പരിഷ്കരിച്ച വിഎച്ച്എസ്ഇ സിലബസിന് അംഗീകാരം
Wednesday, May 4, 2016 12:25 PM IST
തിരുവനന്തപുരം: വിഎച്ച്എസ്ഇയുടെ രണ്ടാം വർഷത്തെ പരിഷ്കരിച്ച സിലബസിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരം. 9, 10 ക്ലാസുകളിലെ അധ്യാപകരുടെ പഠനസഹായി പുസ്തകത്തിനും അംഗീകാരം നല്കി. ഐടി അറ്റ് സ്കൂൾ തയാറാക്കിയ 9,10 ക്ലാസുകളിലേയ്ക്കുള്ള ഐടി പുസ്തകത്തിനും അംഗീകാരം നല്കി.

ഡിഎഡ് കോഴ്സിന്റെ പാഠ്യപദ്ധതിയിലെ ഭേദഗതികൾ അടുത്ത കരിക്കുലം കമ്മിറ്റി പരിഗണിക്കും. വിദ്യാർഥികളെ റോഡ് സുരക്ഷയെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് എസ്സിഇആർടി തയാറാക്കിയ കൈപ്പുസ്തകത്തിന് അംഗീകാരം നല്കി.

ഹയർ സെക്കൻഡറിയിലെ കംപ്യൂട്ടർ അധ്യാപകരായി നിയമിക്കുന്നതിന് എംഎസ്സി കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനിയറിംഗ് ആൻഡ് നെറ്റ് വർക്ക് ടെക്നോളജി എന്നി കോഴ്സുകൾ പാസായവരെ പരിഗണിക്കാനും കരിക്കുലം കമ്മിറ്റി അനുമതി നല്കി.


ഹയർ എഡ്യുക്കേഷൻ സെക്രട്ടറി വി.എസ്. സെന്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ കെ. മോഹൻകുമാർ, എസ്സിഇആർടി ഡയറക്ടർ പി.ആർ. ഫാത്തിമ, അധ്യാപക സംഘടനാ പ്രതിനിധികളായ കെ.പി. ഹരികൃഷ്ണൻ, ജയിംസ് കുര്യൻ, ഷാജു പുത്തൂർ, എം. മുഹമ്മദ്, കെ.എം. അബ്ദുൾ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.