സൂര്യാതപ ഭീഷണിയിൽ ട്രാഫിക് ഉദ്യോഗസ്‌ഥർ
Tuesday, May 3, 2016 12:46 PM IST
<ആ>വി.എസ്. രതീഷ്

ആലപ്പുഴ: അതിരൂക്ഷമായ വേനൽ ചൂടിൽ ഉരുകി ജോലി ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണ് ട്രാഫിക് ഉദ്യോഗസ്‌ഥർ. താപനില വർധിച്ചതിന്റെ അടിസ്‌ഥാനത്തിൽ സംസ്‌ഥാനത്ത് രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞു മൂന്നുവരെ പുറം ജോലികളിലേർപ്പെടുന്നത് തൊഴിൽ കമ്മീഷണർ വിലക്കിയിട്ടുണ്ടെങ്കിലും ട്രാഫിക് ജോലി നോക്കുന്ന ഉദ്യോഗസ്‌ഥർക്ക് ഇത് ബാധകമാക്കാൻ കഴിയുന്നില്ല. സാധാരണ നഗരങ്ങളിൽ ഒരു സമയം മുപ്പതോളം ഉദ്യോഗസ്‌ഥരും തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് തുടങ്ങിയ വൻ നഗരങ്ങളിൽ 100 ൽ അധികവും ഉദ്യോഗസ്‌ഥരാണ് ഒരേസമയം ഗതാഗത നിയന്ത്രണത്തിനായി റോഡുകളിൽ ജോലി നോക്കുന്നത്.

ട്രാഫിക് അംബ്രല്ലകൾ പലയിടങ്ങളിലുമില്ലാത്തതിനാൽ പൊള്ളുന്ന വെയിലിൽ തിളച്ച റോഡിൽ ഗതാഗതം നിയന്ത്രിക്കേണ്ട അവസ്‌ഥയിലാണ് സംസ്‌ഥാനത്തെ ആയിരക്കണക്കിനു വരുന്ന പോലീസ് ഉദ്യോഗസ്‌ഥരും ഹോംഗാർഡുകളും ട്രാഫിക് വാർഡന്മാരും. 12 മണിക്കൂർ നീളുന്ന ഡ്യൂട്ടിക്കിടയിൽ മൂന്നുമണിക്കൂർ വീതമുള്ള രണ്ടു ഷിഫ്റ്റുകളിലായാണ് ഉദ്യോഗസ്‌ഥർ ജോലി ചെയ്യുന്നത്. രാവിലെ എട്ടിന് തുടങ്ങുന്ന ഡ്യൂട്ടി രാത്രി എട്ടിനാണ് അവസാനിക്കുന്നത്. ഇതിനിടയിൽ 11 മണിമുതൽ രണ്ടുവരെയും രണ്ടുമുതൽ അഞ്ചുവരെയുമുള്ള ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരെയാണ് പകൽ താപനില രൂക്ഷമായി ബാധിക്കുന്നത്. കഴിഞ്ഞദിവസം തൃശൂർ നഗരത്തിൽ ട്രാഫിക് ഡ്യൂട്ടി ചെയ്യുകയായിരുന്ന പോലീസ് ഉദ്യോഗസ്‌ഥന് സൂര്യാതപമേറ്റിരുന്നു. തൃശൂർ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിപിഒ ആയ ഷിഹാബിനാണ് എംജി റോഡിലെ റെയിൽവേ മേൽപ്പാലത്തിന് സമീപം സൂര്യാതപമേറ്റവ ത്.


പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ എസ്. വിദ്യാധരനും, സീനിയർ സിവിൽ പോലീസ് ഓഫീസർ അശോക് കുമാറിനും സൂര്യാതപമേറ്റിരുന്നു. വേനൽ കനക്കുന്ന വേളയിൽ സംസ്‌ഥാന പോലീസ് മേധാവി ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന ഉദ്യോഗസ്‌ഥർക്ക് നാരങ്ങാ വെള്ളം നല്കണമെന്ന സർക്കുലർ ഇറക്കിയിരുന്നു. ഡ്യൂട്ടിയ്ക്കിടയിൽ ഒരു ദിവസം രണ്ടുതവണയാണ് ഇത്തരത്തിൽ നാരങ്ങാവെള്ളം ഉദ്യോഗസ്‌ഥർക്ക് നല്കിവരുന്നത്. എന്നാൽ ഇതൊന്നും കനത്ത ചൂടിനെ പ്രതിരോധിക്കുന്നതിനു ഇവർക്ക് സഹായകരമാകുന്നില്ല. മൂന്നു മണിക്കൂർ നീളുന്ന ഡ്യൂട്ടി സമയത്തിൽ കുറവു വരുത്തിയില്ലായെങ്കിൽ ട്രാഫിക് ഡ്യൂട്ടി നോക്കുന്ന നിരവധി ഉദ്യോഗസ്‌ഥർ സൂര്യാതപ ഭീഷണിയിലാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.