വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ: ഭക്‌തനിറവിൽ വാർഷികാചരണം
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ: ഭക്‌തനിറവിൽ വാർഷികാചരണം
Saturday, April 30, 2016 1:54 PM IST
രാമപുരം: തേവർപറമ്പിൽ കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിന്റെ പത്താം വാർഷികാചരണം രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ ആചരിച്ചു. രാവിലെ ഏഴിനു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. മോൺ.ജോസഫ് മലേപ്പറമ്പിൽ, മുൻ വൈസ് പോസ്റ്റുലേറ്റർ റവ.ഡോ.കുര്യൻ മാതോത്ത്, റവ.ഡോ.ജേക്കബ് വെള്ളരിങ്ങാട്ട്, രാമപുരം ഫൊറോന ഇടവകയിലെ വൈദികർ എന്നിവർ സഹകാർമികത്വം വഹിച്ചു.

വിശുദ്ധ കുർബാന മധ്യേ മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി. കുഞ്ഞച്ചന്റെ പ്രവർത്തനം സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ള ദളിത് സഹോദരങ്ങളെ കേന്ദ്രമാക്കിയുള്ളതായിരുന്നെന്നും കുഞ്ഞച്ചന്റെ പ്രേഷിത ജോലിയുടെ സ്‌ഥാനം ഒരു ശ്ലീഹായ്ക്കടുത്തതാണെന്നും ബിഷപ് പറഞ്ഞു.വിശുദ്ധ ജോൺ വിയാനിയെപ്പോലെ അനുരഞ്ജന കൂദാശ പരികർമംചെയ്ത കുഞ്ഞച്ചൻ, ഓരോ തീർഥാടന ദേവാലയവും പാപികളായ ആത്മാക്കളുടെ ആതുരാലയമാണെന്ന്, അഥവാ അങ്ങനെ ആയിത്തീരേണ്ടതാണെന്നു പഠിപ്പിക്കുന്നുവെന്നും ബിഷപ് കൂട്ടിച്ചേർത്തു. മേയ് 21നു രാമപുരത്തു നടക്കുന്ന ഡിസിഎംഎസ് സംസ്‌ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.വാർഷികാചരണ പരിപാടികൾക്കു ഫൊറോന വികാരി റവ.ഡോ.ജോർജ് ഞാറക്കുന്നേൽ, വൈസ് പോസ്റ്റുലേറ്റർ റവ.ഡോ.സെബാസ്റ്റ്യൻ നടുത്തടം, ഡിസിഎംഎസ് പാലാ രൂപത ഡയറക്ടർ ഫാ.സ്കറിയ വേകത്താനം, അസി.വികാരിമാരായ ഫാ.സെബാസ്റ്റ്യൻ കുമ്പുളുമൂട്ടിൽ, ഫാ.ജോർജ് നെല്ലിക്കുന്ന് ചെരുവിപുരയിടം എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.