. മോഹനനും അപരൻമാർ
Friday, April 29, 2016 1:18 PM IST
കണ്ണൂർ: നാമനിർദേശപത്രിക പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ അപരന്മാരുടെ ഭീഷണിക്ക് ഇത്തവണയും കുറവില്ല. മുന്നണി സ്‌ഥാനാർഥികളിൽ പലർക്കുമെതിരേ അവരുടെ പേരിനോടു സാമ്യമുള്ളവർ പത്രിക നൽകിയിട്ടുണ്ട്. അഴീക്കോട് മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി കെ.എം. ഷാജിക്കു രണ്ട് അപരന്മാരാണുള്ളത്. രണ്ടുപേരുടെയും പേര് കെ.എം. ഷാജി എന്നാണ്. അഴീക്കോട്ടെ എൽഡിഎഫ് സ്‌ഥാനാർഥി നികേഷ് കുമാറിന്റെ പേരിനോടു സാമ്യമുള്ള രണ്ടുപേരും പത്രിക നൽകിയിട്ടുണ്ട്. പി. നിധീഷും പി. നികേതും.

കൂത്തുപറമ്പിലും ഇടതു വലതു സ്‌ഥാനാർഥികൾക്കു രണ്ടുവീതം അപരന്മാരുണ്ട്. യുഡിഎഫ് സ്‌ഥാനാർഥി മന്ത്രി കെ.പി. മോഹനന് അതേപേരിൽ തന്നെയാണു രണ്ട് അപരന്മാരുള്ളത്. ഇടതുസ്‌ഥാനാർഥി കെ.കെ. ശൈലജയ്ക്കു കെ.പി. ശൈലജയും ശൈലജയും അപരഭീഷണി ഉയർത്തുന്നു. ധർമടം മണ്ഡലത്തിൽ പിണറായി വിജയനെതിരേ മത്സരിക്കുന്ന യുഡിഎഫ് സ്‌ഥാനാർഥി മമ്പറം ദിവാകരനുമുണ്ടു രണ്ട് അപരന്മാർ. എം. ദിവാകരനും ദിവാകരനും.

കണ്ണൂർ മണ്ഡലം യുഡിഎഫ് സ്‌ഥാനാർഥി സതീശൻ പാച്ചേനിക്ക് അപരന്മാരായി ഇ.വി. സതീശനും പി. സതീശനും പത്രിക നൽകി. ഇവിടുത്തെ എൽഡിഎഫ് സ്‌ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രനു താഴലെപുരയിൽ രാമചന്ദ്രനും പോത്തേരവളപ്പിൽ രാമചന്ദ്രനുമാണ് അപരന്മാർ. കോൺഗ്രസ് നേതാവ് കെ. സുധാകരൻ കാസർഗോഡ് ജില്ലയിലെ ഉദുമയിലാണു മത്സരിക്കുന്നതെങ്കിലും കണ്ണൂർ മണ്ഡലത്തിൽ ഒരു കെ. സുധാകരൻ പത്രിക നൽകിയിട്ടുണ്ട്.

പേരാവൂരിൽ യുഡിഎഫ് സ്‌ഥാനാർഥി സണ്ണി ജോസഫിനെതിരേ കെ. സണ്ണി ജോസഫും സണ്ണി ജോസഫും സ്വതന്ത്രന്മാരായി പത്രിക നൽകിയിട്ടുണ്ട്. ഇവിടുത്തെ എൽഡിഎഫ് സ്‌ഥാനാർഥി ബിനോയ് കുര്യനു ബിജോയ് എന്ന സ്വതന്ത്രൻ അപരഭീഷണി ഉയർത്തുന്നു. തളിപ്പറമ്പിലെ യുഡിഎഫ് സ്‌ഥാനാർഥി രാജേഷ് നമ്പ്യാർക്കെതിരേ കെ.പി. രാജേഷ് കുമാർ അപരനായി രംഗത്തുണ്ട്. തലശേരിയിൽ യുഡിഎഫ് സ്‌ഥാനാർഥി എ.പി. അബ്ദുള്ളക്കുട്ടിക്ക് അപരനായി മറ്റൊരു അബ്ദുള്ളക്കുട്ടി പത്രിക നൽകി.

<ആ>തൃശൂരിൽ

കുന്നംകുളത്ത് യുഡിഎഫ് സ്‌ഥാനാർഥി സി.പി. ജോണിന് അപരനായി സ്വതന്ത്രനായ ജോൺ മത്സരിക്കുന്നുണ്ട്.

ഗുരുവായൂരിൽ എൽഡിഎഫ് സ്‌ഥാനാർഥി കെ.വി. അബ്ദുൾഖാദറിന് അതേപേരിലും അപരനുണ്ട്. വടക്കാഞ്ചേരി മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി അനിൽ അക്കരയ്ക്കു പുറമേ അനിൽ എന്ന പേരിൽ സ്വതന്ത്രനുണ്ട്. ഒല്ലൂർ മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥിയും എംഎൽഎയുമായ എം.പി. വിൻസന്റിന് അപരനായി സ്വതന്ത്രനായി മത്സരിക്കുന്ന എം.ഡി. വിൻസന്റും രംഗത്തുണ്ട്.


<ആ>പാലക്കാട്

പാലക്കാട് ജില്ലയിൽ കടുത്ത മത്സരം നടക്കുന്ന പട്ടാമ്പി, തൃത്താല, ചിറ്റൂർ, മണ്ണാർക്കാട്, നെന്മാറ മണ്ഡലങ്ങളിൽ അപരൻമാർ രംഗത്തുണ്ട്.

പട്ടാമ്പിയിൽ യുഡിഎഫ്, എൽഡിഎഫ് സ്‌ഥാനാർഥികൾക്കെതിരേയും അപരൻമാരുണ്ട്. എൽഡിഎഫ് സ്‌ഥാനാർഥിയായ മുഹമ്മദ് മുഹ്സിനെതിരേ അപരൻമാരായ മൊഹ്സിൻ, മൊഹ്സിൻ, മുഹമ്മദ് മുഹ്സിൻ എന്നിവർ മത്സരിക്കുന്നു. യുഡിഎഫ് സ്‌ഥാനാർഥി സി.പി. മുഹമ്മദിനെതിരേ അപരൻ സി.പി. മുഹമ്മദ് സ്വതന്ത്രനായി മത്സരിക്കുന്നു. തൃത്താല നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി വി.ടി.ബൽറാമിനെതിരേ അപരൻ ബലറാം സ്വതന്ത്രനായുണ്ട്. ചിറ്റൂരിൽ യുഡിഎഫ് സ്‌ഥാനാർഥി കെ.അച്യുതനെതിരേ അപരൻ അച്യുതനും എൽഡിഎഫ് സ്‌ഥാനാർഥി കെ.കൃഷ്ണൻകുട്ടിക്കെതിരേ അപരൻമാരായ എ.കൃഷ്ണൻകുട്ടിയും കെ.കൃഷ്ണൻകുട്ടിയും സ്വതന്ത്രരായി മത്സരിക്കുന്നു. മണ്ണാർക്കാട് നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി എൻ.ഷംസുദീനെതിരേ അപരനായി ഷംസുദീനുമുണ്ട്.

നെന്മാറയിൽ ഇടതുസ്‌ഥാനാർഥി കെ.ബാബുവിന് അപരൻമാർ നാലുപേരാണ്. ബാബു, സി.ബാബു, ബാബു, ബാബു എന്നിവർ. യുഡിഎഫ് സ്‌ഥാനാർഥി എ.വി. ഗോപിനാഥിനെതിരേ അപരൻ എം.ബി. ഗോപിനാഥനുമുണ്ട്.

<ആ>വടകര

വടകര മണ്ഡലത്തിൽ അപരന്മാരുടെ ബാഹുല്യം. ചതുഷ്കോണ മത്സരം നടക്കുന്ന ഇവിടെ പ്രമുഖ സ്‌ഥാനാർഥികളെല്ലാം അപരന്മാരുടെ ഭീഷണിയിലാണ്. യുഡിഎഫ് സ്‌ഥാനാർഥി മനയത്ത് ചന്ദ്രനു രണ്ടും സി.കെ. നാണുവിന് ഒരാളും അപരവേഷത്തിൽ പത്രിക നൽകി. ആർഎംപി സ്‌ഥാനാർഥി കെ.കെ. രമക്കെതിരേ രണ്ട് അപര സ്‌ഥാനാർഥികൾ പത്രിക നൽകിയിട്ടുണ്ട്.

പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം ടി.പി. രമ എന്നൊരാളെയാണു കെ.കെ. രമയെ തടയാൻ നിർത്തിയിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറാമല പഞ്ചായത്തിലെ 14–ാം വാർഡിൽ സിപിഎം സ്‌ഥാനാർഥിയായി മത്സരിച്ചയാളാണു ടി.പി. രമ. ഇടതുസ്‌ഥാനാർഥി ഉണ്ടായിരിക്കെ ഏതാനും മാസങ്ങൾക്കുമുമ്പ് അരിവാൾചുറ്റിക നക്ഷത്രത്തിൽ വോട്ടു തേടിയ ആളെ തന്നെ മത്സരിപ്പിക്കുന്നതു വിമത സ്‌ഥാനാർഥിയാണെന്ന വ്യാഖ്യാനത്തിന് ഇടനൽകിയിരിക്കുകയാണ്.

സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗമാണ് ടി.പി. രമ. ഇവരുടെ സഹോദരൻ സിപിഎം ചോറോട് ലോക്കൽ കമ്മിറ്റിയംഗമാണ്. കെ.കെ രമക്കെതിരേ മറ്റൊരു കെ. രമയും പത്രിക നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.