ജയിൽ ചാടിയ കൊലക്കേസ് പ്രതി ഒമ്പതു വർഷത്തിനുശേഷം പിടിയിൽ
ജയിൽ ചാടിയ കൊലക്കേസ് പ്രതി ഒമ്പതു വർഷത്തിനുശേഷം പിടിയിൽ
Monday, May 2, 2016 12:56 PM IST
കാസർഗോഡ്: വീട്ടമ്മയെ കൊലപ്പെടുത്തി 17 പവൻ കവർന്ന കേസിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു ചാടിയ പ്രതി ഒമ്പതു വർഷത്തിനു ശേഷം കാസർഗോട്ട് പിടിയിൽ. കോട്ടയം വൈക്കം ആലത്തൂർപടി സ്വദേശി പി. അഭിലാഷ് (40)ആണ് അറസ്റ്റിലായത്. 2001 മേയ് ആറിനു മഞ്ചേരി പാലക്കുളത്തെ ചിതൽമണ്ണിൽ ഹൗസിലെ അബ്ദുള്ളയുടെ ഭാര്യ ഫാത്തിമ(50)യെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിലാണ് അഭിലാഷ് പിടിയിലായത്.

ഞായറാഴ്ച വൈകുന്നേരം മൊബൈൽഫോൺ കടയിൽ ഫോൺ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് അഭിലാഷ് പിടിയിലായത്. പ്രതി സമർപ്പിച്ച വ്യാജ ആധാർ കാർഡിൽ സംശയം തോന്നിയ കടയുടമ പോലീസിനെ വിവരമറിയിക്കുകയും പോലീസ് എത്തി ചോദ്യംചെയ്തതോടെ പ്രതി കുടുങ്ങുകയുമായിരുന്നു.

2007 ഒക്ടോബർ 20നാണ് പ്രതി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയത്. ഇതേത്തുടർന്ന് ഒമ്പതു വർഷത്തോളമായി മുംബൈ, ബംഗളുരു, ചെന്നൈ, എറണാകുളം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ രൂപവും വേഷവും മാറി വിവിധ പേരുകളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. മിക്കയിടങ്ങളിലും ഹോട്ടൽ, ബേക്കറി ജീവനക്കാരനായിട്ടാണ് അഭിലാഷ് കഴിഞ്ഞിരുന്നത്. പിന്നീടു കൂത്താട്ടുകുളത്തെത്തിയ അഭിലാഷ് അവിടെനിന്നു കാസർഗോട്ടേക്കു വണ്ടികയറി. കാസർഗോഡ് പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ ഒരു ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു. ഇവിടെനിന്നു മുഖംമൂടി, രണ്ടു കത്തി, കൈയുറ എന്നിവയും പോലീസ് കണ്ടെത്തി. കാസർഗോഡ് സിഐ എം.പി.ആസാദ്, എസ്ഐ രഞ്ജിത് രവീന്ദ്രൻ, പ്രൊബേഷണറി എസ്ഐ എ.നൗഫൽ എന്നിവരുടെ നേതൃത്വത്തിലാണ് അഭിലാഷിനെ അറസ്റ്റ് ചെയതത്. കാസർഗോഡ് ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 12 വരെ റിമാൻഡ് ചെയ്തു. പ്രതിയെ കാസർഗോഡ് സബ്ജയിലിലേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.