ഹയർസെക്കൻഡറിയിൽ വിജയം 83 ശതമാനത്തിൽ താഴെ
Wednesday, May 4, 2016 12:25 PM IST
<ആ>തോമസ് വർഗീസ്

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷയിൽ ഈ വർഷം 83 ശതമാനത്തോളം വിദ്യാർഥികൾ ഉപരി പഠനത്തിന് അർഹരാകും. വിജയശതമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ ഒരു ശതമാനത്തോളം കുറവാണ് ഇക്കുറി ഉണ്ടാവുക. കഴിഞ്ഞ വർഷം 83.56 ശതമാനം വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹരായത്.

കഴിഞ്ഞ വർഷം നല്കിയ അത്രയും മോഡറേഷൻ ഈ വർഷവും നല്കും. ഈ മാസം ഒൻപതിന് ഫലപ്രഖ്യാപനം നടത്താനാണ് ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ നീക്കം. എന്നാൽ വിദ്യാർഥികളുടെ മാർക്ക് ക്രോഡീകരിക്കുന്നത് ഉൾപ്പെടെയുള്ള ജോലികൾ നിർവഹിക്കുന്ന എൻഐസിയിൽ നിന്നു ഫലപ്രഖ്യാപനം സംബന്ധിച്ചുള്ള അന്തിമ തീരുമാനം വന്നാൽ മാത്രമേ ഒമ്പതിനു ഫലപ്രഖ്യാപനം നടത്താൻ സാധിക്കുമോ എന്നറിയാൻ കഴിയൂ. ഈ മാസം പത്തിനുള്ളിൽ ഫലപ്രഖ്യാപനം നടത്താൻ കഴിയുമെന്നു ഹയർ സെക്കൻഡറി ഡയറക്ടറേറ്റും വ്യക്‌തമാക്കി.

ഹയർ സെക്കൻഡറി ഫലപ്രഖ്യാപനത്തോടൊപ്പം വൊക്കേഷണൽ ഹയർ സെക്കൻഡറി ഫലപ്രഖ്യാപനവും നടത്തും. ഈ വിഭാഗത്തിൽ വൊക്കേഷണൽ വിഷയങ്ങൾക്ക് മോഡറേഷൻ നല്കുകയില്ല. നോൺ വൊക്കേഷണൽ വിഷയങ്ങൾക്ക് ഹയർ സെക്കൻഡറിക്കു നല്കുന്നതിന് ആനുപാതികമായി മോഡറേഷൻ നല്കാനും തീരുമാനിച്ചിട്ടുണ്ട്. ഹയർ സെക്കൻഡറി പരീക്ഷയിൽ ചോദ്യങ്ങൾ അല്പം ബുദ്ധിമുട്ടായെന്ന അഭിപ്രായം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പരീക്ഷാ ബോർഡ് കഴിഞ്ഞദിവസം ചേർന്നപ്പോൾ മോഡറേഷൻ നല്കാൻ തീരുമാനിച്ചത്.


ഫലപ്രഖ്യാപനത്തിനു മുന്നോടിയായുള്ള റിസൽട്ട് പ്രോസസിംഗ് ആണ് ഇപ്പോൾ നടക്കുന്നത്. ഇതു രണ്ടു ദിവസത്തിനുള്ളിൽ പൂർത്തിയാകും.

കലാ, കായിക മത്സരങ്ങളിൽ ദേശീയ സംസ്‌ഥാന തലങ്ങളിൽ വിജയിച്ച വിദ്യാർഥികളുടേത് ഉൾപ്പെടെയുള്ള ഗ്രേസ് മാർക്കുകൾ കൂട്ടിച്ചേർക്കുന്ന ജോലിയാണു പൂർത്തിയായി വരുന്നത്. സംസ്‌ഥാനത്ത് 4,60,743 വിദ്യാർഥികളാണ് ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. ഇതിൽ 2,34,397 ആൺകുട്ടികളും 2,26,346 പെൺകുട്ടികളുമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.