അട്ടിമറികൾക്കു കാതോർത്ത് കൊല്ലം
അട്ടിമറികൾക്കു കാതോർത്ത് കൊല്ലം
Tuesday, May 3, 2016 1:06 PM IST
<ആ>എസ്.ആർ.സുധീർ കുമാർ

കൊല്ലം: അറബിക്കടലും അഷ്ടമുടിക്കായലും തഴുകിത്തലോടിയും കിഴക്കൻ മലയോരമേഖലയുടെ ചൂടുമേറ്റുള്ള ജില്ലയുടെ അങ്കത്തട്ടിൽ രാഷ്ട്രീയചിത്രം ഏറെ വിചിത്രം. ആർഎസ്പി യുഡിഎഫിൽ മെമ്പർഷിപ്പ് എടുത്തതിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്. ഈ കുടുംബത്തിലെ നവജാത ശിശുവായ ആർഎസ്പി– ലെനിനിസ്റ്റ് എൽഡിഎഫിനൊപ്പം. യുഡിഎഫിൽ ഘടകകക്ഷികളായ കോൺഗ്രസും ആർഎസ്പിയും മുസ്ലിംലീഗും മാത്രം മത്സരിക്കുമ്പോൾ ഇടതുമുന്നണിയിൽ സിപിഎമ്മിനും സിപിഐക്കും പുറമേ വെയിറ്റിംഗ് ലിസ്റ്റിലാണെങ്കിലും സഹകരിച്ച് മുന്നേറുന്ന കേരള കോൺഗ്രസ്–ബിക്കും സിഎംപിക്കും ആർഎസ്പി– ലെനിനിസ്റ്റിനും അക്കോമഡേഷൻ.

മത്സര രംഗത്തെ മാന്ത്രികതകൾ അവസാനിക്കുന്നില്ല. കഴിഞ്ഞതവണ പത്തനാപുരത്ത് യുഡിഎഫ് സ്‌ഥാനാർഥി ആയിരുന്നയാൾ ഇപ്പോൾ അവിടെ എൽഡിഎഫ് ലേബലിൽ മത്സരിക്കുന്നു.

ഇരവിപുരത്തും ഇതുപോലൊരു മാജിക്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുസ്‌ഥാനാർഥിയായി ജയിച്ചയാൾ ഇത്തവണ യുഡിഎഫ് പ്രതിനിധിയായി വോട്ടുചോദിക്കുന്നു. ചവറയിലെ എൽഡിഎഫ് സ്‌ഥാനാർഥിക്ക് ഒറ്റദിവസം കൊണ്ടാണ് മത്സരത്തിനുള്ള മാന്ത്രികവടി സിഎംപി സമ്മാനിച്ചത്. സസ്പെൻസ് ത്രില്ലർ ചലച്ചിത്രം കാണുന്ന അനുഭവമാണ് അങ്കത്തട്ടിലേത്. അട്ടിമറികൾ സംഭവിച്ചാലും അത്ഭുതത്തിന് വകയില്ല.
<ആ>ആർഎസ്പിക്ക് അഗ്നിപരീക്ഷ

തെരഞ്ഞെടുപ്പ് ആർഎസ്പിയെ സംബന്ധിച്ചടത്തോളം നിലനിൽപ്പിന്റെ പ്രശ്നം കൂടിയാണ്. സിറ്റിംഗ് സീറ്റുകളായ ഇരവിപുരം, ചവറ, കുന്നത്തൂർ എന്നിവിടങ്ങളിൽ തന്നെയാണ് അവർ മത്സരിക്കുന്നത്.

ആർഎസ്പി സംസ്‌ഥാന സെക്രട്ടറി എ.എ.അസീസ് മത്സരിക്കുന്ന ഇരവിപുരത്ത് ഇക്കുറി കടുത്ത പോരാട്ടമാണ്. നാലാമൂഴത്തിൽ അസീസിന് സിപിഎമ്മിലെ എം.നൗഷാദ് കടുത്ത വെല്ലിവിളിയാണ് ഉയർത്തുന്നത്.

ഈ തെരഞ്ഞെടുപ്പിൽ ആർഎസ്പിക്ക് ജില്ലയിൽ പ്രതിനിധികൾ ഉണ്ടാകില്ലെന്ന് പിണറായി വിജയൻ അടക്കമുള്ള സിപിഎം നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ചുട്ടമറുപടി കൊടുക്കാൻ തന്നെയാണ് ഇവിടെ സിപിഎം ശ്രമം. ബിഡിജെഎസിലെ ആക്കാവിള സതീക്ക് പ്രചാരണ രംഗത്ത് ഇരുമുന്നണികൾക്കും ഒപ്പമുണ്ട്. ആർഎസ്പിയുടെ തറവാടായ ചവറയിലും ഇക്കുറി ഈസി വാക്കോവറിനുള്ള സാധ്യതയില്ല. ഷിബുബേബിജോണും എൽഡിഎഫിലെ എൻ.വിജയൻപിള്ളയും തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഫലം പ്രവചനാതീതമാണ്. ഷിബുവിന് ഇത് നാലാമൂഴമാണ്. ഷിബുവിന്റെയും എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പലതവണ വിജയൻപിള്ള ചുക്കാൻ പിടിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ എൽഡിഎഫ് ഇവിടെ ആത്മ വിശ്വാസത്തിലാണ്. ബിജെപി ദക്ഷിണമേഖലാ സെക്രട്ടറിയായ എം.സുനിലും പ്രചാരണത്തിൽ സജീവമാണ്.

കുന്നത്തൂരിൽ ആർഎസ്പിക്കാർ തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ്. ഇടതുമുന്നണിയിലെ ആർഎസ്പി–ലെനിനിസ്റ്റ് സ്‌ഥാനാർഥി കോവൂർ കുഞ്ഞുമോനെ നാലാമൂഴത്തിൽ തളയ്ക്കാൻ ആർഎസ്പി രംഗത്തിറക്കിയിട്ടുള്ളത് അദ്ദേഹത്തിന്റെ അടുത്തബന്ധുവായ ഉല്ലാസ് കോവൂരിനെയാണ്.

കോവൂർ കുഞ്ഞുമോനെ സംബന്ധിച്ചിടത്തോളം സീറ്റ് നിലനിർത്തേണ്ടത് അഭിമാനപ്രശ്നമാണ്. രാഷ്ട്രീയ വഞ്ചന കാണിച്ച കുഞ്ഞുമോനെ മുട്ടുകുത്തിക്കേണ്ടത് ആർഎസ്പിക്കും അനിവാര്യമാണ്. പ്രചാരണ രംഗത്ത് കുഞ്ഞുമോനാണ് മുന്നിട്ടു നിന്നതെങ്കിലും ഇപ്പോൾ ഉല്ലാസ് കോവൂരും ഒപ്പമെത്തിക്കഴിഞ്ഞു. എൻഡിഎ സ്‌ഥാനാർഥിയായ ഹിന്ദു ഐക്യവേദി സംസ്‌ഥാന വൈസ്പ്രസിഡന്റ് തഴവ സഹദേവനും പ്രചാരണത്തിൽ ഒട്ടും പിന്നിലല്ല.



<ആ>താരങ്ങൾ മത്സരിക്കുമ്പോൾ

വെള്ളിത്തിരയിലെ താരങ്ങൾ മത്സരിക്കുന്ന പത്തനാപുരത്ത് ത്രികോണ പോരാട്ടത്തിന്റെ പ്രതീതിയാണ്. എൽഡിഎഫിലെ കെ.ബി.ഗണേഷ്കുമാറിനെതിരേ യുഡിഎഫിലെ ജഗദീഷ് ശക്‌തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ബിജെപിയിലെ ഭീമൻ രഘുവും പ്രചാരണത്തിൽ ഇവർക്കൊപ്പമുണ്ട്.

രാഷ്ട്രീയത്തിന് അപ്പുറമുള്ള വിഷയങ്ങളടക്കം ഇവിടെ ചർച്ചചെയ്യപ്പെടുന്നുണ്ട്. യുഡിഎഫിലെ ജഗദീഷ് മണ്ഡലത്തിൽ പ്രചാരണത്തിലെ വൈവിധ്യങ്ങൾ കൊണ്ട് ശക്‌തമായ ചലനങ്ങൾ സൃഷ്ടിച്ചു കഴിഞ്ഞു. തെരഞ്ഞെടുപ്പിന്റെ അവസാന സീൻ വരെ കാത്തിരുന്നാലേ പത്തനാപുരത്തിന്റെ ജനനായകൻ ആരെന്ന് അറിയാനാവൂ.

സിപിഎം സംസ്‌ഥാന സെന്ററിന്റെ ബാനറിൽ കൊല്ലത്ത് എൽഡിഎഫ് സ്‌ഥാനാർഥിയായി മത്സരിക്കുന്ന നടൻ മുകേഷ് പ്രചാരണ രംഗത്ത് മുന്നിലാണ്. ഈ മുൻതൂക്കം മറികടക്കാനുള്ള ശ്രമം ഡിസിസി വൈസ്പ്രസിഡന്റ് കൂടിയായ യുഡിഎഫ് സ്‌ഥാനാർഥി സൂരജ് രവിയും ആരംഭിച്ച് കഴിഞ്ഞു. സ്‌ഥാനാർഥി നിർണയ വേളയിലുണ്ടായ മുറുമുറുപ്പുകൾ എല്ലാം മാറ്റിവച്ച് സിപിഎം പ്രവർത്തകർ കൈയും മെയ്യും മറന്നുള്ള പ്രചാരണമാണ് താരത്തിന്റെ വിജയത്തിന് വേണ്ടി കാഴ്ചവയ്ക്കുന്നത്. നീറി പുകഞ്ഞുനിൽക്കുന്ന സിപിഎം വിഭാഗീയതയുടെ ഭാഗമായി ശക്‌തമായ അടിയൊഴുക്കുകൾ ഉണ്ടാകുമെന്നും അത് തങ്ങൾക്ക് അനുകൂലമാകുമെന്നുമാണ് യുഡിഎഫ് കരുതുന്നത്.എൻഡിഎയിലെ പ്രഫ.കെ.ശശികുമാറും കരുത്ത് തെളിയിക്കാൻ കിണഞ്ഞ് പരിശ്രമിക്കുകയാണ്. മണ്ഡലത്തിൽ ബിഡിജെഎസിന്റെ സ്വാധീനം ഗുണം ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹത്തിനുണ്ട്.


ചലച്ചിത്രതാരവും സംസ്‌ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനും കോൺഗ്രസ് വക്‌താവുമായ രാജ്മോഹൻ ഉണ്ണിത്താൻ മത്സരിക്കുന്ന കുണ്ടറയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. അഞ്ചാമൂഴത്തിൽ സിപിഎമ്മിലെ ജെ.മേഴ്സിക്കുട്ടിയമ്മയ്ക്കെതിരേ അട്ടിമറി വിജയമാണ് ഇവിടെ കോൺഗ്രസും യുഡിഎഫും പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ പോരാട്ടത്തിൽ മണ്ഡലത്തിലെ വികസന പ്രശ്നങ്ങൾ തന്നെ പ്രധാന ചർച്ചാവിഷയം. വാക്പോരിൽ ഉണ്ണിത്താൻ തന്നെ മുഖ്യൻ. ബിജെപിയിലെ എം.എസ്.ശ്യാംകുമാർ അഴിമതിയും അക്രമരാഷ്ട്രീയവും ഉയർത്തിക്കാട്ടിയാണ് വോട്ടുചോദിക്കുന്നത്.

<ആ>ഇറക്കുമതിക്കാർ വാഴുമോ

ചടയമംഗലത്തും പുനലൂരും ഇക്കുറി വരുത്തർക്ക് ചലനം സൃഷ്ടിക്കാൻ കഴിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. ഇടതിന്റെ ഉരുക്കുകോട്ടയായ ചടയമംഗലത്ത് കോൺഗ്രസ് ഇറക്കുമതി ചെയ്തിരിക്കുന്നത് കരുത്തനായ എം.എ.ഹസനെയാണ്.

നാലാമൂഴത്തിൽ ജനവിധി തേടുന്ന സിപിഐയിലെ മുല്ലക്കര രത്നാകരന് ഹസൻ ഒരു വെല്ലുവിളിയേ അല്ലെന്നാണ് എൽഡിഎഫ് നേതാക്കൾ പറയുന്നത്. ഇരുവരും മുൻമന്ത്രിമാരാണെങ്കിലും ഹസന് ഏഴാമങ്കമാണ്. പ്രചാരണത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം. ബിജെപി ദേശീയ സമിതി അംഗമായ കെ.ശിവദാസനും മത്സരം കൊഴുപ്പിച്ച് പ്രചാരണത്തിൽ സജീവമാണ്.

ഇരവിപുരത്തെ ഇല്ലത്തുനിന്ന് മുസ്ലിംലീഗിലെ ഡോ.എ.യൂനുസ്കുഞ്ഞിന് ഇത്തവണ സ്‌ഥലംമാറ്റം ലഭിച്ചത് തൂക്കുപാലത്തിന്റെ നാട്ടിലേക്കാണ്. പുനലൂരിലെ സിറ്റിംഗ് എംഎൽഎ സിപിഐയിലെ അഡ്വ.കെ.രാജു പ്രചാരണത്തിൽ ഏറെ മുന്നേറിയ ശേഷമാണ് യൂനുസ്കുഞ്ഞ് സജീവമായത്.സിറ്റിംഗ് സീറ്റ് ലീഗിന് നൽകിയതിൽ കോൺഗ്രസിൽ ഇപ്പോഴും ശക്‌തമായ അമർഷമുണ്ട്. അതുകൊണ്ടുതന്നെ ഇടതുമുന്നണി ഇവിടെ അനായാസ വിജയമാണ് പ്രതീക്ഷിക്കുന്നത്. കേരള കോൺഗ്രസ്–പി.സി തോമസ് വിഭാഗത്തിലെ അഡ്വ.സിസിൽ ഫെർണാണ്ടസാണ് എൻഡിഎ സ്‌ഥാനാർഥി. പ്രചാരണത്തിൽ അദ്ദേഹവും ഒട്ടും പുറകിലല്ല.

<ആ>ശക്‌തമായ രാഷ്ട്രീയപോരാട്ടം

അതിശക്‌തമായ രാഷ്ട്രീയപോരാട്ടമാണ് കരുനാഗപ്പള്ളി, കൊട്ടാരക്കര, ചാത്തന്നൂർ എന്നിവിടങ്ങളിൽ അരങ്ങേറുന്നത്. മണ്ഡലം തിരിച്ചുപിടിക്കാൻ കരുനാഗപ്പള്ളിയിൽ യുഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്‌ഥാന വൈസ്പ്രസിഡന്റ് സി.ആർ.മഹേഷിനെയാണ്. സിപിഐ ജില്ലാ സെക്രട്ടറി ആർ.രാമചന്ദ്രനാണ് എൽഡിഎഫ് സ്‌ഥാനാർഥി. നാട്ടുകാരായ ഇരുവരുടെയും കന്നിമത്സരം. ബലാബല പോരാട്ടമാണെങ്കിലും പ്രചാരണ രംഗത്ത് മഹേഷിന് നേരിയ മുൻതൂക്കമുണ്ട്. അത് അവസാനഘട്ടം വരെ നിലനിർത്താനുള്ള ചിട്ടയായ പ്രവർത്തനങ്ങളാണ് യുഡിഎഫ് കാഴ്ചവയ്ക്കുന്നത്.

ബിഡിജെഎസിനെ പ്രതിനിധീകരിച്ച് ഓച്ചിറ പരബ്രഹ്മക്ഷേത്ര ഭരണസമിതി സെക്രട്ടറി വി.സദാശിവനാണ് എൻഡിഎ സ്‌ഥാനാർഥി. അദ്ദേഹം സമാഹരിക്കുന്ന വോട്ടുകൾ ഇരുമുന്നണികളെ സംബന്ധിച്ചും നിർണായകമാണ്. ചാത്തന്നൂരിൽ സിപിഐയിലെ ജി.എസ്.ജയലാലിന് രണ്ടാമൂഴമാണ്. മണ്ഡലം തിരിച്ചുപിടിക്കാൻ വാശിയേറിയ പ്രചാരണമാണ് യുഡിഎഫിലെ കെപിസിസി ജനറൽ സെക്രട്ടറി കൂടിയായ ഡോ.ശൂരനാട് രാജശേഖരൻ കാഴ്ചവയ്ക്കുന്നത്. ബാഹ്യ പ്രചാരണങ്ങളിൽ യുഡിഎഫിനാണ് മുൻതൂക്കം. അടിയൊഴുക്കുകൾ ഉണ്ടായ ചരിത്രവും ചാത്തന്നൂരിനുണ്ട്. ബിജെപിയിലെ ബി.ബി.ഗോപകുമാറും പ്രചാരണത്തിൽ ഇവർക്കൊപ്പമാണ്. അദ്ദേഹത്തിന്റെ അക്കൗണ്ടിൽ വീഴുന്ന വോട്ടുകൾ ഇടത്–വലത് മുന്നണി സ്‌ഥാനാർഥികളുടെ ജയപരാജയത്തെ സ്വാധീനിച്ചേക്കാം.

ആർ.ബാലകൃഷ്ണപിള്ളയുടെ പാർട്ടി കൂടി ഒപ്പമുള്ളപ്പോൾ കൊട്ടാരക്കരയിൽ എൽഡിഎഫിലെ അഡ്വ.പി.ഐഷാപോറ്റിയുടെ ഭൂരിപക്ഷം വർധിക്കുമെന്ന പ്രതീക്ഷയാണ് ഇടത് നേതാക്കൾക്കുള്ളത്.

മൂന്നാമൂഴത്തിൽ ഇവരെ തളച്ചിടാൻ കോൺഗ്രസ് അവസരം നൽകിയിരിക്കുന്നത് യൂത്ത്കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി അഡ്വ.സവിൻ സത്യനാണ്. പ്രചാരണത്തിൽ ഈ യുവനേതാവ് ഏറെ മുന്നേറിക്കഴിഞ്ഞെങ്കിലും അട്ടിമറി നടക്കുമോ എന്ന് കണ്ടറിയണം. ഹൈസ്കൂൾ അധ്യാപിക രാജേശ്വരി രാജേന്ദ്രനാണ് ബിജെപി സ്‌ഥാനാർഥി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.