കസ്തൂരിരംഗൻ റിപ്പോർട്ട്: ജൈവവൈവിധ്യ ബോർഡ് റിപ്പോർട്ടിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നു ഹർജി
കസ്തൂരിരംഗൻ റിപ്പോർട്ട്: ജൈവവൈവിധ്യ ബോർഡ് റിപ്പോർട്ടിലെ ക്രമക്കേട് സിബിഐ അന്വേഷിക്കണമെന്നു ഹർജി
Tuesday, May 3, 2016 1:06 PM IST
കൊച്ചി: കസ്തൂരിരംഗൻ റിപ്പോർട്ട് മറികടക്കാൻ ജൈവവൈവിധ്യ ബോർഡ് വ്യാജരേഖകളുടെ അടിസ്‌ഥാനത്തിൽ ഇല്ലാത്ത സർവേയുടെ പേരിൽ കെട്ടിച്ചമച്ച ശിപാർശ റിപ്പോർട്ടാണ് സംസ്‌ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ചതെന്ന് ആരോപിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും മൂവാറ്റുപുഴ രണ്ടാർ സ്വദേശി ലാൽ കുര്യൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ശിപാർശ റിപ്പോർട്ട് റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

2012ലെ കസ്തൂരിരംഗൻ റിപ്പോർട്ടനുസരിച്ച് കേരളത്തിലെ 123 വില്ലേജുകൾ പരിസ്‌ഥിതി പ്രാധാന്യമുള്ള മേഖലകളാണെന്നു വ്യക്‌തമാണ്. ഈ പ്രദേശങ്ങളിൽ കാർഷിക പ്രവർത്തനങ്ങൾക്ക് അനുമതിയുണ്ടെങ്കിലും വികസന പ്രവർത്തനങ്ങൾ പാടില്ലെന്നു വ്യവസ്‌ഥയുണ്ട്. തോട്ടമുടമകളുടെയും കൈയേറ്റക്കാരുടെയും കൈവശമുള്ള വനഭൂമിയുൾപ്പെടെയുള്ള ഈ മേഖലയെ കസ്തൂരിരംഗൻ റിപ്പോർട്ടിൽനിന്ന് രക്ഷിച്ചെടുക്കാനാണു സംസ്‌ഥാന സർക്കാരിനു കീഴിലുള്ള ജൈവവൈവിധ്യ ബോർഡ് 2015 ജൂലൈയിൽ മറ്റൊരു ശിപാർശ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് സമർപ്പിച്ചതെന്നാണ് ഹർജിയിൽ പറയുന്നത്. വനഭൂമി മാത്രമാണ് സംരക്ഷിക്കപ്പെടേണ്ട ഭൂമിയുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. വനം കൈയേറ്റക്കാരുടെയും മറ്റും കൈവശമുള്ള 3,200 ചതുരശ്ര കിലോമീറ്റർ ഭൂമി ഒഴിവാക്കിയെന്നും ഈ നടപടിയെ വനം വകുപ്പ് എതിർത്തെങ്കിലും ഇതു മറികടന്നാണ് ശിപാർശ കേന്ദ്രത്തിനു നൽകിയതെന്നും ഹർജിയിൽ പറയുന്നു. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഉമ്മൻ വി. ഉമ്മൻ, മെംബർ സെക്രട്ടറി ഡോ. കെ.പി. ലാലാദാസ് എന്നിവരുടെ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നും ഹർജിയിൽ പറയുന്നു.


പശ്ചിമഘട്ട മേഖലയിലെ കൈയേറ്റങ്ങൾ കൊടും വരൾച്ചയ്ക്കും ജലക്ഷാമത്തിനും അതുവഴി കൃഷിനാശത്തിനും കാരണമാകും. വനഭൂമി സ്വകാര്യഭൂമിയാക്കി മാറ്റി പിന്നീട് ഖനനത്തിനും റിസോർട്ട് നിർമാണത്തിനും വിട്ടുകൊടുക്കാനുള്ള നീക്കമാണ് സർക്കാരും ജൈവവൈവിധ്യ ബോർഡും നടത്തുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.