കോൺഗ്രസ് സഹായമില്ലാതെ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നു പ്രകാശ് കാരാട്ട്
കോൺഗ്രസ് സഹായമില്ലാതെ ബിജെപി അക്കൗണ്ട് തുറക്കില്ലെന്നു പ്രകാശ് കാരാട്ട്
Monday, May 2, 2016 12:56 PM IST
കോട്ടയം: കോൺഗ്രസ് ഉൾപ്പെടെ മറ്റു പാർട്ടികളുടെ രഹസ്യസഹായമുണ്ടായാൽ മാത്രമേ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കൂ എന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. രണ്ടു വർഷം മുമ്പു നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ കാലാവസ്‌ഥയല്ല ഇപ്പോഴുള്ളത്. അന്നു നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം ശക്‌തമായ സാഹചര്യത്തിൽ യുവജനങ്ങൾ ഉൾപ്പെടെ ഒരു വിഭാഗം ബിജെപിക്കു പതിവുവിട്ടു വോട്ട് ചെയ്തിട്ടുണ്ടാകും. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ചില മേഖലകളിൽ ബിജെപി ഒന്നാം സ്‌ഥാനത്തെത്തിയതു താത്കാലികം മാത്രമാണെന്നും പ്രകാശ് കാരാട്ട് കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ പറഞ്ഞു. ഭരണത്തിൽ മോദി പരാജയമാണെന്നു തെളിഞ്ഞിരിക്കെ രണ്ടു വർഷം മുമ്പുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്. ജനങ്ങൾ അതൃപ്തരാണ്.


ഇലക്ഷനിൽ ഭൂരിപക്ഷം ലഭിച്ചാൽ ആരാകണം മുഖ്യമന്ത്രിയെന്ന് അപ്പോൾ തീരുമാനിക്കും. ബാറുകൾ പൂട്ടിയെന്നു സർക്കാർ പറയുന്നതിൽ അർഥമൊന്നുമില്ല. അടച്ച ബാറുകളിൽ ബിയറും വൈനും ഇപ്പോഴും വിൽക്കുന്നുണ്ട്. ഇതും മദ്യത്തിന്റെ പരിധിയിൽവരുന്ന ഉത്പന്നങ്ങളാണ്. മുമ്പു തമിഴ്നാട്ടിൽ മദ്യം നിരോധിച്ചെങ്കിലും അതു പിന്നീട് പരാജയത്തിൽ കലാശിച്ചു. മദ്യനിരോധനമല്ല മദ്യവർജനമാണു പ്രായോഗികമെന്നും കാരാട്ട് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.