മഴവെള്ള സംഭരണം ഊർജിതമാക്കാൻ നിർദേശം
മഴവെള്ള സംഭരണം ഊർജിതമാക്കാൻ നിർദേശം
Tuesday, May 3, 2016 12:42 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: കാലവർഷം ഇത്തവണ ശരാശരിയിലും കൂടുതലാകാൻ സാധ്യതയുണ്ടെന്ന പ്രവചനം കണക്കിലെടുത്തു പരമാവധി മഴവെള്ളം സംഭരിക്കാനുള്ള നടപടി സ്വീകരിക്കാൻ ഉന്നതതല യോഗ തീരുമാനം. കാലവർഷം കനക്കുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ–പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമാക്കാനും ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്‌ഥരുടെ യോഗം തീരുമാനിച്ചു.

മഴവെള്ളം ഒഴുകിപ്പോകാതിരിക്കാൻ വീടുകൾ കേന്ദ്രീകരിച്ചു സംഭരണികളും മഴക്കുഴികളും തീർക്കാൻ നടപടി സ്വീകരിക്കും. തടയണ നിർമിക്കാൻ തദ്ദേശ സ്‌ഥാപനങ്ങളുടെ സഹായത്തോടെ നടപടി സ്വീകരിക്കും. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കണം. പകർച്ചവ്യാധി പ്രതിരോധ നടപടികൾക്കായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങാനും നിർദേശം നൽകി. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാംപുകൾ നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ പൂർത്തിയാക്കണം.

ഈ വർഷം മഴ ശരാശരിയുടെ 106 ശതമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ ഡോ. സന്തോഷ് അറിയിച്ചു. മൺസൂൺ സംബന്ധിച്ച് 15നുശേഷം കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ഉണ്ടാകും. ഇതിനിടെ സംസ്‌ഥാനത്ത് അങ്ങിങ്ങ് ഒറ്റപ്പെട്ട കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


മൺസൂണിനു മുന്നോടിയായി സംസ്‌ഥാനങ്ങൾ നടത്തേണ്ട ഒരുക്കങ്ങൾ സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറിയുടെ കത്തും സംസ്‌ഥാന സർക്കാരിനു ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണു മുൻവർഷങ്ങളിലെപ്പോലെ ഇക്കുറിയും സംസ്‌ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ ആഭിമുഖ്യത്തിൽ യോഗം ചേർന്നത്.

റവന്യൂ സെക്രട്ടറി ബിശ്വാസ് മേത്ത, ദുരന്തനിവാരണ അഥോറിറ്റി മേധാവി ശേഖർ കുര്യാക്കോസ്, കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം, പോലീസ്, അഗ്നിശമന സേന, തീരസംരക്ഷണ സേന, തീരദേശ പോലീസ്, കരസേന, ജിയോളജി, കൃഷി, പൊതുമരാമത്ത്, പഞ്ചായത്ത്, ആരോഗ്യം, സിവിൽ സപ്ലൈസ്, വൈദ്യുതി ബോർഡ്, നഗരകാര്യം തുടങ്ങിയ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്‌ഥരും യോഗത്തിൽ പങ്കെ ടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.