ഇന്ദിരാഗാന്ധി തന്ന അയ്യായിരം രൂപ!
ഇന്ദിരാഗാന്ധി തന്ന അയ്യായിരം രൂപ!
Monday, May 2, 2016 12:56 PM IST
തൃശൂർ: എഴുപതിലെ നിയമസഭാ തെരഞ്ഞെടുപ്പുഫലം വന്നതിന്റെ തൊട്ടടുത്ത ദിവസമാണു സന്ദർഭം. കുന്നംകുളം മണ്ഡലത്തിലെ വിജയി സിപിഎമ്മിലെ ടി.കെ. കൃഷ്ണൻ ആഹ്ലാദപ്രകടനത്തിന്റെ തിരക്കിലാണ്. കൊടിവച്ച അംബാസഡർ കാറിൽ ഓരോ പഞ്ചായത്തിലെയും പ്രചാരണകേന്ദ്രങ്ങളിലേക്കു തിരക്കിട്ടു യാത്രകൾ നടത്തുന്നു. പ്രവർത്തകരുടെ ആവേശം ഏറ്റുവാങ്ങുന്നു. ഇടയ്ക്കു ചൂണ്ടലിൽ എത്തിയപ്പോൾ ഠിം... കാർ ബ്രേക്ക് ഡൗൺ.

നാല്പത്തഞ്ചു വർഷം മുമ്പുള്ള കാര്യമാണ്. വേറെ വണ്ടി സംഘടിപ്പിക്കുന്നതിനു പോയിട്ട് ഇക്കാര്യം അടുത്ത ആഹ്ലാദപ്രകടന കേന്ദ്രത്തിൽ വിളിച്ചറിയിക്കാൻ പോലുമുള്ള സംവിധാനമില്ല. സ്‌ഥാനാർഥിയും അണികളും തലയിൽ കൈവച്ചു നിൽക്കുമ്പോൾ അതാ വരുന്നു, കൊടിവച്ച മറ്റൊരു കാറ്. ഡ്രൈവിംഗ് സീറ്റിൽ തോറ്റ സ്‌ഥാനാർഥിയായ യൂത്ത് കോൺഗ്രസുകാരൻ. തോറ്റെങ്കിലും പ്രചാരണത്തിനുവേണ്ടി വാടകയ്ക്കെടുത്തിരുന്ന കാറിൽ മണ്ഡലമൊക്കെ ഒന്നു ചുറ്റിക്കാണാനിറങ്ങിയ കക്ഷി വിജയിയെയും കൂട്ടരെയും നടുറോഡിൽ കണ്ടപ്പോൾ ബ്രേക്കിട്ടു.

കാര്യങ്ങൾ അറിഞ്ഞപ്പോൾ അടുത്ത സ്വീകരണ സ്‌ഥലത്തേക്കു വിജയിയെ തന്റെ കാറിൽ എത്തിക്കാമെന്നായി തോറ്റ സ്‌ഥാനാർഥി. അങ്ങനെ തോറ്റയാളുടെ കാറിൽ ആ ഹ്ലാദപ്രകടനത്തിനായി ജയിച്ച സ്‌ഥാനാർഥി പുറപ്പെട്ടു. ലോകത്തിൽതന്നെ ആദ്യമായായിരിക്കും ഇങ്ങനെയൊരു സംഭവമെന്ന് അന്നത്തെ തോറ്റ സ്‌ഥാനാർഥിയും കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ കെ.പി. വിശ്വനാഥൻ പറയുന്നു.

ഒടുവിൽ ആഹ്ലാദപ്രകടനം നടക്കുന്നിടത്തു ടി.വി. കൃഷ്ണനെ ഇറക്കിവിടുമ്പോൾ കാറിൽ ഒപ്പമുള്ളയാളെക്കണ്ട് പ്രവർത്തകർ അന്തംവിട്ടു. എങ്കിലും കൂകിവിളിച്ചു കളിയാക്കിയാ ണു തന്നെ അവർ അവിടെനിന്നു യാത്രയാക്കിയത്!

2011 വരെയുള്ള തെരഞ്ഞെടുപ്പിൽ തുടർച്ചയായി പത്തുതവണ മത്സരിച്ച കെ.പി. വിശ്വനാഥന്റെ ആദ്യതെരഞ്ഞെടുപ്പായിരുന്നു അത്. അക്കാലത്തു നോമിനേഷൻ നല്കിയാൽ പ്രചാരണത്തിനു രണ്ടു മാസത്തോളം സമയം ലഭിക്കും. മണ്ഡലത്തിലെ പരമാവധി വീടുകളിൽ സ്‌ഥാനാർഥി നേരിട്ടെത്തി വോട്ട് തേടുന്നതാണു പ്രചാരണ രീതി – ആദ്യ തെരഞ്ഞെടുപ്പ് അദ്ദേഹം ഓർത്തെടുക്കുന്നു.

പ്രചാരണത്തിനിടയിൽ പല തമാശകളും ഉണ്ടാവാറുണ്ട്. പോന്നോർ കോളനിയിൽ ഭവന സന്ദർശനത്തിനിടെ ഉണ്ടായ ഒരു സംഭവം. ആ പ്രദേശത്തു ധാരാളം കുഷ്ഠരോഗികൾ താമസിച്ചിരുന്നു. കുഷ്ഠരോഗം എന്നുകേട്ടാൽ അക്കാലത്ത് എല്ലാവർക്കും പേടിയാണ്. സ്വീകരണസ്‌ഥലത്തു കൂടിയ എല്ലാവരെയും ആശ്ലേഷിക്കുന്നതിനിടയിൽ അറിയാതെ ഒരു കുഷ്ഠരോഗിയുടെ കൈയിലും പിടിച്ചു. ഉടൻ വയറുവേദന അഭിനയിച്ചു ചിറ്റിലപ്പിള്ളിയിലെ സഹോദരിയുടെ വീട്ടിലേക്കു വിട്ടു. ചൂടുള്ള വെള്ളത്തിൽ കൈ കഴുകിയതിനുശേഷമാണു പിന്നീടു മടങ്ങിച്ചെന്നത്.

തുറന്ന ജീപ്പിലുള്ള പ്രചാരണവും രസകരമാണ്. മണ്ഡലത്തിന്റെ എല്ലായിടവും ചുറ്റി രണ്ടു തവണയായിരുന്നു പ്രചാരണം. മിക്കയിടത്തും മൺറോഡുകൾ. മുന്നിൽ പോകുന്ന വാഹനങ്ങളിൽനിന്നുള്ള പൊടിയടിച്ചു രാത്രിയാകുമ്പോഴേക്കും തുറന്ന ജീപ്പിലുള്ള ന മ്മുടെ രൂപമെല്ലാം മാറും.

കേന്ദ്രത്തിലെയും കേരളത്തിലെയും പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിന് അഭിമാനപ്പോരാട്ടമായിരുന്നു എഴുപതിലെ തെരഞ്ഞെടുപ്പ്. പരമാവധി സീറ്റുകൾ പിടിക്കു ക എന്നു ലക്ഷ്യംവച്ചാണ് പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. താനടക്കമുള്ള 11 യുവനേതാക്കൾക്ക് ആ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചു. ഉമ്മൻ ചാണ്ടിയും എ.കെ. ആന്റണിയും ഉൾപ്പെടെയുള്ള പ്രമുഖർ എഴുപതിലെ തെരഞ്ഞെടുപ്പിലൂടെയാണു സജീവരാഷ്ട്രീയത്തിലെത്തിയത്. ജയസാധ്യതയനുസരിച്ചു മണ്ഡലങ്ങളെ മൂന്നായി ഗ്രേഡ് ചെയ്തായിരുന്നു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് ഒരുക്കം. ജയിക്കുമെന്നു നൂറു ശതമാനം ഉറപ്പുള്ള മണ്ഡലങ്ങൾക്കാണ് എ ഗ്രേഡ്. സി വിഭാഗത്തിൽപ്പെട്ടവ ഒരുതരത്തിലും ജയിക്കാൻ സാധ്യതയില്ലാത്തവയും. പ്രചാരണച്ചെലവുകൾക്കു പണം നൽകിയിരുന്നത് ഈ ഗ്രേഡിംഗിന്റെ അടിസ്‌ഥാനത്തിലാണ്. ഇതുപ്രകാരം സി ഗ്രേഡായിരുന്നു കുന്നംകുളത്തിന്.

അങ്ങനെയിരിക്കേ ഇന്ദിരാഗാന്ധി കുന്നംകുളത്തു പ്രചാരണത്തിനെത്തി. ജവഹർ സ്ക്വയറിൽ ആയിരക്കണക്കിന് ആളുകൾ കൂടിയ വേദിയിലാണ് ഇന്ദിരാഗാന്ധി പ്രസംഗിച്ചത്. അതു കഴിഞ്ഞു തൃശൂരിലേക്കുള്ള യാത്രയിൽ ഇന്ദിരാഗാന്ധിയോടൊപ്പം സഞ്ചരിക്കാൻ അവസരം ലഭിച്ചു. തുറന്ന ജീപ്പിൽ ഞാനും ഇന്ദിരാഗാന്ധിയും നിൽക്കുന്നു. കെപിസിസി പ്രസിഡന്റ് കെ.കെ. വിശ്വനാഥൻ, ഡിസിസി പ്രസിഡന്റ് എം.വി. അബൂബക്കർ സാഹിബ് എന്നിവരും ജീപ്പിലുണ്ട്. സെപ്റ്റംബർ 20 ആയിരുന്നു ആ ദിവസം. ഇന്ദിരാഗാന്ധിയുടെ ഒപ്പം സഞ്ചരിക്കുക എന്നതു യുവാവായിരുന്ന എന്റെ ജീവിതത്തിൽ ഏറ്റവും അവിസ്മരണീയമായ സന്ദർഭം.


കുന്നംകുളം മുതൽ പുഴയ്ക്കൽ വരെ റോഡിനിരുവശത്തും നീണ്ടുപരന്നുകിടക്കുന്ന പാടങ്ങളാണ്. കെ.പി. വിശ്വനാഥന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ഇന്ദിരാഗാന്ധി ഇതാ ഇതുവഴി കടന്നുവരുന്നുവെന്ന അനൗൺസ്മെന്റുമായി ഒരു വാഹനം ആദ്യം പുറപ്പെട്ടു.

ഇരുഭാഗത്തുമുള്ള പാടങ്ങളിൽ പണിയെടുത്തിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഈ അനൗൺസ്മെന്റ് കേട്ട് റോഡിന് ഇരുവശത്തുമായി കൂടിനിൽക്കും. ആളു കൂടുന്നിടത്തൊക്കെ ഇന്ദിരാഗാന്ധി ജീപ്പ് സ്ലോ ചെയ്യാൻ പറയും. അങ്ങനെ നിർത്തിനിർത്തിയാണു പോക്ക്. ഇതിനിടെ സ്വീകരണസ്‌ഥലങ്ങളിൽനിന്നു തനിക്കു കിട്ടുന്ന പൂമാലകളും ഖദർമാലകളുമെല്ലാം ഇന്ദിരാഗാന്ധി കൂടിയിരിക്കുന്നവർക്കായി എറിഞ്ഞുകൊടുക്കും.

രാമനിലയത്തിൽ എത്തിയപ്പോൾ ഇന്ദിരാഗാന്ധി എന്നെ മുറിയിലേക്കു വിളിപ്പിച്ചു. മത്സരത്തിന് ആശംസ നേരുന്നതിനോടൊപ്പം അവർ പെട്ടിതുറന്ന് അയ്യായിരം രൂപ കൈയിൽ വച്ചുതന്നു.

പ്രചാരണത്തിന്റെ ആവേശം കണ്ടു ഞാൻ ജയിക്കുമെന്ന് അവർ പ്രതീക്ഷിച്ചിരിക്കണം. കുന്നംകുളത്തുനിന്നുള്ള യാത്രയ്ക്കിടെ ഈ സ്‌ഥലങ്ങളെല്ലാം തന്റെ മണ്ഡലത്തിൽപ്പെട്ടതാണോ എന്ന് അവർ ചോദിച്ചിരുന്നു.

എന്തായാലും ഇന്ദിരാഗാന്ധിയുടെ വക അയ്യായിരം രൂപ കിട്ടിയതോടെ സി ക്ലാസ് മണ്ഡലമായിട്ടുപോലും പ്രചാരണത്തിന് ഇഷ്‌ടംപോലെ പണം കിട്ടി. ഒരു ലിറ്റർ പെട്രോളിന് അന്ന് ആറു രൂപയായിരുന്നു വില. പലപ്പോഴും പണമില്ലാതെ വാഹനം ഉപയോഗിക്കാൻ വരെ കഴിയാത്ത സാഹചര്യമുണ്ടാകാറുണ്ട്. ഇന്ദിരാഗാന്ധി പ്രചാരണത്തിനു വന്നെങ്കിലും ഫലം വന്നപ്പോൾ പ്രതീക്ഷിച്ചതുപോലെ ഞാൻ തോറ്റു. കോൺഗ്രസ് വിമതസ്‌ഥാനാർഥി കെ.വി.കെ. പണിക്കർ 4,800 വോട്ടു പിടിച്ചതു നിർണായകമായി. 3,800 വോട്ടുകൾക്കായിരുന്നു ഔദ്യോഗിക സ്‌ഥാനാർഥിയായ എന്റെ തോൽവി. ജയിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നതിനാൽ വലിയ വിഷമമൊന്നും തോന്നിയില്ല. വിജയി ടി.കെ. കൃഷ്ണന്റെ വക എല്ലാവർക്കും ചായയുണ്ടായിരുന്നു. അതു ഞാനും വാങ്ങിക്കുടിച്ചു.

പരാജയപ്പെട്ടെങ്കിലും മുഖ്യധാരാ രാഷ്ട്രീയത്തിൽ നിലയുറപ്പിക്കാൻ സാധിച്ചത് ആദ്യ തെരഞ്ഞെടുപ്പോടെയാണ്. നിരവധി സ്‌ഥാനങ്ങൾ ആ തോൽവിക്കുശേഷം എന്നെത്തേടി വന്നു. അടിയന്തരാവസ്‌ഥയ്ക്കു ശേഷം നടന്ന 77ലെ തെരഞ്ഞെടുപ്പിൽ 9,700 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ടി.കെ. കൃഷ്ണനെത്തന്നെ പരാജയപ്പെടുത്തി ഞാൻ ആദ്യമായി നിയമസഭയിലെത്തി. അദ്ദേഹത്തിന്റെ അവസാന തെരഞ്ഞെടുപ്പായിരുന്നു അത്.

അയ്യന്തോളിലെ അപ്സര ലോഡ്ജിലായിരുന്നു അക്കാലത്ത് താമസം. എതിർവശത്ത് ടി.കെ. കൃഷ്ണന്റെ വീട്. ഞങ്ങളൊന്നിച്ചാണു പലപ്പോഴും കുന്നംകുളത്തേക്കു പ്രചാരണത്തിനായി പോകുന്നത്. സ്‌ഥാനാർഥികൾ തമ്മിലുള്ള അത്തരം സൗഹൃദങ്ങളെല്ലാം ഇന്ന് ഇല്ലാതായിരിക്കുന്നു. 80ൽ കോൺഗ്രസ്–എയും മാർക്സിസ്റ്റ് പാർട്ടിയുമായി ഐക്യമായപ്പോൾ ടി.കെ. കൃഷ്ണൻ എനിക്കുവേണ്ടി പ്രചാരണത്തിനു വന്നിരുന്നു.

87, 91, 96 വർഷങ്ങളിൽ തോറ്റു. 2001ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായെങ്കിലും ഒമ്പതു മാസത്തിനുള്ളിൽ രാജിവയ്ക്കേണ്ടിവന്നു.

അഴിമതിയാരോപണങ്ങൾ വന്നപ്പോൾത്തന്നെ ആദർശംകൊണ്ട് രാജിവച്ചതു പിന്നീടു തെറ്റായെന്നു തോന്നിയിട്ടുണ്ട്. രാജി എന്റെ രാഷ്ട്രീയ ജീവിതത്തിന്റെ പതനമായിരുന്നു. കുറ്റം സമ്മതിക്കുന്നതുപോലെയാണു രാജിയെ ജനങ്ങൾ കാണുന്നത്. തുടർന്നുള്ള രണ്ടു തെരഞ്ഞെടുപ്പിലും ഞാൻ തോറ്റു: അദ്ദേഹം പറഞ്ഞുനിർത്തുന്നു.

പാട്ടുരായ്ക്കൽ വസന്ത് നഗറിലെ 15–ാം നമ്പർ വീട്ടിൽ ഈ തെരഞ്ഞെടുപ്പുകാലത്തു വലിയ ആളും ആരവവുമൊന്നുമില്ല. നാല്പത്തഞ്ചു വർഷത്തിനുശേഷം കെ.പി. വി ശ്വനാഥൻ മത്സരരംഗത്തില്ലാത്ത ആദ്യ തെരഞ്ഞെടുപ്പാണ് വരുന്നത്. ഉമ്മൻ ചാണ്ടിക്കും ആര്യാടനുമൊപ്പം കോൺഗ്രസിൽനിന്ന് ഏറ്റവുമധികം തവണ മത്സരിച്ചുവെന്ന പദവി കൈവശംവയ്ക്കുന്ന നേതാവ് ഇക്കുറി മത്സരിക്കുന്നില്ലെങ്കിലും പ്രചാരണ രംഗത്തു സജീവമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.