ഇടപ്പള്ളി പള്ളിയിൽ തിരുനാൾ: തിരുസ്വരൂപം എഴുന്നള്ളിക്കൽ ഇന്ന്
Saturday, April 30, 2016 1:54 PM IST
കൊച്ചി: പ്രസിദ്ധ തീർഥാടനകേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോർജ് ഫൊറോന പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ചു തിരുസ്വരൂപം എഴുന്നള്ളിക്കൽ ഇന്നു നടക്കും. വൈകുന്നേരം 4.30നുള്ള ആഘോഷമായ തിരുസ്വരൂപം എഴുന്നള്ളിക്കലിനു സാക്ഷ്യം വഹിക്കാൻ ആയിരക്കണക്കിനു വിശ്വാസികളെത്തും.

തിരുവാഭരണങ്ങൾ അണിയിച്ച തിരുസ്വരൂപം, ബൈബിൾ ചിത്രങ്ങൾ ആലേഖനം ചെയ്ത രഥത്തിലേറ്റിയാണ് എഴുന്നള്ളിക്കുന്നത്. വൻ ജനാവലിയും വാദ്യമേളങ്ങളും അകമ്പടിയാകും. പരമ്പരാഗത രീതിയിൽ മലരും പൊരിയും വെറ്റിലയും വിതറി നാനാജാതി മതസ്‌ഥരായ വിശ്വാസികൾ തിരുസ്വരൂപത്തെ വരവേൽക്കും.


പ്രധാന തിരുനാൾ ദിനമായ മേയ് നാലിനു രാവിലെ അഞ്ചിനു വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം പന്തലിലേക്ക് എഴുന്നള്ളിച്ചുവയ്ക്കും. 10.30നു പഴയദേവാലയത്തിൽ നടക്കുന്ന തിരുനാൾ പാട്ടുകുർബാനയ്ക്ക് ഫാ. സെബാസ്റ്റ്യൻ വാഴപ്പിള്ളി കാർമികത്വം വഹിക്കും.

ഉച്ചകഴിഞ്ഞു 3.30നു വിശുദ്ധ കുർബാനയ്ക്കുശേഷം പട്ടണപ്രദക്ഷിണം. ഒമ്പതിനു പഴയ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയക്ക് ഫാ. ജെസ്വിൻ പുതുശേരി കാർമികത്വം വഹിക്കും. 10.30ന് വിശുദ്ധന്റെ തിരുസ്വരൂപം ദേവാലയത്തിൽ എടുത്തു വയ്ക്കും. മേയ് 10, മേയ് 11 ദിവസങ്ങളിലാണ് എട്ടാമിടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.