മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരേ കേസില്ലെന്ന നിലപാടിൽ ലോകായുക്‌തയ്ക്ക് അതൃപ്തി
Monday, May 2, 2016 1:13 PM IST
തിരുവനന്തപുരം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസില്ലെന്ന ഉപലോകായുക്‌തയുടെ നിലപാടിൽ ലോകായുക്‌തയ്ക്ക് അതൃപ്തി. താൻ ഇന്ത്യയിലില്ലാത്ത സമയത്താണു തനിക്ക് അറിവില്ലാത്ത കാര്യങ്ങൾ സംബന്ധിച്ച് വാർത്തകൾ പുറത്തുവന്നതെന്നു ലോകായുക്‌ത ജസ്റ്റീസ് പയസ് സി. കുര്യാക്കോസ് പറഞ്ഞു. അറിയാത്ത കാര്യങ്ങൾക്കു പഴി കേൾക്കേണ്ടിവരുന്നതു മുജ്‌ജന്മപാപംകൊണ്ടായിരിക്കുമെന്നും ലോകായുക്‌ത അഭിപ്രായപ്പെട്ടു.

ഉപലോകായുക്‌തയുടെ നടപടികളിൽ കടുത്ത അതൃപ്തി വ്യക്‌തമാക്കുന്നതായിരുന്നു ലോകായുക്‌ത ജസ്റ്റീസ് പയസ് സി. കുര്യാക്കോസിന്റെ പരാമർശം. കെപിസിസി മുൻ അംഗത്തിന്റെ മകൾക്കു റീജണൽ കാൻസർ സെന്ററിൽ നിയമനം നൽകിയതുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും എതിരായ കേസ് പരിഗണിക്കുകയായിരുന്നു ലോകായുക്‌ത. ഇതിനിടെയാണു മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ കേസില്ലെന്ന ഉപലോകായുക്‌ത ജസ്റ്റീസ് കെ.പി. ബാലചന്ദ്രന്റെ പരാമർശത്തെ ലോകായുക്‌ത പരോക്ഷമായി സൂചിപ്പിച്ചത്.


മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരായ കേസുകൾ കൈകാര്യം ചെയ്യുന്നത് ലോകായുക്‌ത ഡിവിഷൻ ബെഞ്ചാണ്. ലോകായുക്‌ത കേരളത്തിലില്ലാതിരിക്കുമ്പോഴാണു മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കെതിരെ കേസില്ലെന്ന വിവരാവകാശ രേഖ സംബന്ധിച്ച വാർത്ത പുറത്തുവന്നത്. പാറ്റൂർ കേസിലെ ഉത്തരവ് ഉപലോകായുക്‌ത ഒറ്റയ്ക്കു പുറത്തിറിക്കിയതിലും ലോകായുക്‌തയ്ക്ക് അതൃപ്തിയുണ്ടായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.