മത്സ്യലഭ്യത കുറഞ്ഞതോടെ തീരം വറുതിയുടെ പിടിയിൽ
Monday, May 2, 2016 12:56 PM IST
തുറവൂർ: കഴിഞ്ഞ നാലുമാസത്തിലധികമായി മത്സ്യലഭ്യതയിലുണ്ടായ കുറവു മൂലം തീരം വറുതിയുടെ പിടിയിൽ. മുൻ വർഷങ്ങളിൽ മാർച്ച് –ഏപ്രിൽ മാസങ്ങളിൽ ചെമ്മീൻ, അയില, മത്തി തുടങ്ങിയ മത്സ്യങ്ങൾ വൻതോതിൽ ലഭ്യമായിരുന്നു. എന്നാൽ, ഇത്തവണ വൻകുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. മത്സ്യലഭ്യത കുറഞ്ഞതോടെ ആലപ്പുഴ, എറണാകുളം ജില്ലകളിലെ മത്സ്യത്തൊഴിലാളികൾ ഇപ്പോൾ ചെറുവള്ളങ്ങളിലാണ് മത്സ്യബന്ധനം നടത്തുന്നത്.

ശക്‌തമായ വേനൽച്ചൂട് കടലിലും അനുഭവപ്പെട്ടതോടെ പകൽസമയങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ സാധിക്കാത്ത അവസ്‌ഥയാണ് നിലവിൽ ഉള്ളത്. കഴിഞ്ഞ കുറച്ചുനാളുകളായി കടൽക്കാറ്റും ശക്‌തമാണ്. ഇതും വള്ളമിറക്കുന്നതിനെ പ്രതിസന്ധിയിലാക്കുന്നു. അർത്തുങ്കൽ, തൈക്കൽ, പള്ളിത്തോട്, അന്ധകാരനഴി, ചാപ്പക്കടവ്, ചെല്ലാനം തുടങ്ങിയ മത്സ്യഗ്യാപ്പുകളിൽ നിന്നും ഒരു വള്ളവും ഇറക്കുന്നില്ല. കഴിഞ്ഞ ഒരുവർഷത്തിലധികമായി ഈ മേഖലയിലെ ലൈലാൻഡ് വള്ളങ്ങൾ കടലിൽ ഇറക്കിയിട്ടേയില്ല.


ചില ദിവസങ്ങളിൽ പലതവണ കടലിൽ വലയിറക്കിയെങ്കിൽ മാത്രമേ നാമമാത്രമായെങ്കിലും മത്സ്യങ്ങൾ ലഭിക്കുകയുള്ളുവെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഈ മാസവും ഇത്തരത്തിലുള്ള അവസ്‌ഥയാണെങ്കിൽ മറ്റു തൊഴിലിനെ ആശ്രയിക്കേണ്ടി വരുമെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ നാലുമാസത്തിലധികമായി കടലിൽ വെള്ളമിറക്കാൻ സാധിക്കാത്തതുമൂലം പൊന്ത്, മുറി ചെറുവള്ളങ്ങൾ കരക്കിരുന്നു നശിക്കുകയാണെന്നും ഇതോടൊപ്പം വലകളും നഷ്‌ടപ്പെടുന്ന അവസ്‌ഥയാണെന്നും തൊഴിലാളികൾ പറയുന്നു.

പുറങ്കടലിൽ വിവിധതരം വലകളുപയോഗിച്ച് വൻകപ്പലുകൾ മത്സ്യബന്ധനം നടത്തുന്നതും തീരക്കടലിനുണ്ടായ ഘടനാ മാറ്റവുമാണ് മത്സ്യങ്ങളെ തീരക്കടലിൽ നിന്നകറ്റിയിരുക്കുന്നതെന്ന് മത്സ്യബന്ധനമേഖലയിലെ വിദഗ്ധർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.