ഇടതു സ്‌ഥാനാർഥിയുടെ പ്രചാരണബോർഡിലെ കോൺഗ്രസ് നേതാവിന്റെ പടം നീക്കാൻ നിർദേശം
ഇടതു സ്‌ഥാനാർഥിയുടെ പ്രചാരണബോർഡിലെ കോൺഗ്രസ് നേതാവിന്റെ പടം നീക്കാൻ നിർദേശം
Saturday, April 30, 2016 2:07 PM IST
കണ്ണൂർ: എൽഡിഎഫ് സ്‌ഥാനാർഥിയുടെ പ്രചാരണബോർഡിൽനിന്നു കോൺഗ്രസ് നേതാവിന്റെ പടം നീക്കംചെയ്യാൻ തെരഞ്ഞെടുപ്പു കമ്മീഷന്റെ നിർദേശം. കല്യാശേരി മണ്ഡലം എൽഡിഎഫ് സ്‌ഥാനാർഥി ടി.വി. രാജേഷിന്റെ പ്രചാരണബോർഡിൽ മാടായി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.പി. കരുണാകരന്റെ ഫോട്ടോയാണ് ഉൾപ്പെട്ടത്.

തന്റെ ചിത്രം ബോർഡിൽനിന്നു നീക്കണമെന്ന് ആവശ്യപ്പെട്ടു കരുണാകരൻ തെരഞ്ഞെടുപ്പു കമ്മീഷനു പരാതി നൽകിയിരുന്നു. ഇതേത്തുടർന്നാണു ഫോട്ടോ നീക്കാനുള്ള ഉത്തരവ്.

യുഡിഎഫ് ഭരിക്കുന്ന മാടായി പഞ്ചായത്തും മാടായി കൃഷിഭവനും ചേർന്നു വെങ്ങര ചെമ്പല്ലിക്കുണ്ട് പാടശേഖരത്തിൽ സംഘടിപ്പിച്ച നടീൽ ഉത്സവം ഞാറുനട്ടു ടി.വി. രാജേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണു പ്രചാരണ ബോർഡിലുണ്ടായിരുന്നത്.


പഞ്ചായത്ത് വൈസ് പ്രസിഡന്റായ പി.പി. കരുണാകരന്റെ ഫോട്ടോ ഇതിൽ വ്യക്‌തമായി കാണാം. താനും കൃഷി ഓഫീസറും മറ്റുള്ളവരും നിൽക്കുന്ന ഫോട്ടോ പ്രചാരണ ബോർഡിൽ ഉൾപ്പെടുത്തിയതു ശരിയായില്ലെന്നും നീക്കണമെന്നുമായിരുന്നു കരുണാകരന്റെ പരാതി.

പ്രചാരണ ബോർഡുകൾ എടുത്തുമാറ്റുകയോ ബോർഡിലെ പ്രസ്തുത ഭാഗം മറച്ചുവയ്ക്കുകയോ ചെയ്യണമെന്നാണു തെരഞ്ഞെടുപ്പു കമ്മീഷൻ നിർദേശിച്ചതെന്നും എന്നാൽ, ബോർഡുകൾ മുഴുവൻ നീക്കം ചെയ്തില്ലെന്നും കരുണാകരൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ബോർഡുകൾ പൂർണമായും നീക്കം ചെയ്തില്ലെങ്കിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.