സി. കോയക്കുട്ടി മുസലിയാർ അന്തരിച്ചു
സി. കോയക്കുട്ടി  മുസലിയാർ അന്തരിച്ചു
Tuesday, May 3, 2016 12:46 PM IST
ആനക്കര: പ്രമുഖ ഇസ്ലാം മതപണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റുമായ ആനക്കര സി. കോയക്കുട്ടി മുസലിയാർ അന്തരിച്ചു.ചോലയിൽ ഹസൈനാറിന്റെയും കുന്നത്തേതിൽ ആഇശത്ത് ഫാത്വിമയുടെയും മകനാണ്. 81 വയസായിരുന്നു. ഇന്നലെ രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം.

സമസ്തകേരള ഇസ്ലാം മതവിദ്യാഭ്യാസ ബോർഡ് എക്സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാ ബോർഡ്, ജാമിഅ നൂരിയ പരീക്ഷാബോർഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

പട്ടിക്കാട് ജാമിഅ നൂരിയ്യ, വളാഞ്ചേരി മർകസുത്തർബിയത്തുൽ ഇസ്ലാമിയ്യ, വളവന്നൂർ ബാഫഖി യതീംഖാന, താനൂർ ഇസ്ലാഹുൽ ഉലൂം, ദാറുൽ ഹിദായ എടപ്പാൾ തുടങ്ങി നിരവധി സ്‌ഥാപനങ്ങളുടെ സാരഥിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു. 1988 മുതൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ മുശാവറ അംഗമായ കോയക്കുട്ടി മുസലിയാർ 2001 മുതൽ വൈസ് പ്രസിഡന്റായും 2012 മുതൽ കാളമ്പാടി മുഹമ്മദ് മുസലിയാരുടെ കാലശേഷം പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.


ചാപ്പനങ്ങാടി ബാപ്പു മുസലിയാർ, കക്കടിപ്പുറം അബൂബക്കർ മുസ്ലിയാർ, ശൈഖുൽ ഖാദിരി ഞങ്ങാടി അബൂബക്കർ ഹാജി എന്നീ സൂഫിവര്യന്മാരുടെ ആത്മീയ പരമ്പരയിൽ കണ്ണിചേർന്ന ഉസ്താദ് നിരവധി സ്‌ഥലങ്ങളിൽ ആത്മീയ സദസുകൾക്ക് നേതൃത്വം നൽകിവരികയായിരുന്നു.

കാട്ടിപരുത്തി കുഞ്ഞയിദ്രു മുസലിയാരുടെ മകൾ കെ.കെ ഫാത്വിമയാണ് ഭാര്യ. മക്കൾ: മുഹമ്മദ്നൂർ ഫൈസി ആനക്കര(യു.എ.ഇ), അബ്ദുനാസർ ഫൈസി ആനക്കര, ആബിദുൽ ഹകീം ഫൈസി, അബ്ദുസലാം ഫൈസി, അബ്ദുൽസമദ്, ഹാജറ, സഫിയ്യ. മരുമക്കൾ: കുട്ടിരായിൻ ഫൈസി കാവനൂർ , ഉമർ ഫൈസി കാവനൂർ, സുലൈഖ കാടഞ്ചേരി, ബുശ്റ കാട്ടിപരുത്തി, ഉമ്മുആഇശ കാരക്കാട്,ഫാത്വിമ കുറ്റിപ്പാല, മുബൾിറത്ത് ചേകന്നൂർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.