ബിരുദ വിദ്യാർഥികളുടെ മികവിനു ഭാരതമാതാ എക്സലൻസ് അവാർഡ്
ബിരുദ വിദ്യാർഥികളുടെ മികവിനു ഭാരതമാതാ എക്സലൻസ് അവാർഡ്
Saturday, April 30, 2016 1:54 PM IST
<ആ>സിജോ പൈനാടത്ത്

കൊച്ചി: കേരളത്തിലാദ്യമായി ആർട്സ്, സയൻസ് ബിരുദ വിദ്യാർഥികളുടെ പഠന, പാഠ്യേതര, വ്യക്‌തിത്വ മികവുകളെ ആദരിക്കാൻ എക്സലൻസ് അവാർഡ്. തൃക്കാക്കര ഭാരതമാതാ കോളജാണു ലക്ഷങ്ങൾ സമ്മാനത്തുക നൽകുന്ന ’ഭാരതമാതാ എക്സലൻസ് അവാർഡ്’ ഏർപ്പെടുത്തിയിട്ടുള്ളത്.

അര ലക്ഷം രൂപ വീതം സമ്മാനത്തുകയുള്ള ഭാരതമാതാ എക്സലൻസ് ഗോൾഡ് അവാർഡ്, 25,000 രൂപ വീതം നൽകുന്ന ഭാരതമാതാ എക്സലൻസ് സിൽവർ അവാർഡ്, 10,000 രൂപ വീതം നൽകുന്ന ഭാരതമാതാ എക്സലൻസ് ബ്രോൺസ് അവാർഡ് എന്നിവയാണു കോളജ് ഏർപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ സർവകലാശാലകളിൽ ആർട്സ്, സയൻസ് ബിരുദ കോഴ്സുകൾക്കു പഠിക്കുന്ന മികച്ച വിദ്യാർഥികൾക്കാണു പുരസ്കാരത്തിന് അർഹതയുള്ളത്.

പഠനമേഖലയിലെ മികവു മുതൽ കൃഷിയോടുള്ള ആഭിമുഖ്യം വരെയുള്ള ഇരുപത്തിയഞ്ചോളം മാനദണ്ഡങ്ങളെ അവലോകനം ചെയ്താണു പുരസ്കാര ജേതാക്കളെ നിർണയിക്കുന്നത്. മികവിന് പരമാവധി 350 പോയിന്റുകളാണു നൽകുന്നത്. ഇതിൽ 290 പോയിന്റോ അതിലധികമോ നേടുന്നവർക്കു അര ലക്ഷം രൂപയുടെ എക്സലൻസ് ഗോൾഡ് അവാർഡ് ലഭിക്കും. 270 പോയിന്റുകൾ നേടുന്നവർക്കു എക്സലൻസ് സിൽവർ, 250 പോയിന്റ് നേടുന്നവർക്കു എക്സലൻസ് ബ്രോൺസ് അവാർഡുകൾ ലഭിക്കും. നിശ്ചിത പോയിന്റുകൾ നേടുന്ന എല്ലാവരും പുരസ്കാരത്തിന് അർഹരാണ്.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ 80 ശതമാനം മാർക്കു നേടിയിരിക്കണം. വിവിധ മെറിറ്റ് സ്കോളർഷിപ്പുകൾ ഉൾപ്പടെ അക്കാഡമിക് രംഗത്തെ നേട്ടങ്ങൾ (8 പോയിന്റ്), ഗവേഷണപരിചയം (20), അക്കാഡമിക് അവാർഡുകൾ (5), ഭാഷാ പരിജ്‌ഞാനം (15), ആംഗ്യഭാഷാ പരിജ്‌ഞാനം (10), പൊതുവിജ്‌ഞാനം (30), കംപ്യൂട്ടർ പരിജ്‌ഞാനം (20), ആശയവിനിമയം (10), ചിന്താശേഷി/ വായന (40), ഫോട്ടോഗ്രഫി (7), ആപ്റ്റിറ്റ്യൂഡ്/ പെയിന്റിംഗ്, ഹാൻഡിക്രാഫ്റ്റ് (7), സാഹസികത (20), ലൈഫ് സ്കിൽ (17), സ്വയം പ്രതിരോധം (10), അത്ലറ്റിക്സ്/ ഗെയിംസ് (11), അവതരണകലകൾ (11), രചനാവൈഭവം (12), കലയിലും സാഹിത്യത്തിലുമുള്ള അംഗീകാരങ്ങൾ (12), എൻസിസി, എൻഎസ്എസ്, എസ്പിസി (20), സാമൂഹ്യപ്രവർത്തനം (30), ജീവൻരക്ഷാ പരിജ്‌ഞാനം (5), സംവിധാനം/ തിരക്കഥാരചന (5) നേതൃത്വപാടവം (10), കൃഷി ആഭിമുഖ്യം (10) എന്നീ രംഗങ്ങളിലെ മികച്ച പ്രകടനങ്ങളാണു പുരസ്കാര നിർണയത്തിൽ മാനദണ്ഡമാക്കുന്നത്.


ബിരുദ വിദ്യാർഥികളെ, അവരുടെ കഴിവുകൾ ക്രിയാത്മകമായി പ്രയോജനപ്പെടുത്താൻ പ്രേരിപ്പിക്കുകയാണു ഭാരതമാതാ എക്സലൻസ് അവാർഡുകളിലൂടെ ലക്ഷ്യമാക്കുന്നതെന്നു കോളജ് ഡയറക്ടർ റവ.ഡോ.വർഗീസ് കളപ്പറമ്പത്ത് പറഞ്ഞു.

’ഭാരതമാതാ എക്സലൻസ് അവാർഡുകളുടെ ബ്രോഷർ പ്രകാശനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പും കോളജ് രക്ഷാധികാരിയുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിച്ചു. എറണാകുളം–അങ്കമാലി അതിരൂപത സഹായമെത്രാനും കോളജ് സഹരക്ഷാധികാരിയുമായ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, പ്രോ–വികാരി ജനറൽ മോൺ. സെബാസ്റ്റ്യൻ വടക്കുംപാടൻ, കോളജ് ഡയറക്ടർ റവ.ഡോ.വർഗീസ് കളപ്പറമ്പത്ത്, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാ.ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, പ്രിൻസിപ്പൽ ഡോ.ഐപ്പ് തോമസ്, മുൻ പ്രിൻസിപ്പൽ പ്രഫ. ജോസ് ജെ. പുതുശേരി, വൈസ് പ്രിൻസിപ്പൽമാരായ ഡോ. കെ.വി. തോമസ്, ഡോ. ഷൈനി പാലാട്ടി, ഡോ. ലാലി മാത്യു എന്നിവർ പ്രസംഗിച്ചു.

പദ്ധതിയുടെ അപേക്ഷാ ഫോമും വിശദവിവരങ്ങളും കോളജിന്റെ വെബ്സൈറ്റിലോ ഓഫീസിലോ ലഭിക്കും. അതതു കോളജ് പ്രിൻസിപ്പൽമാർ വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. കോളജിന്റെ സുവർണജൂബിലിയോടനുബന്ധിച്ച് ആവിഷ്കരിച്ച പദ്ധതികളിലൊന്നാണു ഭാരതമാതാ എക്സലൻസ് അവാർഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.