മുഖപ്രസംഗം: മത്സ്യസമ്പത്ത് ഇല്ലാതാക്കുന്ന ചൂഷണം തുടരുന്നു
Monday, May 2, 2016 1:20 PM IST
മത്സ്യസമ്പത്തിൽ ഗണ്യമായ കുറവാണു രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 2014നെ അപേക്ഷിച്ചു 2015ൽ കടൽമത്സ്യ ലഭ്യത 5.4 ശതമാനം കുറഞ്ഞുവെന്നാണു കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്ക്. സാധാരണക്കാരുടെ മത്സ്യവിഭവമെന്നു കരുതപ്പെടുന്ന മത്തിയുടെ ലഭ്യതയിലാകട്ടെ ഉത്കണ്ഠാജനകമായ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്. കേരള തീരത്തു മത്തിയുടെ ലഭ്യത പകുതിയിലേറെ കുറഞ്ഞുവത്രേ. 2014ൽ കേരളതീരത്തുനിന്ന് ഒന്നര ലക്ഷം ടൺ മത്തി കിട്ടിയ സ്‌ഥാനത്ത് 2015ൽ വെറും 68,000 ടണ്ണാണു കിട്ടിയത്. ചില വർഷങ്ങളിൽ ചെറുമത്സ്യങ്ങളുടെ ലഭ്യതയിൽ കുറവു കാണാറുണ്ടെങ്കിലും 1961നുശേഷം ഒരിക്കലും മത്തിയുടെ ലഭ്യത കേരള തീരത്ത് ഇത്രയും കുറഞ്ഞിട്ടില്ല.

കേരളത്തിൽ ശുദ്ധജല മത്സ്യസമ്പത്തും കുറഞ്ഞുവരുകയാണ്. ശുദ്ധജലമത്സ്യ സംരക്ഷണത്തിനും ഉത്പാദനവർധനയ്ക്കുംവേണ്ടി പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ടെങ്കിലും നമുക്കു സുപരിചിതമായിരുന്ന ചിലയിനം ശുദ്ധജല മത്സ്യങ്ങളെ ഇപ്പോൾ കാണാനേയില്ല. ജലം മലിനമാകുന്നതും തോടുകളും പുഴകളും വറ്റിവരളുന്നതും അശാസ്ത്രീയമായ നിർമാണപ്രവർത്തനങ്ങളുടെ ഫലമായി നീരൊഴുക്കു തടസപ്പെടുന്നതുമൊക്കെ ശുദ്ധജല മത്സ്യങ്ങൾ കുറഞ്ഞുകൊണ്ടിരിക്കാൻ ഇടവരുത്തുന്നു. വെള്ളത്തിൽ വിഷംകലക്കി മീൻ പിടിക്കുന്നതായി ഇപ്പോൾ റിപ്പോർട്ടുകൾ വരുന്നുണ്ട്. ജലം വിഷലിപ്തമാകാനും ചെറുമീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങാനും ഇതിടയാക്കുന്നു. അന്യസംസ്‌ഥാന തൊഴിലാളികളും മീൻപിടിക്കാൻ ഈ ക്രൂരമാർഗം സ്വീകരിക്കുന്നതായി റിപ്പോർട്ടുണ്ട്.

കായൽ ടൂറിസം വികസിച്ചതോടെ യന്ത്രവത്കൃത ഹൗസ് ബോട്ടുകളിൽനിന്നും മറ്റും വെള്ളത്തിലേക്കു കലരുന്ന മാലിന്യം വലിയ പരിസ്‌ഥിതി പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. ഡീസലും മണ്ണെണ്ണയും വെള്ളത്തിൽ പടരാനും ഇതിടയാക്കുന്നു. ഹൗസ് ബോട്ടുകളിൽനിന്നുളള മാലിന്യം നിയന്ത്രിക്കുന്നതിനു സ്‌ഥിരമായ നിരീക്ഷണ സംവിധാനങ്ങളും പരിശോധനകളും ആവശ്യമാണ്.

സമുദ്രത്തിന്റെ അടിത്തട്ടിലെ താപവർധനയും ആഗോള കാലാവസ്‌ഥാ വ്യതിയാനവും അനിയന്ത്രിതമായ മീൻപിടിത്തവും കടലിലെ പ്ലവഗങ്ങളുടെ കുറവുമാണു കടൽ മത്സ്യസമ്പത്തിന്റെ ശോഷണത്തിനു കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തു 2014ൽ 35.9 കോടി ടൺ കടൽമത്സ്യം ലഭിച്ചെങ്കിൽ 2015ൽ 34 കോടി ടണ്ണായി കുറഞ്ഞു. കടൽമത്സ്യ ലഭ്യതയിൽ ഗുജറാത്താണ് ഏറ്റവും മുന്നിൽ. കേരളത്തിനു മൂന്നാം സ്‌ഥാനമാണുള്ളത്.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് എന്നും ആശ്വാസമായിരുന്ന മത്തി, അയില, നത്തോലി, മുള്ളൻ, മണങ്ങ്, പരവ തുടങ്ങിയ ചെറു മത്സ്യങ്ങൾ പന്ത്രണ്ടു നോട്ടിക്കൽ മൈൽ ദൂരം വരെ ധാരാളമായി ലഭിച്ചിരുന്നു. ഇവയുടെ ലഭ്യതയിൽ ഇപ്പോൾ കാര്യമായ കുറവുണ്ടാകാൻ ഒരു പ്രധാന കാരണം, കേരളതീരത്ത് ഇപ്പോഴും അശാസ്ത്രീയമായ പെലാജിക് ട്രോളിംഗ് നടക്കുന്നുവെന്നതാണ്. കടലിൽ ഉപയോഗിക്കാവുന്ന വലകൾക്കു നിയന്ത്രണമില്ല.


ട്രോളിംഗിനെതിരേ വലിയ പ്രക്ഷോഭങ്ങൾ നടന്നിട്ടുള്ള നാടാണു കേരളം. പക്ഷേ ഇപ്പോഴും ട്രോളിംഗ് കാര്യമായി നിയന്ത്രിക്കാൻ കഴിയാത്ത സംസ്‌ഥാനവും കേരളം തന്നെ. കേരളത്തിന്റെ തീരപ്രദേശത്തു തമിഴ്നാടിന്റെ ധാരാളം മത്സ്യബന്ധന ബോട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. നാമമാത്രമായ ലൈസൻസ് ഫീസ് വാങ്ങി ഇവയ്ക്കു മത്സ്യബന്ധനാനുമതി നൽകുമ്പോൾ കേരളത്തിനു നഷ്ടപ്പെടുന്നതു വലിയ മത്സ്യസമ്പത്താണ്.

ചെറുമത്സ്യങ്ങളുടെ പ്രധാന ആഹാരമായ ജൈവവസ്തുക്കൾ കടലിൽ കുറഞ്ഞുവരുന്നതും മത്സ്യസമ്പത്തിന്റെ ശോഷണത്തിനു കാരണമാകുന്നുണ്ട്. മഴക്കുറവു മറ്റൊരു കാരണമാണ്. പ്രകൃതിയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കടലിന്റെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടാക്കുന്നു. കടലിലും മത്സ്യക്കൃഷിക്കുള്ള ചില പദ്ധതികൾ മത്സ്യഗവേഷണ കേന്ദ്രവും മറ്റു ചില ഏജൻസികളും ആരംഭിച്ചിട്ടുണ്ട്. കടലിൽ വലകൊണ്ടു കൂടുണ്ടാക്കി കാളാഞ്ചി, പൂമീൻ, വറ്റ തുടങ്ങിയവ കൃഷി ചെയ്യാനുള്ള പദ്ധതികൾ ചിലയിടങ്ങളിൽ പരീക്ഷണാടിസ്‌ഥാനത്തിൽ തുടങ്ങി. മത്സ്യത്തൊഴിലാളി കൂട്ടായ്മകളെ ഇത്തരം കടൽ മീൻ വളർത്തൽ പദ്ധതികളിലേക്ക് ആകർഷിക്കണം. അല്ലെങ്കിൽ ഇവിടെയും കമ്പനി ഭീമന്മാർ കടന്നുകയറും.

ആഴക്കടൽ മത്സ്യസമ്പത്തു നഷ്ടപ്പെടാതിരിക്കാനെന്ന പേരിൽ ചില പുതിയ നയങ്ങൾ മത്സ്യബന്ധന മേഖലയിൽ അടുത്തകാലത്തു നടപ്പാക്കിയതു വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുമ്പു വിദേശ കപ്പലുകൾക്കു തീരത്തുനിന്നു നൂറു നോട്ടിക്കൽ മൈൽവരെ മത്സ്യബന്ധനാനുവാദം നൽകിയിരുന്നില്ല. മീനാകുമാരി കമ്മീഷൻ റിപ്പോർട്ട് വന്നതോടെ അവർക്കു പത്തു നോട്ടിക്കൽ മൈൽ വരെ കടന്നുവന്നു മീൻ പിടിക്കാമെന്നായി.

ആഴക്കടൽ മത്സ്യബന്ധനത്തിനു പരമ്പരാഗത– ചെറുകിട മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കണമെന്ന മുരാരി കമ്മീഷൻ ശിപാർശയുടെ പ്രസക്‌തി തള്ളിക്കളയാനാവില്ല. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികളുടെ തൊഴിൽ വൈദഗ്ധ്യവും ജീവിത നിലവാരവും ഉയർത്താനുതകുന്ന പല നിർദേശങ്ങൾ മുരാരി റിപ്പോർട്ടിലുണ്ടായിരുന്നു. പരമ്പരാഗത മേഖലയിൽ വലയ്ക്കും വള്ളത്തിനും നിയന്ത്രണം ഏർപ്പെടുത്താൻ ആലോചിക്കുമ്പോൾ അന്യസംസ്‌ഥാനങ്ങളിൽനിന്നുള്ളവരും വിദേശ കപ്പലുകളും നമ്മുടെ തീരക്കടൽ അരിച്ചുപെറുക്കുന്നത് അധികൃതർ കാണുന്നില്ല.

മത്സ്യദൗർലഭ്യം സംബന്ധിച്ചു പുറത്തുവന്നിരിക്കുന്ന ആശങ്കാജനകമായ കണക്കുകൾ ഈ മേഖലയെക്കുറിച്ച് ആഴത്തിൽ പഠിക്കാൻ വഴിയൊരുക്കട്ടെ. മത്സ്യസമ്പത്തിന്റെ ക്ഷയം രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ മാത്രമല്ല, ആരോഗ്യ, തൊഴിൽരംഗങ്ങളെയും സാരമായി ബാധിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.