ചികിത്സയിൽ കഴിയുന്ന യുവതിക്കു ആശുപത്രിയിൽ കുത്തേറ്റു; ഭർത്താവ് പിടിയിൽ
Saturday, April 30, 2016 1:53 PM IST
ഏറ്റുമാനൂർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയെ ആശുപത്രി വാർഡിനുള്ളിൽ ഭർത്താവ് കുത്തിപരിക്കേൽപ്പിച്ചു. ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഭാര്യയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.

മൂന്നാം വാർഡിൽ ചികിത്സയിൽ കഴിയുന്ന വേളൂർ പതിനാറിൽചിറ കൊച്ചുമണത്തറ ദിലീപ് കുമാറിന്റെ ഭാര്യ ജോസ്മി (20)ക്കാണു കുത്തേറ്റത്. കുത്തിയശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ദിലീപ്കുമാറിനെ(22) എയ്ഡ്പോസ്റ്റിലെ പോലീസുകാരും വാർഡിലുണ്ടായിരുന്നവരും ഓടിച്ചിട്ടു പിടികൂടി ഗാന്ധിനഗർ പോലീസിൽ ഏൽപിച്ചു. ഇയാളെ ഇന്നു കോടതിയിൽ ഹാജരാക്കും.

ഇന്നലെ ഉച്ചയ്ക്ക് ഒന്നിനു ശേഷമാണ് ആശുപത്രിയെ നടുക്കിയ സംഭവം. അമിതമായി ഗുളിക കഴിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ജോസ്മിയെ വാർഡിൽ എത്തിയ ദിലീപ്കുമാർ പ്രകോപനമൊന്നും കൂടാതെ കുത്തുകയായിരുന്നു. ജോസ്മിയുടെ അടിവയറിനാണു കുത്തേറ്റത്. മാരകമായി മുറിവേറ്റ ജോസ്മിയെ രാത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.


സംഭവം നടക്കുമ്പോൾ ജോസ്മിയുടെ അഞ്ചുമാസം പ്രായമായ കുഞ്ഞും ജോസ്മിയുടെ അമ്മയും സഹോദരിയും ഒപ്പമുണ്ടായിരുന്നു. ദിലീപ്കുമാർ സംശയരോഗിയായിരുന്നുവെന്നും മറ്റാരുമായോ ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഇയാൾ ഭാര്യയുമായി സ്‌ഥിരം കലഹത്തിലായിരുന്നെന്നും പോലീസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.